ജെൻസികളുടെ പ്രിയപ്പെട്ട ഹെയർകട്ട് സ്റ്റൈലുകൾ ഇവയാണ്

വ്യത്യസ്ത ഷോർട്ട് ഹെയർ ലുക്കിൽ എമ്മാ സ്റ്റോൺ, ലിലി ബ്രൂക്ക്സ് ഒബ്രിയന്റ്, സെൻഡായ | ഫോട്ടോ: Getty Images
വ്യത്യസ്ത ഷോർട്ട് ഹെയർ ലുക്കിൽ എമ്മാ സ്റ്റോൺ, ലിലി ബ്രൂക്ക്സ് ഒബ്രിയന്റ്, സെൻഡായ | ഫോട്ടോ: Getty Images

മുടി സങ്കല്‍പങ്ങളെല്ലാം മാറുകയാണ്. നീണ്ട, ഇടതൂര്‍ന്ന കാര്‍കൂന്തലല്ല, ഇഷ്ടമുള്ള രീതിയിലെല്ലാം സ്‌റ്റൈല്‍ ചെയ്യാവുന്ന മിനിമലിസ്റ്റിക് ആയ ഷോര്‍ട്ട് ഹെയറാണ് ഹെയര്‍കട്ട് സ്റ്റൈലുകളില്‍ ജനപ്രിയം. ജെന്‍സികളുടെ പ്രിയപ്പെട്ട ഹെയര്‍കട്ട്. ബോള്‍ഡ് ലുക്ക് നല്‍കുന്ന ഈ ഹെയര്‍കട്ട് സ്റ്റൈലുകള്‍ പരിപാലിക്കാന്‍ എളുപ്പവുമാണ്. ഓരോ ഹെയര്‍കട്ട് സ്‌റ്റൈലുകളും തിരഞ്ഞെടുക്കുമ്പോള്‍ മുഖാകൃതി, മുടിയുടെ ടെക്‌സ്ചര്‍, കനം എന്നിവ മനസ്സിലുണ്ടായിരിക്കണം.

ബോബ് കട്ട്

എക്കാലത്തെയും ഫാഷനാണ് ബോബ് കട്ടുകള്‍. ഷോള്‍ഡര്‍ ലെങ്തില്‍ മുടിയുള്ള ക്ലാസിക് ബോബ് കട്ടിന് കൂടുതല്‍ വ്യത്യസ്തകള്‍ വരുത്തിക്കൊണ്ടുള്ള ബോബ് കട്ട് വെറൈറ്റി സ്‌റ്റൈലുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്.

ഇറ്റാലിയന്‍ ബോബ്

ഷോള്‍ഡര്‍ ലെങ്ത്തിലാണ് ഈ കട്ട്. കട്ടിയുള്ളതും വേവി ആയ മുടിയുള്ളവര്‍ക്കും ഈ ഹെയര്‍കട്ട് അനുയോജ്യമായിരിക്കും.

ചീക്ബോണ്‍ ബോബ്

ചീക്ക്‌ബോണുകള്‍ പ്രത്യേകം എടുത്തു കാണുന്ന വിധത്തില്‍ താടിവരെയോ ചെവിക്ക് താഴെവരെയോ നീളുന്നതാണ് ചീക്ക്‌ബോണ്‍ ബോബ്.

ലെയേര്‍ഡ് മൈക്രോ ബോബ് കട്ട്

ചീക്ക് ബോണിന് മുകളില്‍ മുടി വരത്തക്ക വിധത്തിലുള്ള ഷോര്‍ട്ട് ബോബ് ആണ് മൈക്രോ ബോബ്. ഈ ഹെയര്‍കട്ടില്‍ നല്‍കുന്ന പല നീളത്തിലുള്ള ലെയറുകളാണ് ഈ സ്‌റ്റൈലിനെ വ്യത്യസ്തമാക്കുന്നത്.

കര്‍ട്ടന്‍ ബാങ്സ്

നെറ്റിയുടെ നടുവില്‍നിന്നും ഇരുവശത്തേക്ക് പകുത്ത് വെക്കുന്ന ഫ്രിഞ്ചസ് ആണ് കര്‍ട്ടന്‍ ബാങ്‌സ്. നെറ്റിയില്‍ നീളം കുറഞ്ഞ ഫ്രിഞ്ചസ് ചെവിയുടെ ഭാഗത്തേക്ക് വരുമ്പോള്‍ നീളം അല്‍പം കൂട്ടി ചെറിയ ലെയറുകളായി മുറിക്കുന്നു. നീളന്‍ മുടിയുള്ളവര്‍ക്ക് മുടിയുടെ മുഴുവന്‍ നീളവും മുറിക്കാതെതന്നെ മുന്‍ഭാഗം സ്റ്റൈല്‍ ചെയ്യാന്‍ ഈ കര്‍ട്ടന്‍ ബാങ്‌സ് ഹെയര്‍കട്ട് സ്റ്റൈല്‍ തിരഞ്ഞെടുക്കാം.

