ശ്രീദേവിയുടെ മരണശേഷം ഐശ്വര്യ ആ നെക്ലേസ് അണിഞ്ഞു, അംബാനികുടുംബത്തിലെ വിവാഹത്തിന്

ഐശ്വര്യ റായ്, ജാൻവി കപൂർ, ശ്രീദേവി
ഐശ്വര്യ റായ്, ജാൻവി കപൂർ, ശ്രീദേവി

ദക്ഷിണേന്ത്യയിൽ നിന്നുള്ള സൂപ്പർതാരങ്ങളെന്ന നിലയിൽ ശ്രീദേവിക്ക് ഐശ്വര്യ റായിയോട് വാത്സല്യപൂർണ്ണമായ ഒരടുപ്പമുണ്ടായിരുന്നു. അതിന്റെ സൂചകമെന്നോണം ശ്രീദേവി മുമ്പ് ഐശ്വര്യക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനവും നൽകി. സബ്യസാചിയുടെ മനോഹരമായ ഒരു പോൾക്കി നെക്‌പീസ് ആയിരുന്നുവത്. മുംബൈയിൽ വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹ സൽക്കാരത്തിൽ മനീഷ് മൽഹോത്രയുടെ കറുപ്പും നീലയും സാരിയോടൊപ്പം അവർ അണിഞ്ഞ അതേ നെക്ലേസാണത്.

അടുത്തിടെ ശ്രീദേവിയുടെ മകൾ ജാൻവി കപൂർ അമ്മയുടെ ആ പഴയ കറുപ്പും നീലയും സാരിയണിഞ്ഞെത്തിയത് വലിയ ചർച്ചയായിരുന്നു. സാരിക്കൊപ്പം ശ്രീദേവിയുടെ നെക്ലേസ് കൂടി അണിയാത്തതെന്താണെന്ന് പലരും ചോദിച്ചു. അതിനു കാരണം അത് നേരത്തേ ഐശ്വര്യക്ക് സമ്മാനമായി നൽകിയിരുന്നു എന്നതാണ്.

ശ്രീദേവിയുടെ മരണശേഷം, ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹത്തിന് ഐശ്വര്യ റായ് ആ ആഭരണം ധരിച്ചു. സ്വർണ്ണ വർക്കുകളുള്ള ചുവന്ന പരമ്പരാഗത പട്ടുസാരിക്കൊപ്പമാണ് ഐശ്വര്യ ഇതണിഞ്ഞത്. അന്നിതിനെപ്പറ്റി അധികമാർക്കും അറിയില്ലായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം, പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പിന്നിലെ കഥ വെളിപ്പെടുത്തിയത്.

ബോളിവുഡിലെ പരിചയസമ്പന്നരായ ദക്ഷിണേന്ത്യൻ നടിമാരും പുതിയ നടിമാരും പരസ്പരം "അക്ക-ചെല്ലി" എന്ന് വിളിക്കുന്ന ശീലമുണ്ട്. തെലുങ്കിൽ ചേച്ചിയും അനുജത്തിയും എന്നാണിതിനർഥം. വൈജയന്തിമാലയെ രേഖയും, രേഖയെ ശ്രീദേവിയും, ശ്രീദേവിയെ ഐശ്വര്യയും 'അക്ക' എന്ന് വിളിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ മനീഷ് മൽഹോത്ര വെളിപ്പെടുത്തി. ദക്ഷിണേന്ത്യയിൽ മുതിർന്ന അഭിനേതാക്കൾ തങ്ങളുടെ ആഭരണങ്ങളും സാരികളുമടക്കമുള്ള സ്വകാര്യ വസ്‌തുക്കൾ ഇളയവർക്ക് കൈമാറുന്ന ശീലമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2018-ലാണ് ശ്രീദേവി അന്തരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Explore the touching bond between Sridevi and Aishwarya Rai Bachchan, a priceless Sabyasachi necklace gift, and the touching `Akka-Chelli` tradition.