പുരികത്തിൻ്റെ ആകൃതി മാറ്റാൻ ആവശ്യപ്പെട്ടു, ഹൃദയം തകർന്നുപോയെന്ന് യാമി ഗൗതം

യാമി ഗൗതം | AFP
യാമി ഗൗതം | AFP

സൗന്ദര്യസങ്കല്പങ്ങൾ മാറുന്നതിനൊത്ത് രൂപമാറ്റം വരുത്താൻ സമ്മർദ്ദമുള്ള ഇടമാണ് ബോളിവുഡ്. ഖുഷി കപൂർ, അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ തങ്ങൾ കോസ്മെറ്റിക് സർജറികൾക്ക് വിധേയരായിട്ടുണ്ടെന്ന് സമ്മതിച്ചവരാണ്. എന്നാൽ സമ്മർദ്ദങ്ങൾ നിറഞ്ഞ ചുറ്റുപാടുകൾക്കിടയിലും സ്വന്തം നിയമങ്ങൾ പാലിക്കാൻ തീരുമാനമെടുത്ത വ്യക്തിയാണ് നടി യാമി ഗൗതം.

ഒരിക്കൽ പുരികങ്ങൾക്ക് മാറ്റം വരുത്താൻ തന്നോട് ആവശ്യപ്പെട്ടതിനെപ്പറ്റിയും എന്തുകൊണ്ടാണ് കോസ്മെറ്റിക് സർജറി തിരഞ്ഞെടുക്കാത്തതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഒരിക്കൽ തന്റെ പുരികങ്ങളിലൊന്നിന് മാറ്റം വരുത്തണമെന്ന് നിർദ്ദേശിച്ചതെന്ന് യാമി പറയുന്നു.

“അതിലെ വളവ് ഒഴിവാക്കി ആകൃതി മാറ്റണമെന്നും, അതെന്നെ എഡ്ജിയറും കൂളുമായി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവശത്തുനിന്നും പരസ്പരം അടുത്തേക്കുവരുന്ന രണ്ട് ഒച്ചുകളെപ്പോലെയിരിക്കണം പുരികങ്ങളെന്ന് അവർ ആഗ്രഹിച്ചിരിക്കാം. അദ്ദേഹം മുതിർന്നൊരു മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. എൻ്റെ ഹൃദയം ശരിക്കും തകർന്നുപോയി, നമുക്ക് മുന്നോട്ട് പോയി തയ്യാറാകാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.”

താൻ ഒരിക്കലും കോസ്മെറ്റിക് സർജറിക്ക് വിധേയയാകില്ലെന്നും യാമി പറഞ്ഞു. ഒരു മാഗസിൻ കവറിൽ ആരെങ്കിലും അത്തരത്തിൽ കണ്ടാൽ ഒരുപക്ഷേ കൂളായി തോന്നുമായിരിക്കാം. പക്ഷേ ഞാനൊരു നടിയാണ്. സ്ക്രീനിൽ കാണുമ്പോൾ, എൻ്റെ മുഖമോ കവിളുകളോ ചുണ്ടുകളോ എന്തുകൊണ്ട് അസ്വാഭാവികമായി കാണപ്പെടുന്നു എന്നതിലാവരുത് ആരുടെയും ശ്രദ്ധ. അതൊരു ശ്രദ്ധ തെറ്റിക്കലാവരുത്.

ഒരു നടിയല്ലെങ്കിൽ പോലും മുഖത്തിൻ്റെ ഘടന മാറ്റുന്നതിനോ ഞാൻ വിശ്വസിക്കാത്ത എന്തെങ്കിലും ചർമത്തിലേക്ക് കടത്തിവിടുന്നതിനോ വിധേയയാകുമായിരുന്നില്ല. ആ നിമിഷം അത് നിങ്ങളെ സുന്ദരിയാക്കിയേക്കാം, പക്ഷേ പിന്നീട് പ്രത്യാഘാതങ്ങൾ ഉണ്ടാകാം.” കരീന കപൂറിനെപ്പോലുള്ള ഏതാനും നടിമാരും തങ്ങൾ ശസ്ത്രക്രിയക്ക് വിധേയരാകില്ലെന്ന് തീരുമാനിച്ചവരാണ്.

ഇമ്രാൻ ഹാഷ്മി നായകനാവുന്ന 'ഹഖ്' എന്ന കോർട്ട് റൂം ഡ്രാമയാണ് യാമിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവംബർ 7-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. സപൻ വർമ സംവിധാനം ചെയ്ത 'ധൂം ധാം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് യാമി അവസാനമായി അഭിനയിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Yami Gautam reveals she was asked to alter her eyebrows for an edgier look. The actor opens up about her refusal and why she`ll never opt for cosmetic surgery.