പെയിന്റ് ബക്കറ്റ് പോലെ ബാഗ്, വില 1.9 ലക്ഷം; രണ്ട് ഫോണും മറ്റ് വസ്തുക്കളും ഇതിൽ വെക്കാം

ലൂയി വിറ്റൺ പെയിന്റ് കാൻ ബാഗ് / Instagram
ലൂയി വിറ്റൺ പെയിന്റ് കാൻ ബാഗ് / Instagram

ധീരമായ ഫാഷൻ തിരഞ്ഞെടുപ്പുകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെടുന്നയാളാണ് ഗായിക കനിക കപൂർ. ഇക്കഴിഞ്ഞ ദിവസം പാപ്പരാസികൾ അവരുടെ ചിത്രമെടുത്തപ്പോൾ, ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അവരുടെ കൈയിലുള്ള ബാഗാണ്. പെയിന്റ് കാനിനോട് (ബക്കറ്റ്)സാമ്യമുള്ള ബാഗായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത്. ഇതുകണ്ടതോടെ ആളുകൾക്ക് കൗതുകമേറി.

അന്വേഷിച്ചെത്തിയത് ലോകോത്തരബ്രാൻഡായ ലൂയി വിറ്റണിൽ തന്നെ. ഫാഷൻ പ്രേമികൾക്ക് എന്നും അദ്ഭുതങ്ങൾ സമ്മാനിക്കുന്ന ലൂയി വിറ്റണിന്റെ ഏറ്റവും പുതിയ ഡിസൈനാണ് ഈ ബാഗ്. ബ്രാൻഡിന്റെ സിഗ്നേച്ചർ മോണോഗ്രാം പ്രിന്റ്, ഉറപ്പുള്ള ലെതർ ടോപ്പ് ഹാൻഡിൽ, വേർപ്പെടുത്താവുന്ന സ്ട്രാപ്പ് എന്നിവയാണ് ഇതിന്റെ പ്രത്യേകത.

കമ്പനി ബാഗിന്റെ ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ തന്നെ പലതരത്തിലുള്ള ചർച്ചകളും നടന്നു. ചിലർ ഈ ഐഡിയയെ പ്രശംസിച്ചപ്പോൾ, മറ്റു ചിലർ രൂക്ഷമായി കളിയാക്കുകയാണ്. 'പെയിന്റ് കാനും കൊണ്ട് നടക്കുന്നതും ഫാഷനാണോ, ഇത് ശരിക്കും ബോർ ആണ്, ഈ ബാഗ് ആരാണ് ഉപയോഗിക്കുക...' കമന്റുകൾ നീളുന്നു.

സ്ലിങ് ബാഗായും ഇത് ഉപയോഗിക്കാം. രണ്ട് ഫോണുകളും മറ്റ് വ്യക്തിഗത വസ്തുക്കളും സൂക്ഷിക്കാൻ മതിയായ ഇടം ബാഗിലുണ്ടെന്ന് ബ്രാൻഡ് അധികൃതർ പറയുന്നു. LV Paint Can bag എന്നാണ് അവരതിന് പേരിട്ടിരിക്കുന്നത്. 1.9 ലക്ഷം രൂപയാണ് ബാഗിന്റെ വില.

ക്രോം മെറ്റൽ ഹാൻഡിലും ഫ്‌ളിപ്പ്-ടോപ്പ് ലിഡുമുള്ള ഒരു യഥാർഥ പെയിന്റ് കാനിന്റെ ആകൃതിയിലാണ് ബാഗ് നിർമിച്ചിരിക്കുന്നത്. ഒന്നിലധികം നിറങ്ങളിൽ ലഭ്യമാണ്. നീല. ചുവപ്പ്, മഞ്ഞ, പച്ച, പർപ്പിൾ, ഓറഞ്ച് നിറങ്ങളിൽ ബാഗ് വിൽക്കപ്പെടുന്നു.

നേരത്തെ ഇന്ത്യൻ ഓട്ടോറിക്ഷയുടെ ആകൃതിയിലുളള ലൂയി വിറ്റൺ ബാഗും ചർച്ചയായിരുന്നു. ഓട്ടോറിക്ഷയുടെ ചക്രങ്ങളടക്കം ഡിസൈനിൽ കൊണ്ടുവന്നുവെന്നതാണ് അതിന്റെ പ്രത്യേകത.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Singer Kanika Kapoor spotted with a unique Louis Vuitton "Paint Can" bag. Discover its design, price, and the online reaction to this quirky fashion statement.