അന്ന് ജയലളിതയുടെ മോതിരവും സാരിയുമെല്ലാം പച്ചയായിരുന്നു;പച്ചനിറത്തോടുള്ള ഇഷ്ടത്തിനുപിന്നില്‍

ജെ.ജയലളിത / UNI
ജെ.ജയലളിത / UNI

ഡിസംബര്‍ 6, 2016. പോയസ് ഗാര്‍ഡനിലെ 'വേദ നിലയ'ത്തിനുപുറത്ത് തനിക്കേറെ ഇഷ്ടമുള്ള പച്ചയില്‍ മെറൂണ്‍ ബോര്‍ഡറുള്ള സാരിയുടുത്ത് ജെ.ജയലളിത എത്തി. അവസാനമായി തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രിയെ കാണുന്നതിനായി ആളുകള്‍ തിക്കിത്തിരക്കി. ഒടുവില്‍ വൈകുന്നേരത്തോടെ അവരുടെ ശരീരം അന്ത്യകര്‍മങ്ങള്‍ക്കായി എം.ജി.ആര്‍ സ്മാരകത്തിലേക്ക് കൊണ്ടുപോവുമ്പോഴും അതേ പച്ചസാരിയില്‍ തന്നെയായിരുന്നു. 

ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട നിറമായിരുന്നു പച്ച, ഒപ്പം മെറൂണും. അവരുടെ ജീവിതത്തിലെ ഓരോ പ്രധാനഘട്ടങ്ങളിലും ആ നിറത്തിന്റെ സാന്നിധ്യമുണ്ട്. അഞ്ചാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍, അവര്‍ ധരിച്ചത് പച്ചസാരിയാണ്. ആറാം തവണ ധരിച്ചതും പച്ചനിറത്തിലുള്ള സാരിയാണ്. സത്യപ്രതിജ്ഞയ്ക്കായി മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയം അലങ്കരിച്ചതും പച്ചനിറത്തിലുള്ള അലങ്കാരവസ്തുക്കള്‍ ഉപയോഗിച്ചാണ്. അന്ന് ഒപ്പിടാനായി അവര്‍ ഉപയോഗിച്ചത് പച്ചപേനയാണ്. ഒപ്പം പച്ചനിറത്തിലുള്ള കല്ലുള്ള മോതിരവും അന്ന് ശ്രദ്ധേയമായി. അന്ന് ജയലളിതയുടെ തോഴി ശശികലയും ചില പാര്‍ട്ടിപ്രവര്‍ത്തകരും ധരിച്ചതും പച്ചസാരിയെന്നതും കൗതുകമായി. 

ഫോട്ടോ: PTI

ജയലളിതയുടെ ഭാഗ്യനിറവും പ്രിയപ്പെട്ട നിറവും പച്ചയും മെറൂണുമാണെന്ന് പറയപ്പെടുന്നു. അതില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടത് പച്ച. ആദ്യമൊക്കെ സൗമ്യമായ നിറങ്ങളായിരുന്നു അവര്‍ക്ക് പ്രിയങ്കരം. പിന്നീടാണ് കടുംനിറങ്ങളിലേക്ക് മാറുന്നത്. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് പച്ചനിറം ഭാഗ്യമായി തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു. 

പാര്‍ട്ടി സമ്മേളനങ്ങളിലും ജയലളിത പങ്കെടുക്കുന്ന ചടങ്ങുകളിലുമെല്ലാം സ്റ്റേജിന്റെ പശ്ചാത്തലം പച്ചനിറമായിരിക്കും. എ.ഐ.എ.ഡി.എം.കെ.യുടെ പരിപാടികളില്‍ ചെണ്ടമേളം നടത്തുന്ന വാദ്യക്കാര്‍ ധരിക്കുന്ന ഷാള്‍ പോലും പലപ്പോഴും പച്ചനിറമായിരുന്നു. പാര്‍ട്ടി വെബ്‌സൈറ്റിലെ നിറവും പച്ച. പാര്‍ട്ടിപത്രത്തില്‍ പ്രധാന തലക്കെട്ടുകളും പച്ചയില്‍ തന്നെയാണ് കൊടുക്കാറുണ്ടായിരുന്നത്. 

  


 

Content Highlights: jayalalithaa and her favourite green colour