കോസ്മെറ്റിക് ചികിത്സകളെപ്പറ്റി താരങ്ങൾ തുറന്നുപറയാത്തതിന് കാരണം ഇതാവാമെന്ന് തമന്ന

തമന്ന | PTI
തമന്ന | PTI

കോസ്മെറ്റിക് സർജറികൾക്ക് വിധേയരാകുന്ന ബോളിവുഡ് താരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇരയാകാറുണ്ട്, പ്രത്യേകിച്ചും ഷെഫാലി ജരിവാലയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ. എന്നാൽ, ബോട്ടോക്സ് പോലുള്ള കോസ്മെറ്റിക് ചികിത്സകൾ ഇപ്പോൾ ഒരു വിലക്കപ്പെട്ട വിഷയമല്ലെന്നും, യുവതലമുറക്കിടയിൽ ഇത് സാധാരണമാണെന്നും പറയുകയാണ് നടി തമന്ന ഭാട്ടിയ. സിനിമാതാരങ്ങൾ പലപ്പോഴും അതിനെപ്പറ്റി തുറന്നുപറയാത്തത് ആളുകൾ സിനിമാ മേഖലയിലുള്ളവരെ ലക്ഷ്യം വെച്ച് ആക്രമിക്കുന്നതുകൊണ്ടാവാമെന്നും തമന്ന അഭിപ്രായപ്പെട്ടു.

“സിനിമാരംഗത്തുള്ളവർക്ക് എന്ത് സംഭവിച്ചാലും അത് വലിയ ചർച്ചയായി മാറുന്നു, മാധ്യമശ്രദ്ധയിലുള്ള ആളുകളെപ്പറ്റി സംസാരിക്കാൻ വളരെ എളുപ്പമാണ്. അവരുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്കറിയാം. നിങ്ങൾക്കൊന്നുമറിയാത്ത, ഒരിക്കലും അറിയാൻ പോകാത്ത ഒരുപാട് ആളുകളുണ്ട്. നമുക്ക് ഈ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനേ കഴിയൂ. അതുകൊണ്ട് ഒരിടത്തും എത്തിച്ചേരില്ല“-തമന്ന പറയുന്നു.

“പുതിയ തലമുറയിലെ കുട്ടികൾ കോസ്മെറ്റിക് ചികിത്സകളെപ്പറ്റി തുറന്ന സമീപനമുള്ളവരാണ്. ഏത് ചികിത്സയ്ക്ക് വിധേയരായാലും അവരത് തുറന്നുപറയും. വിമർശനങ്ങളിലൂടെ കടന്നുപോകാൻ ആരും ആഗ്രഹിക്കുന്നില്ല. സിനിമയിലുള്ളവർ എന്തെങ്കിലും പറഞ്ഞാൽ, അവർക്കുനേരെ വിരലുകൾ ചൂണ്ടപ്പെടും. സിനിമയിലുള്ള ആളുകൾക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വരുന്നു. അതുകൊണ്ടായിരിക്കാം അവർക്ക് അവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ അത്ര താൽപ്പര്യമില്ലാത്തത്“-തമന്ന പറഞ്ഞു.

തമന്ന മൂക്കിലും ചുണ്ടിലും ജോലൈനിലും കോസ്മെറ്റിക് ചികിത്സകൾ നടത്തിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമില്ല. ഒരുമാസം മുമ്പാണ് ഷെഫാലി ജരിവാല മുംബൈയിൽവെച്ച് ഹൃദയാഘാതം മൂലം മരിക്കുന്നത്. മരണത്തിന് മുമ്പ് അവർ ഗ്ലൂട്ടാത്തയോൺ കുത്തിവയ്പ്പുകൾ എടുത്തിരുന്നതായി പിന്നീട് പല കേന്ദ്രങ്ങളും റിപ്പോർട്ട് ചെയ്തു. പ്രായം കുറയ്ക്കുന്ന ചികിത്സകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഈ കുത്തിവയ്പ്പ് മരണത്തിന് കാരണമായിരിക്കാമെന്ന് സംശയമുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi