സിനിമയിൽ ആലിയ ധരിച്ച സാരികൾ വിറ്റുപോയത് അരലക്ഷത്തോളം രൂപയ്ക്ക്

ആലിയ ഭട്ട് / IMDb
ആലിയ ഭട്ട് / IMDb

സാരിയെ സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവന്ന സിനിമയാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി' (2023). ഒരു പാട്ടുസീനിൽ മാത്രം മിന്നിപ്പോവുന്ന സാരിക്കുപകരം, സിനിമയിൽ നായിക ആലിയ ഭട്ട് അധികവും ധരിച്ചത് സാരി തന്നെ. പല സിനിമകളിലെയും നായികമാരുടെ സാരി ലുക്കിനെ, ആലിയയുടെ ഈ സിനിമയിലെ ലുക്ക് ഓർമിപ്പിക്കുകയും ചെയ്തു.

മനീഷ് മൽഹോത്രയാണ് സാരികളെല്ലാം ഡിസൈൻ ചെയ്തത്. പേസ്റ്റൽ നിറങ്ങളും കടുംനിറങ്ങളും ഒരുപോലെ ഉപയോഗിച്ചാണ് മനീഷ്, ആലിയയുടെ കഥാപാത്രത്തിനായി സാരികൾ തയ്യാറാക്കിയത്. യെല്ലോ-ബ്ലൂ, പിങ്ക്-ബ്ലാക്, മസ്റ്റാർഡ് യെല്ലോ, മൾട്ടി കളർ, പിങ്ക്-ഗ്രീൻ, ടീൽ ബ്ലൂ-ബ്ലാക് തുടങ്ങിയ അപൂർവ കോമ്പിനേഷനുകളിലുള്ള സാരികളായിരുന്നു അതിലേറെയും. ''ഷിഫോൺ മെറ്റീരിയലിനോട് ഏറെ പ്രിയമുള്ള ആളാണ് ഞാൻ. സാരിയുടെ കാര്യം വരുമ്പോൾ ഷിഫോണിനെ വെല്ലാൻ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്നു. അതെല്ലാവർക്കും അറിയുകയും ചെയ്യാം. ആ പഴയ സിനിമയുടെ വൈബ് സാരികളിലൂടെ ഈ സിനിമയിൽ കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത്. റൊമാന്റിക് കോമഡി സിനിമകളുടെ ഒരു സുവർണകാലഘട്ടത്തെ അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയായിരുന്നു'', മനീഷ് പറയുന്നു. ത്രെഡ് എംബ്രോയ്ഡറി, ലെഹറിയ ഡൈയിങ് എന്നിവയാണ് പ്രധാനമായും സാരികളെ വ്യത്യസ്തമാക്കിയത്. അതിനൊപ്പം ബ്ലോക്ക് പ്രിന്റിങ്ങും.

സിനിമയിലെ ഒരു പാട്ടുസീൻ ചിത്രീകരിച്ചതിനെക്കുറിച്ച് ആലിയ ഭട്ട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ശരീരം കോച്ചുന്ന തണുപ്പിൽ കശ്മീരിലായിരുന്നു 'തും ക്യാ മിലേ' എന്ന പാട്ടിന്റെ ഷൂട്ടിങ്. ആ പാട്ടിൽ ആലിയ ധരിച്ചത് ഷിഫോൺ സാരിയാണ്, രൺവീർ സിങ്ങാണെങ്കിൽ പഫർ ജാക്കറ്റ് ഉൾപ്പെടെയുള്ളവയും. ''ഷൂട്ടിന്റെ ബ്രേക്കിനിടയിലെല്ലാം രൺവീർ അദ്ദേഹം ധരിച്ച ജാക്കറ്റ് എന്റെ ദേഹത്തിട്ടുതരുമായിരുന്നു. സാരിയുടെ മുകളിൽ പഫർ ജാക്കറ്റ് ധരിച്ചിരുന്നെങ്കിൽ, ആ പാട്ടുസീൻ ഇത്ര ഭംഗിയാവില്ലായിരുന്നുവെന്നതും സത്യമാണ്''.

അതേ സാരികൾ ധരിച്ചാണ് സിനിമയുടെ പ്രൊമോഷനായി ആലിയ എത്തിയതും. സിനിമ റിലീസായപ്പോൾ, ആലിയയുടെ സാരികളും ഇൻസ്റ്റന്റ് ഹിറ്റായി. അതിനോടുള്ള പ്രിയം മൂലം 'റോക്കി റാണി ആലിയ സാരി' എന്ന പേരിൽ ഡ്യൂപ്ലിക്കേറ്റ് സാരികൾ പോലും പുറത്തിറങ്ങി. അതും വാങ്ങാൻ ആളുകൾ തയ്യാറായി.

അതിനുപിന്നാലെ ആലിയ തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു കുറിപ്പ് പങ്കുവെച്ചു. മനീഷ് മൽഹോത്രയുടെ വെബ്‌സൈറ്റിലൂടെ ആ സാരി ഇഷ്ടമുള്ളവർക്ക് വാങ്ങാം എന്നായിരുന്നുവത്. ആ പണം സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്‌നേഹ എന്ന സംഘടനയ്ക്ക് നൽകുമെന്നും അറിയിച്ചു. മണിക്കൂറുകൾകൊണ്ടാണ് സാരികൾ വിറ്റുപോയത്. അതും 48,000 മുതൽ 58,000 വരെ രൂപയ്ക്ക്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: alia bhatt stunning sarees in rocky aur rani kii prem kahaani, designed by manish malhotra