ഗൂഗിള്‍ ഇമേജസിന്റെ പിറവിക്ക് കാരണമായ ജെന്നിഫര്‍ ലോപസിന്റെ ജങ്കിള്‍ ഡ്രസ്സ്

2000-ൽ 42-ാമത് ഗ്രാമ്മി അവാര്‍ഡില്‍ ജങ്കിള്‍ ഗ്രീന്‍ ഡ്രസ് ധരിച്ചെത്തിയ ജെന്നിഫര്‍ ലോപസ്, 2019-ല്‍ മിലാൻ ഫാഷന്‍ വീക്കില്‍ സ്പ്രിങ്/സമ്മര്‍ 2020 ജങ്കിള്‍ ഗ്രീന്‍ ഡ്രസ് ധരിച്ചെത്തിയപ്പോള്‍/ ഫോട്ടോ: Getty Images
2000-ൽ 42-ാമത് ഗ്രാമ്മി അവാര്‍ഡില്‍ ജങ്കിള്‍ ഗ്രീന്‍ ഡ്രസ് ധരിച്ചെത്തിയ ജെന്നിഫര്‍ ലോപസ്, 2019-ല്‍ മിലാൻ ഫാഷന്‍ വീക്കില്‍ സ്പ്രിങ്/സമ്മര്‍ 2020 ജങ്കിള്‍ ഗ്രീന്‍ ഡ്രസ് ധരിച്ചെത്തിയപ്പോള്‍/ ഫോട്ടോ: Getty Images

ഫാഷന്‍ ഇവന്റുകളുമായി ബന്ധപ്പെട്ട് രസകരമായ ധാരാളം സംഭവങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ ചിലത്‌ ചരിത്രത്തില്‍തന്നെ ഇടംപിടിക്കുന്നതാണ്. ഗൂഗിള്‍ ഇമേജസിന്റെ പിറവിക്കുപിന്നിലും ഫാഷനുമായി ബന്ധപ്പെട്ട ഒരു സംഭവമുണ്ട്. 

വര്‍ഷം 2000. 42-ാമത് ഗ്രാമി അവാര്‍ഡ് വേദി. റെഡ് കാര്‍പ്പെറ്റിലേക്ക് അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപസ് നടന്നുവന്നു. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവുകൂടിയായി അത് മാറി. 

വിഖ്യാത ലക്ഷ്വറി ബ്രാന്‍ഡായ വേര്‍സാച്ചിയുടെ ജങ്കിള്‍ ഗ്രീന്‍ ഡ്രസ് ധരിച്ചായിരുന്നു ജെന്നിഫര്‍ ലോപസ് വേദിയിലേക്ക് എത്തിയത്. ഞൊടിയിടയില്‍ കാണികളുടെയും ഫോട്ടോഗ്രാഫേഴ്‌സിന്റെയും ശ്രദ്ധ ജെന്നിഫര്‍ ലോപസിലേക്ക് തിരിഞ്ഞു. ഗ്രാമി അവാര്‍ഡ് ഫങ്ഷനുശേഷം ജെന്നിഫര്‍ ലോപസിന്റെ അന്നത്തെ വസ്ത്രം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ആളുകള്‍ ഒന്നടങ്കം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗൂഗിള്‍ ഇമേജസ് ആരംഭിക്കാന്‍ വഴിത്തിരിവായത്. 

