വെളിച്ചെണ്ണയുടെ മാജിക്; ബോളിവുഡ് താരങ്ങളുടെ സൗന്ദര്യത്തിനുപിന്നിലെ രഹസ്യമിതാണ്

ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് ബോളിവുഡ് താരസുന്ദരിമാരിലേറെയും. റാണി മുഖർജി, സോനം കപൂർ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര...ആ ലിസ്റ്റ് നീളും.
ഈയടുത്തൊരു അഭിമുഖത്തിൽ സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് റാണി മുഖർജി ഉത്തരം നൽകിയതിങ്ങനെ, ''വെളിച്ചെണ്ണ തന്നെ. ഞാൻ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ. അത് വളരെ നല്ലതാണെന്ന് ഞാൻ കരുതുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതായാലും വെളിച്ചെണ്ണ കഴിക്കുന്നതായാലും...ഇതിനേക്കാൾ മികച്ച മറ്റൊന്നുമില്ല. മുടിയുടെ ആരോഗ്യത്തിനും ചർമസൗന്ദര്യത്തിനും ഞാനുപയോഗിക്കുന്നത് വെളിച്ചെണ്ണ തന്നെ. നല്ല ശുദ്ധമായ വെളിച്ചെണ്ണയുടെ മണവും എനിക്കിഷ്ടമാണ്''.
ചെറുപ്പംമുതലേ ഇതാണ് തന്റെ ശീലമെന്നും റാണി വെളിപ്പെടുത്തുന്നു. ''പ്രത്യേകിച്ച് ഞങ്ങൾ പെൺകുട്ടികൾക്ക്. ഞാൻ ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിലെ ജുഹുവിലാണ്, ഞങ്ങൾ തീരദേശ മേഖലയിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് വെളിച്ചെണ്ണ ഞങ്ങളെ പോലെയുള്ളവരുടെ ചർമത്തിന് വളരെ നല്ലതാണ്''.
ഒരിന്ത്യൻ കുടുംബത്തിൽ ജനിച്ചൊരാൾക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങളറിയാതെ വളരുന്നത് അസാധ്യമാണെന്ന് പറയുകയാണ് നടി സോനം കപൂർ. ''എന്റെ ചർമപരിചരണത്തിൽ ഒന്നിലധികം ഉപയോഗങ്ങൾക്ക് ഞാൻ വെളിച്ചെണ്ണയെ ആശ്രയിക്കുന്നു. മുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ലിപ്സ്റ്റിക് ഇടുന്നതിനുമുമ്പ് ചുണ്ടിൽ അല്പം വെളിച്ചെണ്ണ പുരട്ടാറുമുണ്ട്. ലിപ്സ്റ്റിക് നന്നായി നിലനിൽക്കാൻ ഇത് സഹായിക്കുന്നു. ചിലപ്പോൾ കൺപോളകളിലും പുരികങ്ങളിലും ഞാൻ വെളിച്ചെണ്ണ പുരട്ടാറുണ്ട്''.
മുടിക്ക് ആവശ്യമായ എല്ലാ പോഷണവും നൽകാൻ ഓയിൽ മസാജ് മതിയെന്ന് വിശ്വസിക്കുന്നയാളാണ് ദീപിക പദുകോൺ. ഓയിൽ മസാജിന് അവരുപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. പ്രോട്ടീൻനഷ്ടം തടയാനും, മുടി പൊട്ടിപ്പോവുന്നത് തടയാനും വെളിച്ചെണ്ണ സഹായിക്കുമെന്നാണ് ദീപികയുടെ അനുഭവം.
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും നടി പ്രിയങ്ക ചോപ്ര മറക്കാത്തൊരു കാര്യമുണ്ട്. മുടിക്ക് നൽകുന്ന നല്ലൊരു ഓയിൽ മസാജ്. വെളിച്ചെണ്ണയിൽ നെല്ലിക്കയിട്ട് തയ്യാറാക്കിയ എണ്ണയാണ് അവരതിനായി ഉപയോഗിക്കുന്നത്. മുടിക്ക് മോയ്‌സ്ചറൈസിങ് നൽകാനും അറ്റം പിളരുന്നത് തടയാനും ഇത് നല്ലതാണെന്നാണ് പ്രിയങ്കയുടെ അഭിപ്രായം.
തന്റെ മുടിയുടെ ആരോഗ്യത്തിനുപിന്നിൽ വെളിച്ചെണ്ണയാണെന്ന് മുമ്പൊരു അഭിമുഖത്തിൽ തമന്ന ഭാട്ടിയ വെളിപ്പെടുത്തിയിട്ടുണ്ട്. വെളിച്ചെണ്ണയിൽ സവാളയുടെ നീര് കലർത്തിയാണ് തമന്ന ഉപയോഗിക്കുന്നത്. ഇത് മുടി പൊട്ടുന്നത് തടയാനും അകാലനരയെ പ്രതിരോധിക്കാനും മികച്ച വഴിയാണെന്ന് അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how Bollywood divas like Rani Mukerji, Deepika Padukone, and Priyanka Chopra use coconut oil for radiant skin and healthy, shiny hair