നോക്കൂ, ഞങ്ങളിവിടെ നഗ്നരായി നടക്കുകയാണ്

#താത്രിക്കുട്ടി
വര- ലിജീഷ് കാക്കൂര്‍
വര- ലിജീഷ് കാക്കൂര്‍

ഇന്ത്യയെന്ന നമ്മുടെ മഹത്തായ രാജ്യത്തെ ഭാരതാംബയെന്ന് പേരു ചൊല്ലിവിളിച്ചത് ആരെന്നറിയില്ല. ഈ രാജ്യത്ത് സ്ത്രീ മാനിക്കപ്പെടണമെന്ന ഒരു സങ്കല്‍പ്പം അതിനു പിന്നിലുണ്ടാവണമല്ലോ! പക്ഷെ, സ്ത്രീ വേട്ടയാടപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും നിരന്തരം ഇരകളാക്കപ്പെടുകയും ചെയ്യുന്ന അപരിഷ്‌കൃത സമൂഹത്തിന്റെ ജന്‍മഭൂമിയായി നമ്മുടെ രാജ്യം മാറിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയത്തിലും സിനിമയിലും കായിക രംഗത്തും തുടങ്ങി സര്‍വ മേഖലകളിലും സ്ത്രീ ഇരകളായി മാത്രം പരിണമിക്കുന്നു. 

മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീകളുടെ ദൈന്യതയാര്‍ന്ന മുഖങ്ങള്‍ ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്നത് അതുതന്നെയാണ് ' നോക്കൂ, ഞങ്ങള്‍ സ്ത്രീകള്‍ ഇവിടെ നിരന്തരം വസ്ത്രാക്ഷേപം ചെയ്യപ്പെടുകയാണ്. പൊതുജനമധ്യത്തില്‍ നഗ്നനടത്തിന് വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍.'  ജാതിയുടേയോ വംശത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലുണ്ടാവുന്ന കലാപങ്ങളെല്ലാം കൂട്ടബലാല്‍ക്കാരത്തിനുള്ള വേദികളായി മാറുകയാണ്. ഒരു ജനതയെ, വംശത്തെ കീഴടക്കേണ്ടത് അതിലെ സ്ത്രീകളെ തിരഞ്ഞുപിടിച്ച് വിവസ്ത്രരാക്കിയും ഭോഗിച്ചുമാണെന്ന് വിശ്വസിക്കുന്ന ആണ്‍കൂട്ടങ്ങളെ എങ്ങിനെ തളയ്ക്കും? അവര്‍ക്ക് കൂട്ടു നില്‍ക്കുന്ന 'ആണത്തമുള്ള' പോലീസിനേയും അധികാരവര്‍ഗ്ഗത്തേയും എങ്ങനെ നേരിടും, മാറ്റിയെടുക്കും? 

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ആഭാസകരമായി അവരുടെ ശരീരത്തില്‍ കടന്നുകയറിയത് വംശപ്പകയുടെ പേരിലാണ്. സത്യത്തില്‍ ഇവിടെ പക വംശങ്ങള്‍ തമ്മിലല്ല. ഒരു ആണിന്റെയും പിന്തുണയില്ലാതെ ഉയരാന്‍ ശ്രമിക്കുന്ന സ്ത്രീ വര്‍ഗ്ഗത്തോടാണ്. സ്ത്രീകള്‍ ഭരണാധികാരികളാവുമ്പോള്‍, വലിയ പുരസ്‌ക്കാരങ്ങള്‍ നേടുമ്പോള്‍, ബഹിരാകാശത്തേക്ക് യാത്രതിരിക്കുമ്പോള്‍ ഹിമാലയം കയറുമ്പോള്‍ എല്ലാം ആണഹന്ത ഉണരുന്നുണ്ട്. നികൃഷ്ടമായ പകയുടെ തീയാളുന്നുണ്ട്. ന സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്നും കുലസ്ത്രീയെന്നും അന്തര്‍ജനമെന്നും ബാലപാഠത്തില്‍ ഉരുവിട്ടു പഠിച്ച പുരുഷ കേസരികളുടെ മനസ്സില്‍ വിദ്വേഷത്തിന്റെ തീയെരിയുന്നുണ്ട്. 

