റൺബീർ കപൂറിന്റെ 78 ലക്ഷം വിലവരുന്ന രാം ജന്മഭൂമി എഡിഷൻ വാച്ചാണ് താരം

റൺബീർ കപൂർ, വാച്ച്
റൺബീർ കപൂർ, വാച്ച്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ ട്രെയിലർ ലോഞ്ച്, കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വച്ചായിരുന്നു. വേദിയിൽ കാണികളുടെ ശ്രദ്ധ എത്തിയത് സിനിമയിലെ രാമനായെത്തുന്ന റൺബീർ കപൂറിന്റെ കൈയിലേക്കാണ്. താരം ധരിച്ചിരുന്ന വാച്ചാണ് ഇപ്പോൾ ചർച്ച. സ്വിസ് ആഡംബര ബ്രാൻഡായ ജേക്കബ് ആന്റ് കോയുടെ 'എപ്പിക് എക്സ് രാം ജന്മഭൂമി റോസ് ഗോൾഡ് സ്പെഷ്യൽ എഡിഷൻ' (Jacob & Co. Epic X Ram Janmabhoomi Rose Gold Special Edition) വാച്ചാണ് താരം അണിഞ്ഞിരുന്നത്. 78 ലക്ഷം രൂപയാണ് അപൂർവമായ ഈ പീസിന്റെ ഏകദേശ വില.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക, വില്ലേന്തിയ ശ്രീരാമൻ, ഹനുമാൻ എന്നിവയുടെ സങ്കീർണ്ണവും സൂക്ഷ്മവുമായ കൊത്തുപണികൾ ഈ വാച്ചിന്റെ ഡയലിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ബെസലിലും ഡയലിലും ഹിന്ദു ദേവീദേവന്മാരുടെ അടയാളങ്ങളും കൊത്തിവെച്ചിരിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള സ്ട്രാപ്പും റോസ് ഗോൾഡിൽ തീർത്ത ക്ലാസ്പും (Clasp) ചേർന്നുള്ള മനോഹരമായ ഡിസൈനാണിത്. ജേക്കബ് ആന്റ് കോ പുറത്തിറക്കിയ രാം ജന്മഭൂമി എഡിഷനിൽ ടൈറ്റാനിയം വേരിയന്റ് 35.88 ലക്ഷം രൂപയും ഗോൾഡ് വേരിയന്റുകൾ 83 ലക്ഷം മുതൽ 1.08 കോടി രൂപ വരെയും വിലയുള്ളവയാണ്.

ചടങ്ങിൽ കന്നഡയിൽ സംസാരിച്ച് ആരാധകരുടെ മനംകവർന്ന റൺബീർ, ശ്രീരാമന്റെ വേഷം ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അവസരമായാണ് കരുതുന്നതെന്ന് വ്യക്തമാക്കി. സായ് പല്ലവി, യാഷ്, എ.ആർ. റഹ്മാൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന 'രാമായണ: പാർട്ട് 1' നവംബർ 5-ന് തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ranbir Kapoor wore a Rs 78 Lakh Jacob & Co. Epic X Ram Janmabhoomi watch., The luxury watch features intricate carvings of Lord Rama, Hanuman, and the Ayodhya temple., Ramayana: Part 1, directed by Nitesh Tiwari, is scheduled to release on November 5.