പ്രശസ്ത ലക്ഷ്വറി ബ്രാന്‍ഡായ വെര്‍സാച്ചിയുടെ ഇംപോസിബ്ലി ഡീപ് വി ജങ്കിള്‍ ഡ്രസ്സായിരുന്നു ജെന്നിഫര്‍ ലോപസ് ധരിച്ചത്. വേര്‍സാച്ചിയുടെ ക്രിയേറ്റീവ് ഡയറക്ടറായ ഡോണറ്റെല്ല വേര്‍സാച്ചിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നത്. ഷീര്‍ ഫാബ്രിക്കില്‍ ട്രോപ്പിക്കല്‍ ലീഫും ബാംബൂ പാറ്റേണും പ്രിന്റ് ചെയ്ത സില്‍ക്ക് ഷിഫോണ്‍ വസ്ത്രം. ജങ്കിള്‍ ഗ്രീന്‍, സീ ഗ്രീന്‍, ട്രോപ്പിക്കല്‍ ഗ്രീന്‍ ഡ്രസ് എന്നിങ്ങനെയാണ്. നേവലില്‍നിന്നും അല്‍പം താഴെയായാണ് ഈ വസ്ത്രത്തിന്റെ നെക്ക് പോര്‍ഷന്‍. 2020 ലെ മിലാനിലെ ഫാഷന്‍ വീക്കില്‍ വേര്‍സാച്ചിയുടെ സ്പ്രിങ് സമ്മര്‍ ഷോയുടെ ഭാഗമായി ജെന്നിഫര്‍ ലോപസ് വീണ്ടും ഇതേ വസ്ത്രം ധരിച്ചെത്തിയതും ഫാഷന്‍ലോകം ചര്‍ച്ചചെയ്തിരുന്നു. 'സാങ്കേതികയില്‍ ഇത്രവലിയ സ്വാധീനം സൃഷ്ടിക്കാന്‍ ജങ്കിള്‍ പ്രിന്റഡ് വസ്ത്രത്തിനാവുമെന്ന് ആര്‍ക്കുമറിയില്ലായിരുന്നു' എന്ന് ജെന്നിഫര്‍ ലോപസ് ഒരിക്കല്‍ പറഞ്ഞു. 

1998 സെപ്റ്റംബറിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ സിസ്റ്റമായ ഗൂഗിള്‍ ആരംഭിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രങ്ങളോ വീഡിയോകളോ ഇല്ലാതെ, നീല നിറത്തില്‍ ടെക്‌സ്റ്റ് ലിങ്കുകള്‍ മാത്രമായാണ് ഗൂഗിള്‍ സെര്‍ച്ച് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ 2000, ഫെബ്രുവരി മാസത്തില്‍ നടന്ന ഗ്രാമ്മി അവാര്‍ഡ് ഫങ്ഷനുശേഷം ജെന്നിഫര്‍ ലോപസ് ഗ്രീന്‍ ഡ്രസ്, ജെനിഫര്‍ ലോപസ് ജങ്കിള്‍ പ്രിന്റ് ഡ്രസ്, ജെന്നിഫര്‍ ലോപസ് ഗ്രാമ്മി ഡ്രസ്... എന്നിങ്ങനെ അന്നത്തെ വസ്ത്രത്തെക്കുറിച്ച് ധാരാളംപേര്‍ സെര്‍ച്ച് ചെയ്തിരുന്നു. ഗൂഗിളിന്റെ മുന്‍ സിഇഓയും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്ന എറിക് സ്‌ക്മിത് ഈ അവസരത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് ടെക്‌സ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍കൂടി തിരയാനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. 2001 ജൂലായ് മാസത്തിലായിരുന്നു ഗൂഗിള്‍ ഇമേജ് സെര്‍ച്ചിന് തുടക്കമാകുന്നത്. അതോടെ വേള്‍ഡ് വൈഡ് വെബ്ബില്‍ ചിത്രങ്ങളും തിരയാന്‍ സാധിച്ചു. 

ഇതേക്കുറിച്ച് എറിക് സ്‌ക്മിത് പ്രൊജക്ട് സിന്‍ഡിക്കേറ്റ് 2015 എന്ന മാധ്യമത്തില്‍ ഇങ്ങനെ ഏഴുതി, "ഗൂഗിള്‍ തുടങ്ങിയപ്പോള്‍, കമ്പ്യൂട്ടറില്‍ അല്‍പനേരം കുറച്ച് വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോഴേക്കും ഏകദേശം എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുകള്‍ ലഭിക്കുക എന്നത് ആളുകള്‍ക്ക് വലിയ കൗതുകമായിരുന്നു. എന്നാല്‍ ടെക്സ്റ്റുകള്‍ മാത്രമായിരുന്നില്ല ആളുകള്‍ക്ക് വേണ്ടത്. 2000-ലെ ഗ്രാമി അവാര്‍ഡിന് ജെന്നിഫര്‍ ലോപസ് ധരിച്ച പച്ച നിറത്തിലുള്ള വസ്ത്രം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുവരെ എന്താണ് ഉപഭോക്താക്കള്‍ക്ക് ആവശ്യമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ആ അവാര്‍ഡിന് ശേഷം ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ജെന്നിഫര്‍ ലോപസിന്റെ വസ്ത്രത്തെക്കുറിച്ചായിരുന്നു. ഇതോടെ ഗൂഗിള്‍ ഇമേജ് സെര്‍ച്ചിന് തുടക്കമായി". 

Content Highlights: how jennifer lopez jungle dress inspired google to start google image