'എന്റേത് രണ്ടാം കെട്ടാണല്ലോ, റിക്ക് മാത്രമാണ് എന്നെ അങ്ങനെ പരിഗണിച്ചത്'

ഇക്കഴിഞ്ഞ ദിവസമാണ് അർച്ചന കവിയുടെ വിവാഹം നടന്നത്. ഡേറ്റിങ് ആപ്പിലൂടെയാണ് റിക്ക് വർഗീസിനെ അർച്ചന പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലാണ് വിവാഹിതയാകുന്നുവെന്ന് അർച്ചന സൂചന നൽകിയത്.
''ഏറ്റവും മോശം തലമുറയിൽനിന്ന് ഏറ്റവും യോജിച്ച വ്യക്തിയെ ഞാൻ തിരഞ്ഞെടുത്തുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. നിങ്ങൾക്കും അതിനു കഴിയട്ടെ'' എന്നാണ് അർച്ചന സ്റ്റോറിയിൽ കുറിച്ചത്. ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിൽ ആ കഥ അർച്ചന പങ്കുവെച്ചിരുന്നു.
''ഡേറ്റിങ് ആപ്പിലൂടെയാണ് റിക്കിനെ പരിചയപ്പെടുന്നത്. സമയം കളയാൻ വേണ്ടിയിട്ടാണ് ഞാൻ ആപ്പിൽ കയറിയത്. ഡേറ്റ് ചെയ്യുക എന്നതൊന്നും മനസ്സിലുണ്ടായിരുന്നില്ല. പക്ഷേ, തുടക്കം മുതൽ തന്നെ റിക്കും ഞാനും വലിയ കാര്യങ്ങളായിരുന്നു ചർച്ച ചെയ്തിരുന്നത്. ഏതോ ശക്തി ഞങ്ങളെ ഒരുമിപ്പിച്ചതുപോലെയായിരുന്നു. എന്റെ ട്രോമ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു''.
റിക്കിന്റെ കുറേ നല്ല ഗുണങ്ങളാണ് തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്നും അർച്ചന പറഞ്ഞു. ''എന്റെ മാതാപിതാക്കൾ വളരെ നന്നായിട്ടാണ് എന്നെ ട്രീറ്റ് ചെയ്തത്. 'ഒരു മകളെ രാജകുമാരിപോലെ അച്ഛൻ പരിഗണിക്കണം' എന്നു പറഞ്ഞ ഏക വ്യക്തി റിക്കാണ്. റിക്ക് അങ്ങനെയാണ് എന്നെ പരിഗണിച്ചതും. അതിനുമുമ്പ് മറ്റാരും എന്നോട് അങ്ങനെ പെരുമാറിയിരുന്നില്ല''.
ഭർത്താവിന്റെ കുടുംബത്തെക്കുറിച്ചും അർച്ചന സംസാരിച്ചു, ''റിക്ക് നേരത്തെ വിവാഹിതനായിരുന്നില്ല. എന്റേത് രണ്ടാം കെട്ടാണല്ലോ. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. പക്ഷേ, അവന്റെ മാതാപിതാക്കൾ വളരെ നല്ല ആളുകളാണ്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Archana Kavi shares her heartwarming love story with Rick Varghese, met on a dating app, leading to their marriage