'അവളെന്നോടൊരു മോതിരം ചോദിച്ചു', അന്ന് റൊണാൾഡോ പറഞ്ഞതിങ്ങനെ; 9 വർഷത്തെ പ്രണയശേഷം വിവാഹം

ഒമ്പതുവർഷമായി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയാണ് സംരംഭകയും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ ജോർജിന റോഡ്രിഗസ്. അഞ്ചുമക്കളെയും ഇരുവരും ചേർന്നാണ് വളർത്തുന്നതും. അഞ്ചുമക്കളിലെ മൂത്തയാളായ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മയാരെന്ന് ഇന്നും ലോകത്തിനറിയില്ല. രണ്ടുകുഞ്ഞുങ്ങൾ ജനിച്ചത് വാടകഗർഭധാരണത്തിലൂടെയാണ്. മറ്റു രണ്ടുകുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത് ജോർജിനയും.
2016-ലാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. അധികം വൈകാതെ പ്രണയത്തിലായെങ്കിലും, അത് പുറംലോകത്തെ അറിയിക്കുന്നത് 2017-ലാണ്. അന്നുമുതൽ റൊണാൾഡോയുടെ ഓരോ ചുവടിലും ജോർജിനയും കൂടെയുണ്ട്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ജോർജിനയെ റൊണാൾഡോ വിശേഷിപ്പിച്ചിരുന്നത് ഭാര്യയെന്നാണ്. ഇത്രയും വർഷമായിട്ട് വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം, ''ശരിയായ സമയത്തിനായി കാത്തിരിക്കുന്നു'' എന്നാണ് അദ്ദേഹം പറയാറുള്ളത്.
2025 ഓഗസ്റ്റിൽ ഇരുവരുടെയും എൻഗേജ്‌മെന്റ് നടന്നതായി വാർത്തകളുണ്ടായിരുന്നു. എൻഗേജ്‌മെന്റ് റിങ്ങിന്റെ ചിത്രം ജോർജിന ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ആ മോതിരം ഏറെ ചർച്ചയാവുകയും ചെയ്തു. അപ്പോഴും വിവാഹമെന്നാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീടൊരു അഭിമുഖത്തിൽ ആ മോതിരത്തെക്കുറിച്ച് റൊണാൾഡോ തുറന്നുപറഞ്ഞിരുന്നു, ''അവളെന്നോടൊരു മോതിരം ചോദിച്ചു. നല്ല രത്‌നം പതിച്ച മോതിരം സ്വന്തമാക്കുക എന്നത് അവളുടെ സ്വപ്നങ്ങളിലൊന്നായിരുന്നു. ഞാനൊരുപാട് പരിശ്രമിച്ച് അവൾക്കിഷ്ടപ്പെട്ട ഒന്ന് കണ്ടെത്തി''.
ഒടുവിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 8-ന് വിവാഹിതരാകുമെന്നാണ് പറയപ്പെടുന്നത്. റൊണാൾഡോ ജനിച്ച പോർച്ചുഗീസ് ദ്വീപായ മദീരയിലെ ഒരു പള്ളിയിൽവെച്ചായിരിക്കും ചടങ്ങ്. അതിനുശേഷം അവിടെയുള്ള സവോയ് പാലസ് ഹോട്ടലിൽവെച്ച് റിസപ്ഷൻ നടക്കും. ''ഹോട്ടലിലെ രണ്ടു നിലകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും മറ്റ് അതിഥികൾക്ക് ലഭ്യമാവില്ല'' എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞതായും വാർത്തയുണ്ട്. താരങ്ങളായ എംബാപ്പെയും മെസ്സിയും ചടങ്ങിനെത്തുമത്രേ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cristiano Ronaldo and Georgina Rodriguez to marry on August 8, 2026. Ceremony to be held in Madeira, Portugal.