കൈകൊണ്ട് നെയ്യുന്ന ‘മമത സാരികള്‍’, വില 400 രൂപ മുതല്‍

തനിമയുള്ള സ്‌റ്റൈല്‍ കൊണ്ട് ശ്രദ്ധേയയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈയിടെ ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ സാരിയും സ്ലിപ്പറും ധരിച്ച് പ്രഭാതനടത്തത്തിനിറങ്ങിയ മമതയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. വിദേശത്തായാലും സ്വദേശത്തായാലും ബംഗാളിലെ ദീദി എന്നും ലളിതമായ കോട്ടണ്‍ സാരികളാണ് ധരിക്കുന്നത്. മമത സാരികള്‍ എന്നാണ് ആ സാരികള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ.
2009 മുതല്‍ പ്രത്യേകം നെയ്‌തെടുക്കുന്ന ധനിയാഖാലി സാരികളാണ് മമത ധരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്ക് അവര്‍ ഈ സാരികള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. നേര്‍ത്ത വരകളും, പച്ചയോ മറ്റ് ഇളം നിറങ്ങളിലോ ഉള്ള വീതി കുറഞ്ഞ കരയുമുള്ള ലളിതമായ വെള്ള കൈത്തറി സാരികളാണ് മമതയ്ക്ക് പ്രിയം. കടുംചുവപ്പും മെറൂണ്‍ നിറങ്ങളും കരയായി വരുന്ന സാരികളെ അവര്‍ ഒഴിവാക്കാറുണ്ട്. സാധാരണ 'ബാരോ ഹാത്തി'നേക്കാള്‍ (പന്ത്രണ്ട് മുഴം) നീളം കൂടിയ 'തേരോ ഹാത്ത്' (പതിമൂന്ന് മുഴം) ആണ് അവരുടെ സാരികള്‍. 'മമത സാരികള്‍' എന്ന പേരില്‍ വ്യാപകമായി അറിയപ്പെടുന്ന ഈ സാരികള്‍ക്ക് 400 രൂപ മുതലാണ് വില.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ധാനിയാഖാലി ഗ്രാമത്തില്‍ നിന്നാണ് ഈ സാരിയുടെ വരവ്. പാരമ്പര്യമായി കൈത്തറിയില്‍ നെയ്യുന്ന പരുത്തി സാരിയാണ് ധാനിയാഖാലി സാരി. കട്ടിയുള്ള കരകളുള്ള സാരി ലളിതസൗന്ദര്യത്തിന് പേരുകേട്ടതാണ്. സാധാരണയായി ഏകദേശം ആറ് മീറ്റര്‍ നീളമാണ് സാരിക്കുണ്ടാകുക. ചാരനിറത്തിലോ വെള്ളയിലോ ഉള്ള ഉടല്‍ ഭാഗം. ചുവപ്പോ കറുപ്പോ നിറത്തില്‍ 1.5 മുതല്‍ 2 ഇഞ്ച് വരെ വീതിയുള്ള കട്ടിയുള്ള കരകളും. നെയ്യുന്ന സമയത്ത് ചൗവ്വരി ഉപയോഗിച്ച് നടത്തുന്ന ഒരു പ്രത്യേക പശയിടലാണ് ഈ തുണിക്ക് കട്ടി നല്‍കുന്നത്.
'ധാനേര്‍ ശിഷ്' എന്നറിയപ്പെടുന്ന നെല്‍ക്കതിരുകളോട് സാമ്യമുള്ള ചിത്രപ്പണികളോ, കട്ടികൂടിയതും കുറഞ്ഞതുമായ വരകള്‍ ഒന്നിടവിട്ട് വരുന്നതുപോലുള്ള ലളിതമായ ഡിസൈനുകളോ സാരിയില്‍ കാണാം. കൈകൊണ്ട് നെയ്‌തെടുക്കുന്നതിനാല്‍, ഓരോ സാരിയിലും ചെറിയ അപൂര്‍ണ്ണതകളോ നിറവ്യത്യാസങ്ങളോ കാണപ്പെട്ടേക്കാം. സാംസ്‌കാരികവും കരകൗശലപരവുമായ പൈതൃകം കണക്കിലെടുത്ത് ധാനിയാഖാലി സാരിക്ക് ഭൗമസൂചിക (GI) പദവി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover authentic handloom Mamata sarees, inspired by the Bengal CM. Starting from just Rs. 400, these elegant cotton sarees feature traditional designs. Shop now!