"നല്ല ഭർത്താവിനേക്കാൾ ഞാൻ മികച്ചൊരു 'മുൻ ഭർത്താവാണ്'!" മുൻഭാര്യമാരുമായുള്ള ബന്ധത്തെക്കുറിച്ച് നടൻ

ബോളിവുഡിന്റെ പെർഫെക്ഷനിസ്റ്റ് ആമിർ ഖാന്റെ വ്യക്തിജീവിതവും വ്യക്തിബന്ധങ്ങളും എന്നും ഗോസിപ്പ് കോളങ്ങളിലും പ്രേക്ഷകർക്കിടയിലും ഒരുപോലെ ചർച്ചയായിട്ടുള്ളതാണ്. മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമായി വിവാഹബന്ധം വേർപിരിഞ്ഞ ശേഷവും തികച്ചും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് അപൂർവ്വമായി മാത്രം കാണുന്ന ഈ വേറിട്ട സൗഹൃദത്തെയും ആമിറിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളെയും കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ അമീൻ ഹാജിയും ഭാര്യ ഷാർലറ്റും.
താൻ ഒരു നല്ല ഭർത്താവിനേക്കാൾ മികച്ച ഒരു 'മുൻ ഭർത്താവ്' (Ex-husband) ആണെന്ന് ആമിർ തന്നെ ഒരിക്കൽ തമാശയായി പറഞ്ഞിട്ടുണ്ടെന്നാണ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ അമീൻ ഹാജി വെളിപ്പെടുത്തിയത്. വ്യക്തിബന്ധങ്ങളിൽ വലിയ വിശ്വസ്തത പുലർത്തുന്ന ആളാണ് ആമിർ. ആരോടെങ്കിലും എന്തെങ്കിലും കാര്യത്തിൽ പിണക്കമുണ്ടായാൽ പോലും ആ ഒരു കാര്യത്തിന്റെ പേരിൽ ബാക്കി സൗഹൃദത്തെയോ സ്നേഹത്തെയോ അദ്ദേഹം തള്ളിപ്പറയില്ല. ലോകത്ത് ആരും പൂർണ്ണരല്ലെന്നും, മനുഷ്യരുടെ തെറ്റുകൾ മാത്രം നോക്കാതെ അവരുടെ നല്ല ഗുണങ്ങളെക്കൂടി കാണാൻ ശ്രമിക്കണമെന്നുമുള്ള വലിയൊരു പാഠം ആമിർ തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും അമീൻ ഓർത്തെടുക്കുന്നു.
ആദ്യഭാര്യ റീന ദത്തയുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും ആമിർ എന്നും ആഴത്തിൽ ബഹുമാനിച്ചിരുന്നു. വിവാഹശേഷവും റീന സ്വന്തം പേരിലോ മതത്തിലോ മാറ്റം വരുത്തിയിരുന്നില്ല. അതുപോലെ തന്നെ മക്കളായ ജുനൈദിനും ഐറയ്ക്കും പേരിട്ടത് റീന തന്നെയായിരുന്നു. ആ തീരുമാനങ്ങളിലെല്ലാം പൂർണ്ണ പിന്തുണയുമായി ആമിർ ഒപ്പം നിന്നു. വേർപിരിഞ്ഞെങ്കിലും കുടുബപരമായ കാര്യങ്ങളിലെല്ലാം ഇരുവരും പരസ്പര ബഹുമാനത്തോടെയാണ് ഇന്നും ഇടപെടുന്നത്.
വൻ വിജയങ്ങളും കടുത്ത തിരിച്ചടികളും ഒരുപോലെ കണ്ട താരമായിട്ടും ആളുകളിലെ നല്ല വശങ്ങൾ മാത്രം കാണാൻ ശ്രമിക്കുന്നതാണ് ആമിറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അമീന്റെ ഭാര്യ ഷാർലറ്റ് കൂട്ടിച്ചേർക്കുന്നു. 'ലാൽ സിംഗ് ഛദ്ദ' എന്ന ചിത്രത്തിന് ശേഷം വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ട്രോളുകളും വിമർശനങ്ങളും ആമിറിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇത്തരം കടുത്ത അധിക്ഷേപങ്ങൾക്കിടയിലും ആളുകളോടുള്ള സ്നേഹവും പോസിറ്റിവിറ്റിയും കൈവിടാൻ അദ്ദേഹം തയ്യാറായില്ല. വ്യക്തിബന്ധങ്ങളിൽ വീഴ്ചകൾ ഉണ്ടായാൽ പോലും പഴിചാരാതെ, പരസ്പര ബഹുമാനവും കരുതലും എങ്ങനെ കാത്തുസൂക്ഷിക്കാം എന്നതിന് മികച്ച മാതൃകയാണ് ആമിർ ഖാൻ എന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi