800 സാരികളുമായി ടാന്യ ബിഗ് ബോസിൽ, ദിവസം മൂന്നെണ്ണം ഉടുക്കാൻ തീരുമാനം

ടാന്യ മിത്തൽ | youtube
ടാന്യ മിത്തൽ | youtube

സൽമാൻ ഖാൻ അവതാരകനാകുന്ന ഹിന്ദി ബിഗ്ബോസിന്റെ പുതിയ സീസൺ ഞായറാഴ്ചയാണ് അത്യാഘോഷപൂർവം ആരംഭിച്ചത്. മത്സരാർഥികളിൽ സ്പിരിച്വൽ ഇൻഫ്ലുവൻസറും സംരംഭകയുമായ ടാന്യ മിത്തലാണ് ഇപ്പോൾ ലൈംലൈറ്റിൽ. ആഡംബരജീവിതത്തിന് പേരുകേട്ട ടാന്യ താൻ 800 സാരികൾ ബിഗ് ബോസ് ഹൗസിലേക്ക് കൊണ്ടുവന്നുവെന്ന് തുറന്നുപറഞ്ഞതോടെയായിരുന്നു ഇവരെപ്പറ്റി ചർച്ചകൾ തുടങ്ങിയത്.

'ഞാൻ ആഡംബരങ്ങൾ ഉപേക്ഷിക്കുന്നില്ല, എന്റെ ആഭരണങ്ങളും അലങ്കാരങ്ങളും 800-ലധികം സാരികളും വീടിനുള്ളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഓരോ ദിവസത്തേക്കുമായി മൂന്നു സാരികൾ ഞാൻ തീരുമാനിച്ചിട്ടുണ്ട്, അവ ഞാൻ മാറിമാറി ഉടുക്കും.'- എന്നായിരുന്നു ടാന്യയുടെ വെളിപ്പെടുത്തൽ.

മാഡം എന്നോ ബോസ്‌ എന്നോ തന്നെ മറ്റുള്ളവർ വിളിക്കണമെന്ന് ആദ്യദിനം തന്നെ ടാന്യ പറഞ്ഞത് വിവാദമായി. ആളുകൾ തന്നെയെപ്പോഴും ബോസെന്നാണ് വിളിക്കാറെന്നും പേരുവിളിക്കുന്നത് ഇഷ്ടമല്ലെന്നും ടാന്യ പറഞ്ഞു. വീട്ടുകാർപോലും ബോസ് എന്നാണ് വിളിക്കാറ്, അതെല്ലാം ആസ്വദിക്കാറുണ്ട്. സ്ത്രീകൾക്ക് ബഹുമാനം എളുപ്പംകിട്ടില്ല. അത് സമ്മർദ്ദം ചെലുത്തി ചോദിച്ചുവാങ്ങണം. വർഷങ്ങൾകൊണ്ട് ബഹുമാനം നേടിയെടുക്കാം, പക്ഷേ 50-ൽ മാത്രം കിട്ടുന്ന ബഹുമാനം തനിക്ക് വേണ്ടെന്നും ടാന്യ പറഞ്ഞു.

തന്റെ ശക്തമായ സുരക്ഷയെക്കുറിച്ചും ടാന്യ വിശദീകരിച്ചു. 'എന്റെ അംഗരക്ഷകർ കുംഭമേളയിൽ നൂറുപേരെ രക്ഷിച്ചു, പോലീസിനെ പോലും രക്ഷിച്ചു, അതുകൊണ്ടാണ് ഞാൻ ഇവിടെയെത്തിയത്. എന്റെ അംഗരക്ഷകർ നല്ല പരിശീലനം ലഭിച്ചവരാണ്. ഇത് എന്റെ കുടുംബത്തിൽ വളരെക്കാലമായി തുടരുന്ന രീതിയാണ്. എല്ലാവർക്കും സുരക്ഷയുണ്ടായിരുന്നു. സുരക്ഷയോടെ നടക്കുന്ന ശീലം ഞങ്ങൾക്കുണ്ട്. പി‌എസ്‌ഒമാരും മറ്റ് ജീവനക്കാരും കൂടെയുണ്ടാകുന്നത് ഞങ്ങൾക്കിഷ്ടമാണ്'-അവർ പറഞ്ഞു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi