നിത അംബാനി ധരിച്ച നെക്ലേസിന് പ്രചോദനമായത് ഇൻഡോറിലെ മഹാറാണി സൻയോഗിത ദേവിയുടെ നെക്ലേസ്

നിത അംബാനി / ഇൻസ്റ്റഗ്രാം(nmacc.india)
നിത അംബാനി / ഇൻസ്റ്റഗ്രാം(nmacc.india)

നിത അംബാനിയുടെ സ്റ്റെെലും ഫാഷൻ സങ്കല്പങ്ങളും പലപ്പോഴും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തിൽ നടന്ന പിങ്ക് ബോളിൽ സഹ അധ്യക്ഷയായ, മകൾ ഇഷ അംബാനിയ്ക്കൊപ്പം എത്തിയ നിതയുടെ ലുക്കാണിപ്പോൾ ചർച്ചയാകുന്നത്. തന്റെ സ്വകാര്യ ആഭരണശേഖരത്തിലെ മനോഹരമായ നെക്ലേസ് അണിഞ്ഞാണ് നിത എത്തിയത്. നിതയുടെ സോട്ടുവ നേക്ലേസ് ഇൻഡോർ മഹാറാണിയുടെ നേക്ലേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തതാണ്.

ഒരുകാലത്ത് ഇൻഡോർ മഹാറാണിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏറ്റവും പ്രശസ്തമായ നെക്ലേസുകളിലൊന്നാണിത്. വജ്രങ്ങളും മരതകങ്ങളും കൊണ്ട് നിർമ്മിച്ച, ഈ നെക്ലേസിൻ്റെ മധ്യഭാഗത്തായി 70 കാരറ്റ് മരതകവും 40 കാരറ്റ് വീതമുള്ള പെയർ ഷേപ്പിലുള്ള രണ്ട് ഡയമണ്ട് സോളിറ്റയറുകളും ഉണ്ട്.

ഇത്, 1933-ൽ മൗബൂസിൻ ആണ് നിർമ്മിച്ചത്. സൻയോഗിത ദേവി ധരിച്ച നെക്ലേസിലെ രണ്ട് പെയർ ഷേപ്പിലുള്ള വജ്രങ്ങൾ 1913-ൽ തൻ്റെ യൂറോപ്യൻ പര്യടനത്തിനിടെ തുക്കോജി റാവു ഹോൾക്കർ മൂന്നാമൻ വാങ്ങിയതായിരുന്നു. തൻ്റെ ഭാര്യയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നതിനായി അദ്ദേഹം ഫ്രഞ്ച് ആഭരണ നിർമ്മാതാക്കളായ ഷോമെയുടെ പാരീസ് സലൂൺ സന്ദർശിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, 1913-ൽ ഈ വജ്രങ്ങൾക്ക് 631,000 ഫ്രാങ്ക് വിലയുണ്ടായിരുന്നു, പിന്നീട് ഇവ 'ഇൻഡോർ പെയേഴ്സ്' എന്നറിയപ്പെട്ടു. ഫ്രഞ്ച് ലവലിയർ ശൈലിയിൽ മനോഹരമായ ഒരു നെക്ലേസായി പിന്നീടത് രൂപകൽപ്പന ചെയ്തെന്നും പറയപ്പെടുന്നു.

പരമ്പരാഗത ശൈലിയിൽ ഞൊറിഞ്ഞെടുത്ത കാഞ്ചീപുരം സാരിയിലാണ് നിത എത്തിയത്. മനോഹരമായ മുന്താണി തോളിൽ നിന്ന് താഴേക്കിട്ട്, മറ്റേ അറ്റം കെെകളിൽ ചുറ്റിയായിരുന്നു നിതയുടെ വരവ്. മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത ഈ പട്ടുസാരിയുടെ പ്രത്യേകത വെള്ളിയിൽ തീർത്ത കട്ട്‌വർക്ക് മുന്താണിയാണ്.

ഇതിനൊപ്പം  മൽഹോത്രയുടെ തന്നെ കൊട്ടൂർ ലേബലിൽ നിന്നുള്ള, രത്നങ്ങൾ പതിച്ച ബട്ടണുകളോടു കൂടിയ ഓഫ്-ഷോൾഡർ കോർസെറ്റ്  ചോളിയാണ് സ്റ്റെെൽ ചെയ്തത്. എംബ്രോയ്ഡറി ചെയ്ത ബോർഡറുകൾ ലുക്കിനെ കൂടുതൽ ആകർഷകമാക്കി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nita Ambani wows in a breathtaking necklace inspired by the Indore Maharani and Kanjeevaram saree.