വിലക്കയറ്റം ബാധിക്കാത്ത, ജെൻ സിയുടെ സ്വർണലോകം

Photo:Freepik
Photo:Freepik

‘എത്ര പവനുണ്ട്?’ എന്ന ചോദ്യത്തിൽനിന്ന് ‘എത്ര സ്‌റ്റൈലിഷാണ്?’ എന്ന ചോദ്യത്തിലേക്കാണ് സ്വർണലോകം മാറുന്നത്. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ജെൻ സി (Gen Z)തലമുറ പാരമ്പര്യത്തെ കൈവിടാതെ തന്നെ സ്വർണത്തെ പുനർനിർവചിക്കുകയാണ്. ഒരുകാലത്ത് സ്വർണത്തിന്റെ മൂല്യം അതിന്റെ ഭാരവും കാരറ്റുമായിരുന്നു നിർണയിച്ചിരുന്നത്.

എന്നാൽ ഇന്നത്തെ യുവാക്കൾ ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യക്തിത്വം, ഡിസൈൻ, ഉപയോഗസൗകര്യം, വൈവിധ്യം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആഭരണവിപണിയിലും പുതിയൊരു മാറ്റം പ്രകടമാണ്.

സ്വർണം ഭാരമാകരുത്

മുൻകാലങ്ങളിൽ കുടുംബപാരമ്പര്യമായി ആഭരണങ്ങൾ കൈമാറുന്നത് പതിവായിരുന്നു. പലർക്കും പ്രത്യേക സ്വർണാഭരണ കളക്ഷൻ തന്നെയുണ്ടായിരുന്നു. അന്നൊക്കെ വിവാഹത്തിന് ഭാരമേറിയ മാലകളും വളകളുമായിരുന്നു വാങ്ങിയിരുന്നത്. എന്നാൽ ജീവിതശൈലിയോട് ചേർന്നുനിൽക്കുന്ന ആഭരണങ്ങളോടാണ് ജെൻ സിയ്ക്ക് താത്പര്യം. വിലകൂടിയ കട്ടിയുള്ള സ്വർണാഭരണങ്ങളിലേക്ക് വലിയ തുക ചെലവഴിക്കുന്നതിന് പകരം, മികച്ച ഡിസൈനിലുള്ള കനം കുറഞ്ഞ ആഭരണങ്ങളാണ് യുവതലമുറ തിരഞ്ഞെടുക്കുന്നത്. കുന്ദൻ, പോൾകി തുടങ്ങിയ പാരമ്പര്യ ശൈലികൾ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ചെലവില്ലാത്ത ഓപ്ഷനുകളിലേക്കാണ് അവരുടെ ശ്രദ്ധ.

ദിവസവും ധരിക്കാവുന്ന ആഭരണങ്ങളോടാണ് കൂടുതൽ പ്രിയം. മിനിമൽ പെൻഡന്റുകൾ, നേർത്ത ചെയിനുകൾ, സ്‌റ്റൈലിഷ് ബ്രേസ്ലെറ്റുകൾ, ചെറിയ ഡയമണ്ട് സ്റ്റഡ്ഡ് ഡിസൈനുകൾ എന്നിവയാണ് ഫേവറേറ്റ് കളക്ഷനുകൾ. 9, 14, 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും ആവശ്യക്കാർ കൂടുകയാണ്. ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാനുള്ള ആഭരണങ്ങളേക്കാൾ ദിവസവും മാറ്റിമാറ്റി അണിയാനുള്ള കളക്ഷനുകളാണ് അവർ ഇഷ്ടപ്പെടുന്നത്.

തിരഞ്ഞെടുപ്പിലാണ് കാര്യം

ഇഷ്ടപ്പെട്ട ഒരു ആഭരണം വെറുതെ വാങ്ങിവെക്കുന്ന രീതി പിന്തുടരുന്നവരല്ല ജെൻ സി. ഏറ്റവും വലിയ പ്രത്യേകത അവരുടെ ബോധപൂർവമായ ഉപഭോഗശീലമാണ്. ഒരു ഉൽപന്നം എവിടെ നിന്നാണ് വരുന്നത്, എങ്ങനെ നിർമിക്കപ്പെടുന്നു എന്നതെല്ലാം അവർ പരിഗണിക്കാറുണ്ട്. അതുകൊണ്ടുതന്നെ റീസൈക്കിൾ ചെയ്ത സ്വർണത്തോടുള്ള താൽപര്യവും കൂടിയിട്ടുണ്ട്.

സ്വർണത്തിന്റെ അളവിനേക്കാൾ ഡിസൈനാണ് അവർക്ക് പ്രധാനം. വ്യത്യസ്തമായ ഡിസൈനുകൾ പരീക്ഷിക്കാനും ട്രെൻഡുകൾക്കനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കാനും അവർ ശ്രദ്ധിക്കാറുണ്ട്. വലിയൊരു തുക മുടക്കാതെ തന്നെ പാരമ്പര്യ ഭംഗിയും ആധുനിക ശൈലിയും ഒരുമിച്ച് ആസ്വദിക്കാനാകുന്നതാണ് ഇത്തരം ആഭരണങ്ങളുടെ പ്രധാന ആകർഷണം.

വാങ്ങൽ രീതികളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും സ്വർണത്തോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ജീവിതത്തിലെ പ്രിയ മുഹൂർത്തങ്ങളുടെ ഓർമയ്ക്കായി നാച്ചുറൽ ഡയമണ്ടുകളും സ്വർണാഭരണങ്ങളുംതന്നെയാണ് ഇന്നും എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഒരുപാട് ആഭരണങ്ങൾ വാങ്ങുന്നതിന് പകരം മിനിമൽ ആഭരണങ്ങളിലേക്ക് തിരഞ്ഞെടുപ്പ് മാറിയെന്നുമാത്രം. ഓരോ ആഭരണത്തിനും ഒരു കഥയും ഒരു ഓർമയും വ്യക്തിപരമായ ഒരു ബന്ധവുമുണ്ടാകണമെന്നാണ് അവരുടെ ആഗ്രഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: gen-z-gold-jewelry-trends-2026