റെയില്‍വേ സ്‌റ്റേഷനുകളില്‍ കിടന്നുറങ്ങിയ അനുപം ഖേര്‍;കിരണിന്റെ ആദ്യബന്ധത്തിലെ മകനെ ദത്തെടുത്തു

ഇന്ത്യന്‍സിനിമയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പേരാണ് അനുപം ഖേര്‍. കഷ്ടപ്പാടുകളില്‍നിന്ന് ഇന്ത്യന്‍സിനിമയിലേക്കെത്തിയ കഥയാണ് അനുപമിന്റേത്. നാടകനടനായിരുന്നു ആദ്യം. സിനിമയെന്ന മോഹവുമായി പിന്നീട് മുംബൈയിലേക്ക് വന്നു. കൈയില്‍ പണമില്ല, താമസിക്കാനൊരിടവുമില്ല. അക്കാലത്ത് പലപ്പോഴും റെയില്‍വേ സ്‌റ്റേഷനുകളിലാണ് കിടന്നുറങ്ങിയത്. അതിനിടയിലാണ് സിനിമയിലേക്ക് ഒരവസരം കിട്ടുന്നത്. അതോടെയാണ് അനുപമിന്റെ നല്ല കാലം തുടങ്ങുന്നതും.
ആ കഷ്ടപ്പാടുകളിലും അനുപമിനൊപ്പം കരുത്തോടെ നിന്നത് അദ്ദേഹത്തിന്റെ പങ്കാളിയാണ്, കിരണ്‍ ഖേര്‍. എന്നും അത്രയും പ്രണയത്തോടെയും ബഹുമാനത്തോടെയുമാണ് ഇരുവരും പരസ്പരം വിശേഷിപ്പിക്കാറുള്ളത്. ചണ്ഡീഗഢില്‍ ഒരേ കോളേജിലാണ് ഇരുവരും പഠിച്ചത്. അനുപമിന്റെ സീനിയറായിരുന്നു കിരണ്‍. ''അവള്‍ കോളേജിലെ താരമായിരുന്നു. മികച്ച നടി, ബാഡ്മിന്റണ്‍ കളിക്കാരി. അത്രയും മികച്ചൊരാള്‍'', അനുപം ഓര്‍ക്കുന്നു.
അനുപം നാടകത്തിലേക്ക് കടക്കുമ്പോള്‍, കിരണ്‍ അറിയപ്പെടുന്ന നാടകനടിയായിരുന്നു. ഇരുവരും ചണ്ഡീഗഢിലെ പല നാടകട്രൂപ്പുകളിലും ഒരുമിച്ച് അഭിനയിച്ചു. പതുക്കെ ഇരുവരും അടുത്ത സുഹൃത്തുക്കളായി, എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന രണ്ടുപേര്‍. ''ഞങ്ങള്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. അതുതന്നെയാണ് ഏറ്റവും വലിയ കാര്യവും'', അനുപം എപ്പോഴും പറയാറുണ്ട്.
പഠനശേഷം അനുപം മുംബൈയിലേക്ക് മാറി. വിവാഹം കഴിഞ്ഞ് കിരണും മുംബൈയിലെത്തി. അതോടെ ഇടയ്ക്കുവെച്ച് മുറിഞ്ഞുപോയ സൗഹൃദം വീണ്ടും തുടര്‍ന്നു. അനുപം സിനിമയില്‍ ഒരവസരത്തിനായി പല വാതിലുകളിലും മുട്ടി. സിനിമാമോഹമുണ്ടായിരുന്ന കിരണും പലപ്പോഴും അനുപത്തിനൊപ്പം ചേര്‍ന്നു. പക്ഷേ പിടിച്ചുകയറാന്‍ ചെറിയൊരു അവസരം പോലും ഇരുവര്‍ക്കും കിട്ടിയില്ല. അനുപം ആണെങ്കില്‍ സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലും. കിരണും ഭര്‍ത്താവ് ഗൗതവും താമസിച്ചിരുന്ന വീട്ടില്‍ പലപ്പോഴും അനുപം സുഹൃത്തിനൊപ്പമെത്തി. ''അന്ന് ഭക്ഷണത്തിനുപോലും പണമില്ലല്ലോ. മിക്കവാറും ഡിന്നര്‍ കിരണിന്റെ വീട്ടില്‍നിന്നാവും. തിരിച്ചുപോരുമ്പോള്‍ കിരണ്‍ ടാക്‌സി വിളിക്കാനായി 50 രൂപ തരും. ടാക്‌സിയൊക്കെ അധികച്ചെലവല്ലേ. അതുകൊണ്ട് ഞങ്ങള്‍ ബസില്‍ കയറും. എന്നിട്ട് ആ പണം സൂക്ഷിച്ചുവെക്കും''.
അതിനിടയില്‍ അനുപം ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലുമായി, ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങി. ''കിരണിന്റെ വിവാഹബന്ധം കുറേ പ്രശ്‌നങ്ങളിലായിരുന്നു. ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി എന്നെ വിട്ടുപോവുകയും ചെയ്തു. രണ്ടുപേരും ഏകദേശം ഒരേ അവസ്ഥയിലായി''. അന്ന് പ്രശ്‌നങ്ങളെല്ലാം പരസ്പരം തുറന്നുപറഞ്ഞിരുന്നു ഇരുവരും. പതിയെ അത് പ്രണയത്തിലുമെത്തി. കിരണും ഭര്‍ത്താവും വിവാഹമോചിതരായി. അതോടെ അനുപമും കിരണും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കിരണിന്റെ ആദ്യവിവാഹത്തിലെ മകന്‍ സിക്കന്ദറിനെ അനുപം ദത്തെടുത്തു. ഇന്നും ബോളിവുഡിലെ ഏറ്റവും ആരാധിക്കപ്പെടുന്ന പങ്കാളികളാണ് അനുപം ഖേറും കിരണ്‍ ഖേറും.
Content Highlights: kirron was anupams senior at college and they started working in drama troupes