സമീപ കാലത്ത്, സമൂഹത്തില്‍ ഉന്നതസ്ഥാനത്താണെന്ന് നമ്മള്‍ കരുതിയിരുന്ന പ്രശസ്തര്‍ തന്നെയായ എത്ര സ്ത്രീകളാണ് ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തത്!  അവരില്‍ സിനിമാനടികളും രാജ്യത്തിനു വേണ്ടി നേട്ടങ്ങള്‍ കൊയ്ത വലിയ കായികതാരങ്ങളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥകളുമില്ലേ?  അതിനു ശേഷം പൊലീസ് സ്റ്റേഷനുകളിലും എന്തിന് കോടതി മുറികളില്‍ പോലും അവര്‍ നിരന്തരം അപമാനിക്കപ്പെട്ടില്ലേ ? ഹരംപിടിച്ച മനുഷ്യര്‍ അവരുടെ ദൃശ്യങ്ങള്‍ക്കും സ്വകാര്യ ശബ്ദരേഖകള്‍ക്കുമായി ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും തിരഞ്ഞു കൊണ്ടിരുന്നു. 

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഒരു കക്ഷി. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന മറുകക്ഷി... നടപടികളെടുക്കാനും തിരുത്തല്‍ ശക്തിയാവാനും ചുമതലപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ പുര കത്തിച്ചും വാഴവെട്ടിയും കാലം കഴിക്കുമ്പോള്‍ എവിടെയാണ് രക്ഷ. ഏതു വ്യവസ്ഥിതിയാണ് സ്ത്രീയ്ക്ക് പരിചയാകുക. ഒന്നു മാത്രം ഓര്‍ക്കുക. മണിപ്പുര്‍ അത്രയൊന്നും അകലെയല്ല. തൊഴിലിടങ്ങളില്‍ വീടകങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഇടതടവില്ലാതെ പെണ്‍ജീവിതത്തിലേക്ക് കടന്നുകയറ്റം നടത്തുന്നവര്‍ ഒളിവിലാണ്. മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫേസ്ബുക്കിലും കടലാസുകളിലും കണ്ണീരില്‍ അക്ഷരങ്ങള്‍ കൊരുത്തിടുന്നവരുമുണ്ട് അക്കൂട്ടത്തില്‍. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി സ്ത്രീയുടെ അവകാശങ്ങളെപ്പറ്റി നെഞ്ചുവിരിച്ച് കവല പ്രസംഗം നടത്തുന്നവര്‍. പക്ഷേ, സ്വകാര്യ ചര്‍ച്ചകളില്‍ സുഹൃത്സംഗങ്ങളില്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞു വീഴും. പെണ്ണ് വെറും പെണ്ണാണെന്ന് പറഞ്ഞ് ചിറി തുടച്ച് ഊറിച്ചിരിച്ചേക്കുമവര്‍. 

ആരോഗ്യപരമായ സ്ത്രീ-പുരുഷ ബന്ധങ്ങളെ കുറിച്ച് നമ്മള്‍ നിരന്തരം സംസാരിക്കുന്നുണ്ട്, ചര്‍ച്ച ചെയ്യുന്നുമുണ്ട്. പക്ഷെ, ഇത്തരം ബന്ധങ്ങളില്‍ പോലും സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നു. 'ചാരിത്ര്യം' സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പെണ്ണിനെ പിഴച്ചവളെന്ന് മുദ്രകുത്തിക്കൊണ്ടേയിരിക്കുന്നു. പുരുഷനാണെങ്കില്‍ ഈ ചാരിത്ര്യം എന്നൊന്ന് ഇല്ല താനും. ഇല മുള്ളില്‍ ചെന്നു വീണാലും തിരിച്ചായാലും... എന്നൊരു പഴഞ്ചൊല്ലിന്റെ വ്യാഖ്യാന സാധ്യതകളില്‍ എല്ലാം ഒത്തുതീര്‍പ്പാക്കുന്നു. ഒരു ബന്ധത്തില്‍ സ്ത്രീക്ക് താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തിയാല്‍ മാന്യമായ രീതിയില്‍ പിരിഞ്ഞു പോവാന്‍ തയ്യാറാവാത്ത വെറിപിടിച്ച പുരുഷന്റെ പേക്കൂത്തുകള്‍ക്ക് സമൂഹം ന്യായീകരണം ചമയ്ക്കുന്നു.- ' അവളായിരുന്നില്ലേ ശ്രദ്ധിക്കേണ്ടിയിരുന്നത് ? '  അല്ലെങ്കില്‍ അവളെന്തിന് വാതില്‍ തുറന്നുതന്നു, അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍...  നാളെ മണിപ്പൂരിലെ പെണ്‍കുട്ടികളോടും ആണ്‍കോയ്മയിലൂന്നിയ നീതിപീഠം അതു തന്നെ ചോദിക്കും. അല്ലെങ്കിലും ആശുപത്രിക്കിടക്കയിലും ആംബുലന്‍സിനുള്ളില്‍ പോലും സ്ത്രീ സുരക്ഷിതയല്ലാത്ത ഒരു നാട്ടില്‍ ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാന്‍? 

Content Highlights: women paraded naked in manipur