തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ കാണാനെത്തിയപ്പോൾ രശ്മികയുടുത്ത സാരിയുടെ വില അറിയണോ?

സിനിമാപ്രേമികളും ഫാഷൻ ലോകവും ഒരുപോലെ ഉറ്റുനോക്കുന്ന താരജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. തങ്ങളുടെ പുതിയ ചിത്രമായ 'രണബാലി'യുടെ റിലീസിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ സന്ദർശിച്ചിരിക്കുകയാണ് ഇരുവരും. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, സോഷ്യൽ മീഡിയയുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവർന്നത് രശ്മിക അണിഞ്ഞ മനോഹരമായ ഇൻഡിഗോ സിൽക്ക് സാരിയാണ്.
ഇൻഡിഗോ അസ്ഗർ സിൽക്ക് സാരിയിലാണ് (Indigo Asgar Silk Saree) രശ്മിക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഫാഷൻ ബ്രാൻഡായ 'റോ മാംഗോ'യുടെ കളക്ഷനിൽ നിന്നുള്ളതാണ് ഈ സാരി. അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 64,800 രൂപയാണ് ഇതിന്റെ വില. കൈത്തറിയിൽ അതിമനോഹരമായി നെയ്തെടുത്ത ഡിസൈനുകളാണ് സാരിയുടെ പ്രധാന ആകർഷണം. പറന്നുയരുന്ന മാലാഖമാരുടെയും പൂക്കളുടെയും ചിത്രങ്ങൾ കൈത്തറിയിൽ നെയ്തു ചേർത്ത സാരിക്ക് സ്കാലപ്പ്ഡ് ബോർഡറാണ് നൽകിയിരിക്കുന്നത്.
ചിക് ചോക്കർ നെക്ലേസ് മാത്രമണിഞ്ഞ്, മിനിമൽ മേക്കപ്പിലാണ് രശ്മിക എത്തിയത്. റോസ്-ന്യൂഡ് ലിപ് ഷേഡും സെന്റർ പാർട്ട് ചെയ്ത വേവി ഹെയർ സ്റ്റൈലുമായിരുന്നു. രശ്മികയ്ക്കൊപ്പം എത്തിയ വിജയ് ദേവരകൊണ്ട ഷോർട്ട് ബന്ദ്ഗളയും കറുപ്പ് ട്രൗസറുമായിരുന്നു ധരിച്ചിരുന്നത്. 'രണബാലി'യിലെ തന്റെ കഥാപാത്രത്തിന്റെ മാസ് ലുക്കിനോട് ചേർന്നുനിൽക്കുന്നതായിരുന്നു താരത്തിന്റെ വേഷം.
മുഖ്യമന്ത്രി വിജയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: "വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വിജയ് സാറിനെ കാണാൻ പോകുന്നത്. ഒരു ആരാധികയായി അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയ കാലം മുതൽ, ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതും ഇന്ന് ഒരു മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണുന്നതും വരെയുള്ള ആ യാത്ര അത്ഭുതപ്പെടുത്തുന്ന ഒന്നാണ്!"
വിജയ് ദേവരകൊണ്ടയും സന്ദർശനത്തിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു: "പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം ചിലവഴിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. നീണ്ടൊരു ദിവസത്തിന് ശേഷവും വളരെ സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ജീവിതത്തെയും ജോലിയെയും കുറിച്ച് അദ്ദേഹം ചില ഉൾക്കാഴ്ചകൾ പങ്കുവെച്ചു. ഒറ്റ സന്ദർശനം കൊണ്ട് തന്നെ അദ്ദേഹം ഞങ്ങളുടെ പ്രിയപ്പെട്ടവനായി മാറി."
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. സുപ്രഭാത സേവയിൽ പങ്കെടുത്ത ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരാണ് ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയത്.
ഒക്ടോബർ 16-നാണ് രശ്മികയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷങ്ങളിലെത്തുന്ന 'രണബാലി' തിയേറ്ററുകളിൽ എത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna wore a Raw Mango Indigo Asgar Silk Saree., The saree is priced at Rs 64,800 featuring handmade angel and floral motifs., Rashmika and Vijay Deverakonda met Tamil Nadu Chief Minister Vijay ahead of Ranabali's release., Ranabali is set against the backdrop of the 1870s Great Madras Famine and releases on October 16.