മഫത്‌ലാലും രാധാസും കടന്ന് കടല്‍ത്തീരങ്ങളിലേക്കും പുഴയോരങ്ങളിലേക്കും

സാരിയെ കുറിച്ച് ഒരു കോളത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയപ്പോള്‍ എവിടെ നിന്നും തുടങ്ങണം എന്ന ആശയക്കുഴപ്പം മുന്‍പിലുണ്ടായിരുന്നു. സാരികള്‍ തേടിയുള്ള യാത്രകളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഒരുപാടുണ്ട്. അതൊക്കെ പറഞ്ഞുകേട്ട കൂട്ടുകാരില്‍ പലരും എങ്കില്‍ എഴുതിനോക്കൂ എന്ന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
ദിനംപ്രതി ആവശ്യത്തിലധികം എഴുത്തുകള്‍ നമ്മുടെ സാമൂഹ്യമാധ്യമങ്ങളിലേക്ക് വരുന്നുണ്ട്. മനോഹരങ്ങളായ യാത്രാവിവരണങ്ങള്‍ എഴുതുന്ന ഒരുപാടുപേരും അക്കൂട്ടത്തിലുണ്ട്. പക്ഷേ, ഇപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ കുറവാണ് എന്ന് തോന്നുന്നു . സോളോ ട്രിപ്പ് എന്ന് പറയുന്നത് തികച്ചും വേറിട്ടൊരു അനുഭവമാണ്. ഒരു ഗ്രൂപ്പിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ പലതും ആയിട്ടും പലരും ആയിട്ടും സ്വാഭാവികമായിട്ടും അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. ഒരു അഡ്ജസ്റ്റ്‌മെന്റും പറ്റാതായിത്തീരുന്ന സാഹചര്യത്തിലാണ് മിക്കവാറും പലരും ബാഗും എടുത്തു പുറപ്പെടുന്നത്. മാത്രമല്ല കൃത്യമായ ഒരു ധാരണയും ലക്ഷ്യവും എന്റെ യാത്രകള്‍ക്കുണ്ടാകാറുണ്ട്. അത് ഒരു ഗ്രൂപ്പ് ട്രാവലിന് ഇണങ്ങുന്നതല്ല. ഗ്രൂപ്പ് ട്രിപ്പിന്റെ മൂഡ് വേറെ ആണ്. ഒറ്റയ്ക്കുള്ള യാത്രകള്‍ നിറഞ്ഞ ഏകാന്തതയില്‍ ഇരുന്ന് പുസ്തകം വായിക്കുന്നതുപോലെയാണ്. എത്ര നേരം വായിക്കണം, എപ്പോള്‍ നിര്‍ത്തണം എന്നതൊക്കെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നില്‍ക്കും. ഗ്രൂപ്പിനൊപ്പമുള്ള യാത്ര പെട്ടന്ന് ബോറടിപ്പിക്കും. നമുക്ക് യാതൊരു താല്‍പര്യവും ഇല്ലാത്ത സ്ഥലങ്ങള്‍ ആയിരിക്കും മറ്റുള്ളവര്‍ക്ക് താല്പര്യം ഉണ്ടാവുക. അവിടെ കുറെയധികം സമയം ചെലവഴിക്കേണ്ടി വരും. നമുക്ക് താല്പര്യം ഉള്ള സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. എന്റെ ഇഷ്ടങ്ങള്‍ തികച്ചും വിഭിന്നമാണെന്നാണ് തോന്നിട്ടുള്ളത്. അതുകൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തന്നെയായിരുന്നു ഇഷ്ടം.
സാങ്കേതികവിദ്യ ഇത്രയൊന്നും വികസിക്കാത്തകാലത്താണ് ഞാന്‍ യാത്രകള്‍ക്ക് തുടക്കമിടുന്നത്. സാരിക്ക് വേണ്ടി ആയിരുന്നില്ല ആ ആദ്യകാല യാത്രകളൊന്നും. എന്തിനുവേണ്ടിയാണെന്ന് ചോദിച്ചാല്‍ അതും അറിയില്ല. പക്ഷേ, പോയ സ്ഥലങ്ങളില്‍ നിന്നെല്ലാം തുണികള്‍ വാങ്ങിവന്നു. ഓരോ തുണിക്കും ഓരോ പ്രത്യേകതകള്‍ ഉണ്ടെന്നും ഒരു തുണിയിലെ നിറമാവില്ല മറ്റൊരു തുണിയില്‍ കിട്ടുക എന്നും മനസിലാക്കി. എന്നുപറഞ്ഞാല്‍ ചന്ദേരി സാരികളുടെ ചുവപ്പ് നിറമാവില്ല മഹേശ്വരിസാരിയില്‍ ഉള്ള ചുവപ്പ്. ഇതുരണ്ടും ആവില്ല ഇക്കത്ത് തുണികളില്‍ കാണുന്നത്. ഈ കണ്ടെത്തലുകളുടെ രസമാണോ എന്നെ യാത്രകളുടെ പതിവുകാരിയാക്കിയതെന്ന് അറിയില്ല. എന്തായാലും ഒരു കാര്യം സത്യമാണ് കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ നമ്മള്‍ എവിടെയെങ്കിലും കയറിപ്പിടിക്കും. നമ്മുടെ ആ കയറിപ്പിടുത്തം ചിലപ്പോള്‍ നമ്മള്‍ പോലും അറിയാതെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പാഷന്‍ എന്ന പിടിവള്ളിയില്‍ ആയാല്‍ രക്ഷപ്പെട്ടു.
തുണികളോടുള്ള ഇഷ്ടം വളരെ കുട്ടിക്കാലത്തുതന്നെ ഉണ്ടായിരിക്കാം. ഒന്നും അറിഞ്ഞുള്ള ഇഷ്ടം ആയിരുന്നിരിക്കില്ല അതൊന്നും. പക്ഷേ, ചെറിയ ഒരു ധാരണ കുട്ടിക്കാലത്തുതന്നെ മനസ്സിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയുന്ന കാലത്ത് ഉണ്ടായതായിരിക്കാം. നമ്മള്‍ അറിയാതെ അവരിലൂടെ വന്നുചേരുന്ന ഇഷ്ടങ്ങളും ഇഷ്ടമില്ലായ്മകളും ഉണ്ടാകാം. അന്നെല്ലാം ഓണത്തിന് മാത്രമാണ് തുണികള്‍ വാങ്ങിയിരുന്നത്. അതാകട്ടെ വലിയൊരു ആഘോഷവുമായിരുന്നു. അച്ഛനും അമ്മയും ഞങ്ങളും മൂന്നു മക്കളും കൂടി കൊല്ലത്ത് പോകും. അവിടെ രണ്ടു തുണിക്കടകളാണ് പ്രധാനമായിട്ടുള്ളത് രാധാസും, മഫത്‌ലാലും.
എന്റെ ബാല്യകാല സഖികളായ വാവച്ചിയുടെയും പ്രീതിയുടെയും അമ്മ സരസ്വതി കുഞ്ഞമ്മ രാധാസില്‍ നിന്നാണ് തുണികള്‍ എടുത്തിരുന്നത്. മനോഹരങ്ങളായ നല്ല കളര്‍ഫുള്‍ ഡ്രസ്സുകള്‍ ആയിരുന്നു രാധാസില്‍ നിന്ന് അവരിലേക്ക് എത്തിയിരുന്നത്. പക്ഷേ, മഫത്‌ലാലില്‍ നിന്നൊഴികെ മറ്റെവിടെനിന്നും തുണികള്‍ വാങ്ങാന്‍ അച്ഛന്‍ കൂട്ടാക്കിയിരുന്നില്ല. മഫത്ലാലിലെ തുണികളോട് അച്ഛന് എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ആ തുണിയുടെ പ്രത്യേകത അച്ഛന് നല്ല നിശ്ചയവും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പകിട്ടു കുറഞ്ഞ കോട്ടണ്‍ തുണികള്‍ ആയിരുന്നു അത് എന്ന് ഓര്‍മ്മയുണ്ട്. സത്യം പറഞ്ഞാല്‍ കുട്ടികളായ ഞങ്ങള്‍ക്ക് അത് അത്ര വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല.
അച്ഛന് തുണികളെപ്പറ്റി അത്യാവശ്യം നല്ല ധാരണയുണ്ടായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്നു. അമ്മയ്ക്ക് ബ്ലൗസിന് അരവിന്ദിന്റെ ടു ബൈ ടു തുണി എടുക്കാന്‍ അച്ഛന്‍ പറയുമായിരുന്നു. കറുത്ത ബ്ലൗസ് പീസുകള്‍ അതില്‍ നന്നാകുമെന്ന് അച്ഛന്‍ പറയുന്നത് ഓര്‍മ്മയുണ്ട്. ഓണത്തിന് ഇഷ്ടമുള്ള ഓരോ ജോഡി വസ്ത്രങ്ങള്‍ എല്ലാവര്‍ക്കും എടുക്കും. അക്കൂട്ടത്തില്‍ അച്ഛന്‍ അച്ഛനുവേണ്ടി എന്തെങ്കിലും വാങ്ങിയിരുന്നോ എന്ന് ഓര്‍ക്കാനാവുന്നില്ല.
കുട്ടിക്കാലത്ത് സ്‌കൂളില്‍നിന്ന് ടൂറിന് പോകുമായിരുന്നു. അച്ഛനായിരുന്നു കുട്ടികളുടെ മേല്‍നോട്ടച്ചുമതലയുള്ള അധ്യാപകന്‍. ആ വിനോദയാത്രകളിലൊക്കെയും അമ്മയ്ക്കായി അച്ഛന്‍ സാരി വാങ്ങിയിട്ടുണ്ടാകും. ഒരിക്കല്‍ വാങ്ങിവന്ന മൈസൂര്‍ സില്‍ക്ക് സാരി ഇപ്പോഴും ഓര്‍മ്മയുണ്ട്. അങ്ങനെ സാരി ഓര്‍മ്മകള്‍ കുട്ടിക്കാലം മുതലേ ഒപ്പമുണ്ട്. എന്തായിരുന്നു ആ തുണികളുടെയും അന്ന് അച്ഛന്‍ തുണികള്‍ വാങ്ങിയിരുന്ന കടകളുടെയും പ്രത്യേകത എന്ന് അറിയില്ലെങ്കിലും എന്തെല്ലാമോ പ്രത്യേകതകള്‍ ഉണ്ടായിരുന്നു എന്നെനിക്ക് ഉറപ്പാണ്. മഫത്‌ലാലിന്റെ ഉടമസ്ഥന്‍ അന്യദേശക്കാരനായ ചെറുപ്പക്കാരനായിരുന്നു. അച്ഛനും അയാളും സൗഹൃദത്തില്‍ സംസാരിക്കുന്നത് കണ്ട ഓര്‍മ്മയുണ്ട്.
തുണികള്‍ വാങ്ങി മടങ്ങുമ്പോള്‍ ആര്യഭവനില്‍ നിന്ന് മസാല ദോശ കഴിക്കും. പനയോല കൊണ്ടുണ്ടാക്കിയ വട്ടിയില്‍ പച്ചക്കറികള്‍ വാങ്ങും. സന്തോഷമായി ബസ്സില്‍ വീട്ടിലേക്ക് മടങ്ങും. യാത്രയ്ക്കിടയില്‍ ഞാനും മോനും(അനിയന്‍) ബസ്സില്‍ സൈഡ് സീറ്റിനു വേണ്ടി വഴക്കുകൂടും. പകുതി സമയം മോനും പകുതി സമയം എനിക്കും സൈഡ് സീറ്റ് പകുത്തുതന്നാണ് അച്ഛന്‍ തര്‍ക്കത്തിന് പരിഹാരംകാണുക. അമ്മ സ്വതവേ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും ഇടപെട്ടില്ല. അമ്മയുടെ അച്ഛന്റെയോ മടിയിലാണ് വാവ(അനിയത്തി) ഇരിക്കുക. വസ്ത്രങ്ങളുമായി ബന്ധപ്പെട്ട എന്റെ യാത്രകളുടെ ഓര്‍മ്മകളില്‍ ഇതെല്ലാമുണ്ട്. അവിടെ നിന്ന് പല ദേശങ്ങളിലേക്ക് കാടകങ്ങളിലേക്ക് പുഴയോരങ്ങളിലേക്കും കടലോരങ്ങളിലേക്കും എന്റെ സഞ്ചാരത്തിന്റെ നൂല്‍പ്പാതകള്‍ നീണ്ടു. ദേശാന്തര യാത്രകളുടെ പദചലനമെന്നോണം തറികളുടെ ശബ്ദം എന്നെ അനുഗമിച്ചു. യാത്രകള്‍ വസ്ത്രങ്ങളുമായുള്ള ചങ്ങാത്തത്തിന്റെ ഓര്‍മ്മകള്‍കൂടിയായി വളര്‍ന്നു. ആ ഓര്‍മ്മകള്‍ അങ്ങനെ ഞാനിവിടെ പങ്കുവെച്ചുതുടങ്ങുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the enchanting world of solo travel and the rich history of sarees. From childhood memories of textile shops to newfound passions