സീ-ത്രൂ ബാങ്സ്

മുഖത്തേക്ക് ഇടാവുന്ന ചെറിയ ഫ്രിഞ്ചസുകള്‍, പണ്ടുകാലം മുതല്‍ക്കെയുള്ള ഹെയര്‍കട്ട് സ്റ്റൈലാണ് സീ-ത്രൂ ബാങ്‌സ്. സ്‌ട്രെയിറ്റ്, വേവി ഹെയര്‍ പാറ്റേണുകള്‍ക്ക് ഈ സീ-ത്രൂ ബാങ്‌സ് അനുയോജ്യമാകും.

ഫെയറി വേവ്‌സ്

പുകച്ചുരുള്‍പോലെ ചുരുണ്ട, നീളമുള്ള സോഫ്റ്റ് കേള്‍ മുടികള്‍ക്ക് യോജിച്ചതാണ് ഫെയറി വേവ്‌സ്.

കബ് കട്ട്

ഫാഷനിസ്റ്റകള്‍ക്കിടയില്‍ ട്രെന്‍ഡ് ആകുന്ന പുത്തന്‍ ഹെയര്‍ കട്ട് ആണിത്. വോള്‍ഫ്, ബോബ് എന്നീ ഹെയര്‍ കട്ടുകള്‍ കൂടിച്ചേര്‍ന്നതാണ് കബ് കട്ട്. കവിളിന് താഴെയും എന്നാല്‍ ഷോള്‍ഡറില്‍ തട്ടാതെയുമാണ് ഈ ഹെയര്‍കട്ട് സ്‌റ്റൈല്‍. കൂടുതല്‍ ഭംഗിയാക്കാന്‍ ഒന്നോ രണ്ടോ ചോപ്പി ലെയറുകളും നല്‍കാറുണ്ട്. ഓവല്‍ ഇന്‍വേര്‍ട്ടഡ് ട്രയാങ്കിള്‍ എന്നീ മുഖാകൃതിയുള്ളവര്‍ക്ക് കബ് കട്ട് കൂടുതല്‍ ഇണങ്ങും. സ്ലീക് ലുക്കിലും മെസ്സി ലുക്കിലും സ്റ്റൈല്‍ ചെയ്യാം.

പിക്സി കട്ട്

മുഖത്തിന്റെ ആകൃതി ഹൈലൈറ്റ് ചെയ്യുന്ന ഷോര്‍ട്ട് ഹെയര്‍ കട്ട് ആണിത്. തലയുടെ നെറുകിലും മുന്‍ഭാഗത്തും നീളം കൂടി, ലെയറുകളിലുള്ളതും പിന്‍ഭാഗത്തേക്ക് വളരെ താരതമ്യേന നീളം കുറഞ്ഞതാണ് പിക്‌സി കട്ട്.

ബിക്‌സി കട്ട്

ബോബ് കട്ടും പിക്‌സി കട്ടും ചേര്‍ന്നതാണ് ഈ കട്ട്. ഒപ്പം കൂടുതല്‍ ഫ്‌ലോറും സ്‌റ്റൈലും നല്‍കുന്നു. നല്ല മുടിയുള്ളവര്‍ക്ക് മുടിയുടെ കനം കുറയ്ക്കാതെ ഷോര്‍ട്ട് ആക്കാന്‍ അനുയോജ്യമാണ് ബിക്‌സി കട്ട്.

ജെല്ലിഫിഷ് കട്ട്

ജെന്‍സികള്‍ക്കിടയില്‍ വലിയ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ഹെയര്‍കട്ട് ആണ് ജെല്ലിഫിഷ്. ഈ കട്ടിന് മുകളില്‍ ബോബ് കട്ട് പോലെ ഒരു ലെയറും താഴെക്കായി നീളമുള്ള മറ്റു ലെയറുകളും ഉണ്ടായിരിക്കും.

ലോബ് കട്ട്

ലോബ് അഥവാ ലോങ് ബോബ് ഒരു മിതമായ നീളത്തിലുള്ള ഹെയര്‍കട്ട് ആണ്. ക്ലാസിക് ബോബ് കട്ടിനെക്കാളും നീളവും എന്നാല്‍ ക്ലാസിക് ലോങ് ഹെയര്‍ കട്ടിനെക്കാളും ചെറുതുമായിരിക്കും ലോബ് കട്ട്. ഷോള്‍ഡറിന് താഴെയോ കോളര്‍ ബോണ്‍ വരെയോ ആയിരിക്കും ലോബ് കട്ടില്‍ മുടിയുടെ നീളം. ഓവല്‍, റൗണ്ട് തുടങ്ങി ഒരുവിധം മുഖാകൃതികള്‍ക്കെല്ലാം ഈ ഹെയര്‍കട്ട് ഇണങ്ങും. കൂടാതെ സ്‌ട്രെയിറ്റ്, വേവി, കേളി ഹെയറുകള്‍ക്കും ഭംഗിയായിരിക്കും. ലോബ് കട്ടില്‍ ഒന്നോ രണ്ടോ ലെയറുകള്‍ നല്‍കി കൂടുതല്‍ വ്യത്യസ്തതകള്‍ വരുത്താം.

ബട്ടര്‍ഫ്‌ളൈ കട്ട്

മുന്‍ഭാഗത്ത് ചെറിയ ലെയറുകളില്‍നിന്ന് തുടങ്ങി പിന്നിലേക്ക് നീണ്ടതും കൂടിയതുമായ ലെയറുകളുള്ള ഹെയര്‍കട്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi