നെയ്ത്തിന്റെ, നിറത്തിന്റെ, ദാരിദ്ര്യത്തിന്റെ, അധ്വാനത്തിന്റെ പോച്ചംപള്ളിയും സ്വപ്നത്തിലെ കോഫിഷോപ്പും

2019 നവംബര്‍ മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് സ്വന്തമായി ഒരു സംരംഭം എന്ന സാധ്യതയിലേക്ക് ഞാന്‍ എത്തുന്നത്. കണ്ണകി എന്ന പേരില്‍ വസ്ത്രങ്ങള്‍ക്കായി ഒരു സംരംഭം. കണ്ണകിയില്‍ ഇടം സാരികള്‍ക്ക് മാത്രമായിരിക്കണം എന്നായിരുന്നു അക്കാലത്തെ ചിന്ത. അന്ന് രണ്ടുതരം സാരികള്‍ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. പോച്ചംപള്ളി സാരിയും കുത്താമ്പുള്ളി സാരിയും.
യാത്രകളോടുള്ള ഇഷ്ടമാണ് സത്യത്തില്‍ തുണിക്കച്ചവടത്തില്‍ എത്തിച്ചത്. ചെറിയ ചെറിയ യാത്രകള്‍ക്ക് ഇടയില്‍ അറിയാതെ ചെയ്തു പോയ ഒരു കാര്യമായിരുന്നു സാരികള്‍ വാങ്ങുക എന്നത്. ഓരോ യാത്രയിലും അതാതിടങ്ങളില്‍ കിട്ടുന്ന മനോഹരമായ തുണിത്തരങ്ങള്‍ ശേഖരിച്ചു. എത്ര സാരി വാങ്ങിയാലും മതിയാവില്ലായിരുന്നു. നിറങ്ങളോട്, തുണികളോട്, അതിന്റെ വ്യത്യസ്തമായ ടെക്സ്റ്റചറിനോട് ഒക്കെയും അത്രമേല്‍ ഭ്രമമായിരുന്നു. കയ്യിലുള്ള പൈസയ്ക്ക് മുഴുവന്‍ തുണി വാങ്ങിക്കും. നാട്ടില്‍ കൊണ്ടുവന്ന് സുഹൃത്തുക്കള്‍ക്ക് അതേ വിലയ്ക്ക് കൊടുക്കും. ഒരിക്കല്‍പോലും ഒരു സാരിക്കച്ചവടക്കാരി ആകണമെന്നോ, ആകുമെന്നോ പ്രതീക്ഷയോ, വിചാരമോ സ്വപ്നമോ ഉണ്ടായിരുന്നില്ല. പക്ഷേ പോച്ചംപള്ളി സാരികളെ കുറിച്ച് അറിയാം. തെലുങ്കാനയിലെ ഭൂദാന്‍ പോച്ചംപള്ളി എന്ന സ്ഥലത്ത് പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കുന്ന സാരികളാണ് പോച്ചംപള്ളി സാരികള്‍ എന്ന് അറിയപ്പെടുന്നത്. പ്രത്യേകമായ ജ്യാമിതീയ ഡിസൈനുകളാണ് ഈ സാരികളെ പ്രശസ്തമാക്കുന്നത്. പോച്ചംപള്ളി സാരികളുടെ നിര്‍മ്മാണം സങ്കീര്‍ണവും ദൈര്‍ഘ്യമേറിയതുമാണ്.
ജോലി എല്ലാം നഷ്ടപ്പെട്ട കുറച്ചു കാലം ഉണ്ടായിരുന്നു. ആ സമയത്ത് മകള്‍ അമ്മു ഹൈദരാബാദില്‍ വിദ്യാര്‍ഥിനിയായിരുന്നു. കുറച്ചു ദിവസം അവിടെ പോയി നില്ക്കും. ഒന്നും ചെയ്യാനില്ലാതെ ദിവസങ്ങള്‍ അങ്ങനെ കടന്നു പോവുകയാണ്. അമ്മുവിന്റെ ഫ്ലാറ്റില്‍ താമസിക്കുന്ന സമയത്ത്, ഒരിക്കല്‍ പോച്ചംപള്ളിയിലേക്ക് വെറുതെ ഒരു പോക്ക് പോയി. മനോഹരമായി രൂപകല്പന ചെയ്ത തിളക്കമുള്ള പല നിറങ്ങളിലുള്ള പോച്ചംപള്ളി സാരികള്‍. ഒരു വശത്ത് നെയ്ത്തിന്റെയും നിറങ്ങളുടെയും മനോഹരമായ ലോകം. മറുവശത്ത് ദാരിദ്ര്യവും അധ്വാനവും.
മണ്ണിന്റെ നിറങ്ങളായ ടെറാക്കോട്ട, മസ്റ്റാര്‍ഡ് മഞ്ഞ, ഒലിവ് പച്ച എന്നിവയാണ് ഇക്കത്ത് സാരികളുടെ അടിസ്ഥാന നിറങ്ങള്‍. പട്ടിലും പരുത്തിയിലും ഇക്കത്ത് സാരികള്‍ ഉണ്ട്. നെയ്തെടുക്കുന്ന സാരികള്‍ ആയതുകൊണ്ട് സാരിയുടെ മുന്നിലും പിന്നിലും ഡിസൈനുകള്‍ ഒരുപോലെ കാണുന്നു. പോച്ചംപള്ളി സാരികള്‍ എന്നുപറഞ്ഞാല്‍ ഇക്കത്താണ്, ഇക്കത്ത് എന്നാല്‍ പോച്ചംപള്ളി സാരികളാണ് എന്നൊക്കെയായിരുന്നു അന്നത്തെ വിചാരം. കാലക്രമേണ കച്ചവടത്തിലേക്ക് വന്നതോടെ മനസ്സിലായി ഈ ധാരണ പൂര്‍ണമായും ശരിയല്ലെന്ന്. പോച്ചംപള്ളി സാരികള്‍ എല്ലാം ഇക്കത്താണ്. പക്ഷേ, എല്ലാ ഇക്കത്ത് സാരികളും പോച്ചംപള്ളി സാരികള്‍ അല്ല.
ഇക്കത്ത് ഡിസൈനിനെയും സാരികളെയും കുറിച്ച് വളരെ വിശദമായി തന്നെ എഴുതാനുണ്ട്. പോച്ചംപള്ളിയിലേക്കുള്ള ആദ്യ യാത്രയില്‍ കച്ചവടം എന്ന ചിന്ത മനസ്സില്‍ ഉണ്ടായിരുന്നില്ല. വളരെക്കാലമായി കേള്‍ക്കുന്ന തുണിത്തരങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായിരുന്നു ആ യാത്രയ്ക്കുള്ള പ്രചോദനം. എന്തായാലും കുറച്ചു മെറ്റീരിയലുകളും സാരികളും വാങ്ങിപ്പോന്നു. പതിവു പോലെ നാട്ടില്‍ വന്ന് വാങ്ങിയതൊക്കെയും ആര്‍ക്കെല്ലാമോ കൊടുത്തു. സത്യം പറഞ്ഞാല്‍ പരാജയപ്പെട്ടുപോയ ഒട്ടനവധി പരിശ്രമങ്ങളാണ് എന്നെ സാരിക്കച്ചവടക്കാരിയാക്കി മാറ്റിയതെന്ന് പറയുന്നതാവും കൂടുതല്‍ ശരി.
അമ്മു താമസിച്ചിരുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്തുതന്നെയാണ് സീതാഫല്മണ്ടി റെയില്‍വേ സ്റ്റേഷന്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ആള്‍ക്കാരെയും തീവണ്ടികളെയും നോക്കി വെറുതെ ഇരുന്നു. നീണ്ട പ്ലാറ്റ്ഫോം ഉള്ള മനോഹരമായ റെയില്‍വേ സ്റ്റേഷന് ആണ് സീതാഫല്മണ്ടി. സ്ഥലങ്ങളോ ഭാഷയോ ദിക്കുകളോ അറിയില്ല. ആ ഇരിപ്പില്‍ സീതാഫല്മണ്ടിയുടെ ഒരു വശത്ത് ഹൈദരാബാദും മറുവശത്ത് കാച്ചിഗുഡയും ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കുറച്ചു ദിവസം അങ്ങനെ ഇരുന്നു കഴിഞ്ഞപ്പോള്‍ തോന്നി ട്രെയിനില്‍ കയറി ഹൈദരാബാദിലേക്ക് പോയാലോ എന്ന്. പിന്നെ അതൊരു ഹരമായി. അന്ന് എംഎംടിഎസ്സില് ട്രെയിന്‍ ടിക്കറ്റിന് അഞ്ചു രൂപയായിരുന്നു.
പിന്നെ എല്ലാ ദിവസവും രാവിലെ അമ്മു പോയാല്‍ വേഗം തന്നെ ഞാനും ഇറങ്ങുകയായി. ട്രെയിനില്‍ കയറി വെറുതെ യാത്ര ചെയ്യുക. ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങുക. പരിസരത്തെല്ലാം വെറുതെ ചുറ്റിക്കറങ്ങി, അടുത്ത വണ്ടിക്ക് സീതഫല്മണ്ടിക്ക്.... ആദ്യ ദിവസങ്ങളില്‍ നല്ല പേടിയുണ്ടായിരുന്നു. ആ പേടിയുടെ ഭാഗമായ പരിമിതികളും ഉണ്ടായിരുന്നു. ഒന്നോ രണ്ടോ സ്റ്റേഷന് കഴിയുമ്പോള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങും. അടുത്ത വണ്ടിക്ക് തിരിച്ചുവന്ന് അമ്മുവിന്റെ ഫ്ലാറ്റില്‍ ഇരിക്കും.
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പേടി മാഞ്ഞുതുടങ്ങി. യാത്രയുടെ ദൈര്‍ഘ്യം കൂട്ടിത്തുടങ്ങി. ഏതെങ്കിലുമൊക്കെ സ്റ്റേഷനുകളില്‍ ഇറങ്ങി പരിസരമൊക്കെ ചുറ്റിക്കാണാന്‍ തുടങ്ങി. സര്‍വ്വസ്വതന്ത്രയായി നില്ക്കുന്ന സമയമാണത്. ജോലി ഇല്ല. കൈയില്‍ അത്യാവശ്യം കുറച്ചു പൈസ ഉണ്ട്. ജീവിതത്തിന്റെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും അതിനൊപ്പംതന്നെ സന്തോഷവും നിറഞ്ഞ ദിവസങ്ങളായിരുന്നു അത്.
മുന്നോട്ടുള്ള ജീവിതത്തിന് ഒരു പുതിയദിശ കണ്ടെത്തുന്നതിനെപ്പറ്റി ഇടതടവില്ലാതെ ചിന്തിച്ചിരുന്ന കാലംകൂടിയായിരുന്നു അത്. ആ ചിന്തയെ അധിക ദൂരത്തേക്ക് മേയാന്‍ അനുവദിക്കാത്ത ആദ്യത്തെ തടസ്സം പണംതന്നെയായിരുന്നു. എന്ത് ചെയ്യണം എന്ന ആലോചനകളില്‍ ഒരു കോഫി സ്പോട്ടാണ് എപ്പോഴും മനസ്സിലുണ്ടായിരുന്നത്. ഏതോ വായനയിലൂടെ അറിയാതെ ഉള്ളില്‍ പതിഞ്ഞൊരു ചിത്രം കൂടിയാണത്. സിമോണ്‍ ദ ബൊവയൂം സാര്‍ത്രും ഫ്രാന്‍സിലെ ഗ്യാലറി പോലെ ഇരിപ്പിടങ്ങളൊരുക്കിയ, ഇരുണ്ട വെളിച്ചമുള്ള ഒരു കോഫിഷോപ്പിന്റെ ഏറ്റവും മുകളിലെ വരിയില്‍ ഇരുന്നു സംസാരിക്കുന്നു. വായനയില്‍ മനസ്സില്‍ കയറിയ ആ ദൃശ്യം മാഞ്ഞുപോകാത്തവിധം ദൃഢമായിരുന്നു. ശരിക്കും അങ്ങനെ ഒരു കടയുണ്ടായിരുന്നോ... അതോ ഒക്കെയും എന്റെ സങ്കല്പമായിരുന്നോ. എനിക്കിപ്പോഴും അറിയില്ല.
എന്തായാലും അങ്ങനെയൊരു കോഫി ഷോപ്പ് ഉണ്ടാക്കണം. അരണ്ട വെളിച്ചത്തില്‍ സിമോണിനെയും സാര്‍ത്രിനെയും കാഫ്കയെയും പോലുള്ള പ്രതിഭകള്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരുപോലെ വന്നിരിക്കാനും എത്രനേരം വേണമെങ്കിലും ഒന്നിച്ചിരിക്കാനും ഒറ്റയ്ക്കിരിക്കാനും സംവദിക്കാനും ഉള്ള കോഫിഷോപ്പ്. എസിയുടെ തണുപ്പും സംഗീതത്തിന്റെ മാറ്റൊലിയും നിറഞ്ഞ ഇടമായിരിക്കണം അതെന്നെനിക്ക് മോഹമുണ്ടായിരുന്നു. വന്നിരിക്കുന്നവരുടെ സംഭാഷണങ്ങള്‍ക്കും സ്വകാര്യതയ്ക്കും തടസ്സമുണ്ടാക്കാതെ ചൂട് കോഫിയും സമൂസയും കൊടുക്കുന്ന കോഫി സ്പോട്. ഇപ്പോഴും ആ സ്വപ്നം മനസ്സിലുണ്ട്. ഇക്കുറി നടന്നില്ലെങ്കില്‍ ഇനിയൊരു ജന്മമുണ്ടെങ്കില് അപ്പോഴെങ്കിലും ഒരു കോഫീഷോപ്പുകാരി ആവണം. വൈകുന്നേരങ്ങളില്‍ ഗസലിന്റെ ഇമ്പംനിറയുന്ന കോഫി ഷോപ്പ്.
ആ സ്വപ്നവും മനസ്സിലിട്ട് അങ്ങനെ തെലുങ്കാനയില്‍ കറങ്ങി നടക്കുന്ന മഴയുള്ള ഒരു സന്ധ്യക്ക് കാച്ചിഗുഡ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. തണുത്ത ദിവസം. തണുത്ത മഴ. എവിടെനിന്നോ എന്റെ സ്വപ്നത്തിലെ കോഫി മണം! മണം പിടിച്ച് മുന്നോട്ട് നടന്നു. ഒരാളു പോലുമില്ലാത്ത ചെറിയ ഒരു കോഫിഷോപ്പ്. ഗ്യാലറി അല്ല ഇരിപ്പിടങ്ങളാണ് എന്നതൊഴിച്ചാല്‍ ഏകദേശം ഞാന്‍ വിചാരിക്കുന്നത് പോലെയുള്ള അന്തരീക്ഷം. കഫേ കോഫി ഡേ.....(CCD) പേര് എഴുതിയിരിക്കുന്ന രീതിയില്‍ ഒരു വ്യത്യസ്തതയുണ്ട്. ഇഷ്ടമായി. സാധാരണ കോഫിഷോപ്പിന് ഉള്ളതുപോലത്തെ എഴുത്തല്ല അത്. പുറമേ നിന്ന് നോക്കിയാലോ അകത്തുകയറിയാലോ കോഫിഷോപ്പ് ആണെന്ന് തോന്നുകയില്ല. ദൈവമേ.... ഇതില്‍ ചെറിയൊരു മോഡിഫിക്കേഷന് വരുത്തിയാല്‍ എന്റെ സങ്കല്പത്തിന്റെ നേര്‍പതിപ്പായി. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. രണ്ടോ മൂന്നോ സ്റ്റാഫ് ഉണ്ട്. കുറേ നേരമിരുന്നു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു. മെനു നോക്കുമ്പോള്‍ ഒരു കോഫിക്ക് 120 രൂപ. വേണോ... ഇറങ്ങിപ്പോയാല്‍ മോശമാകുമോ. പക്ഷേ 120 രൂപ കൊടുത്ത് ഒരു കോഫി കുടിക്കാനുള്ള കനം എന്റെ പേഴ്സിനില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ പതുക്കെ പുറത്തിറങ്ങി. പക്ഷേ മനസ്സില്‍ ആ കോഫിഷോപ്പ് പതിഞ്ഞു കിടന്നു, പുതിയ സ്വപ്നത്തിലേക്കുള്ള പാതയേറുംമുമ്പുള്ള പ്രലോഭനമായി, പ്രതീക്ഷയായി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the rich heritage of Pochampally sarees, their intricate designs, and the inspiring journey of a woman who found her calling amidst weaving traditions and cafe dreams.