വീശുന്ന കാറ്റിനൊത്ത് വിധി പുറപ്പെടുവിക്കുന്നവരറിയണം ചില കാര്യങ്ങള്‍

മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തില്‍ ഇനിയും പോലീസിന്റെ സംശയങ്ങള്‍ അവസാനിച്ചിട്ടില്ല. പിതൃസഹോദരനില്‍ നിന്ന് ദീര്‍ഘകാലമായി കുഞ്ഞ് പീഡനത്തിനിരയായി എന്നാണ് കണ്ടെത്തല്‍. പോലീസിന്റെ ചോദ്യംചെയ്യലില്‍ ആദ്യം പ്രതി എല്ലാം നിഷേധിച്ചു. തനിക്ക് അബദ്ധം പറ്റിയെന്ന കുറ്റസമ്മതമൊഴി പിന്നാലെ വന്നു. കുഞ്ഞ് കൊല്ലപ്പെട്ടല്ലോ, ഇനിയില്ലല്ലോ എന്നൊക്കെയുള്ള സാ മട്ട് വിലാപങ്ങളും അയാളില്‍ നിന്നുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതിവേഗം ബഹുദൂരം പുരോഗമിച്ച നമ്മുടെ സമൂഹം ഇക്കാര്യത്തിലും ഇനി പൊറുക്കല്‍ നീതിക്കുവേണ്ടിയുള്ള വാദവും, തെറ്റുചെയ്തവന്‍ മാപ്പു പറഞ്ഞാല്‍ മതിയാകും എന്ന നിര്‍ദേശവും ഉയര്‍ത്തുമോ എന്നുകാണാം. കുറച്ചുകാലമായി കേരളത്തില്‍ കണ്ടുവരുന്ന ലിംഗഭേദമില്ലാത്തൊരു പുരോഗമന പ്രവണതയാണല്ലോ അത്. സ്ത്രീത്വത്തെ അപമാനിച്ചാലും അവളുടെ ജീവിതത്തിലേക്ക് കടന്നുകയറിയാലും മാപ്പ് കൊണ്ട് പൊറുക്കപ്പെടാവുന്ന വെറുമൊരു പിഴയല്ലേയെന്ന വാദം. ദീര്‍ഘകാലം പൊരുതിനേടിയ ഊര്‍ജമെല്ലാം പൊതുജനസമ്മതരുടെ സവിശേഷ വിധിന്യായങ്ങളില്‍ മുനയൊടിഞ്ഞ് പിന്നണിയിലൊടുങ്ങിയതൊന്നും ആരും കാണാത്തതാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ.
എന്തിനും മുന്നിലെന്നവകാശപ്പെടുന്ന കേരളത്തില്‍ കണ്ടുവരുന്ന സവിശേപ്പെട്ടൊരു കീഴ്‌വഴക്കമാണിത്. പരാതികളില്‍ പേരുചേര്‍ക്കപ്പെട്ടവര്‍ വേദികളില്‍ ആനയിച്ചിരുത്തപ്പെടുന്നു, അവിരാമം വാഴ്ത്തപ്പെടുന്നു, വെള്ളിത്തിരയില്‍ നിറഞ്ഞാടപ്പെടുന്നു, സാഹിത്യവിചക്ഷണന്മാരായി അക്ഷര നക്ഷത്രങ്ങളുടെ ലാളനയും തലോടലുമേറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ കൊണ്ടാടപ്പെടുന്നു. എന്തിനും ഏതിനും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ മേമ്പൊടി തൂകാന്‍ കൊട്ടക്കണക്കിന് മേമ്പൊടിയുമായി നിതാന്ത യാത്ര ചെയ്യുന്ന സാംസ്‌കാരിക സഞ്ചാരികള്‍ ചില നേരങ്ങളില്‍ കുട്ട താഴെയിറക്കിവെക്കും. ഭാരമൊഴിയുന്ന ആശ്വാസത്തില്‍ അവര്‍ ഇരയ്‌ക്കൊപ്പം ചേര്‍ന്ന് ജീവിതത്തിന്റെ ഭാരമില്ലായ്മ ആഘോഷിക്കും.
അയാള്‍ ചെയ്ത തെറ്റ് കാണാത്തതെന്തേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിന് കേസെവിടെ എന്നാകും മറുചോദ്യം. പരാതി സങ്കല്പമല്ലല്ലോ എന്ന മറുവാദം പറഞ്ഞാല്‍, ഒരിക്കല്‍ ചെയ്ത കുറ്റത്തിന് എക്കാലത്തും മാറ്റി നിര്‍ത്തുന്നതിലെന്താ നീതി എന്നാകും ഇവരുടെ അപ്പീല്‍. വേട്ടക്കാരും സഹനര്‍ത്തകരും അറിയേണ്ട ഒരു കാര്യമുണ്ട്. സമൂഹം വളരെ എളുപ്പത്തില്‍ സ്ത്രീയെ നിര്‍ബന്ധപൂര്‍വം പഠിപ്പിച്ചെടുക്കുന്ന ഒരു പാഠമുണ്ട്. സഹനം എന്ന പാഠം. അതിനെ ഭേദിച്ച് കേസും കോടതിയും വഴക്കും വക്കാണവുമൊക്കെയായി മുന്നോട്ടുപോകാന്‍ ത്രാണിയില്ലാത്ത സ്ത്രീകളും ഇരകളുടെ കൂട്ടത്തിലുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടിവന്നതെന്തൊക്കെയെന്നവര്‍ തുറന്നു പറഞ്ഞാല്‍ പരിഹാസത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ അവശേഷിക്കുന്ന ആത്മധൈര്യത്തിന്റയും ചോരയൂറ്റിയെടുക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ അപരരുടെ ആനന്ദനൃത്തത്തിന് മൂകസൃഷ്ടിയാകും. ബലിമൃഗം ബലിപീഠത്തിനു മുന്നിലെ പേക്കൂത്തുകള്‍ കണ്ട് വിറങ്ങലിക്കുന്നതിന് സമാനമാണ് ആ അവസ്ഥ. എതിര്‍പക്ഷത്തുള്ളയാള്‍ക്കു കിട്ടുന്ന കൈയടികളും വാഴ്ത്തലുകളും അതേ ബലിമൃഗത്തിനുമേല്‍ ചെന്നുപതിക്കും, അറ്റം രാകി മൂര്‍ച്ചപ്പെടുത്തിയ കല്ലുകള്‍പോലെ.
കുറ്റാരോപിതര്‍ പൂണ്ടുവിളയാടുന്ന ഈ സമൂഹത്തില്‍ പരാതിക്കാരായ സ്ത്രീകള്‍ എവിടെയാണുള്ളത്. അതിജീവിത എന്ന ലേബലൊട്ടിച്ച് സമൂഹം എവിടെയാണവരെ നടതള്ളിയിട്ടുള്ളത്. കോടതി കയറിയതും കയറാത്തതുമായ അസംഖ്യം പരാതികളിന്മേല്‍ ജനകീയ കോടതിയായ ഫേസ്ബുക്കിലും അനുബന്ധ തട്ടകങ്ങളിലും നടക്കുന്ന വിചാരണകള്‍ കേമമാണ്. പ്രബുദ്ധരും സ്ത്രീപക്ഷവാദികളും എന്നവകാശപ്പെടുന്നവരുടെ പൊറാട്ടുനാടകങ്ങളാണ് ഇവയിലേറ്റവും ആസ്വാദ്യകരം.
വീശുന്ന കാറ്റിനൊത്ത് ഇക്കൂട്ടര്‍ വിധി പുറപ്പെടുവിക്കും. അമ്മ ചത്താലും വേണ്ട അടുക്കളപുകഞ്ഞാല്‍ മതി എന്നമട്ടിലാണ് ഇവരുടെ നിലപാടുകള്‍. തനിക്കിതിലേതു പക്ഷത്ത് നിന്നാലാണ് ലാഭമെന്നവരാദ്യം ഓര്‍ക്കും. ആധുനികനെന്ന സ്ഥാനപ്പേര് മുതല്‍ നാലു പുസ്തകങ്ങളുടെ വില്പന വരെ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ലാണ്. ആണിന്റെ തെറ്റിന് ആനുകൂല്യങ്ങളുടെ പെരുമഴ ഓഫറായി ഇവര്‍ ഒരുളുപ്പുമില്ലാതെ പ്രഖ്യാപിക്കും. മാപ്പുപറയൂ കുഞ്ഞേ എന്നവര്‍ കുറ്റാരോപിതരോട് കരുണാനിധികളായി ആര്‍ത്തരാകും. തെറ്റിന് ഇരയായവര്‍ക്ക് ഉറപ്പാക്കപ്പെടേണ്ട നീതിയിന്മേല്‍ ഈ മനുഷ്യക്കോടതികളുടെ തീര്‍പ്പ് പലപ്പോഴും മാപ്പാണ്. ഈ തീര്‍പ്പില്‍ റദ്ദാക്കപ്പെടുന്നത് സ്ത്രീകള്‍ നാളിതുവരെ പോരാടി നേടിയ അവകാശങ്ങളാണെന്ന് ആരറിയാന്‍. കാര്യങ്ങള്‍ ഇവ്വിധം പോയാല്‍ മാപ്പുപറച്ചില്‍ മേളകള്‍ മുക്കിലുംമൂലയിലും കൊട്ടുകുഴല്‍പഞ്ചാരിമേളങ്ങളോടെ കൊണ്ടാടപ്പെടേണ്ടിവരും. അടക്കിയിരുത്താന്‍ സമൂഹം കാലാകാലങ്ങളായി എടുത്തുപ്രയോഗിച്ചുകൊണ്ടിരിക്കുന്ന സര്‍വംസഹ എന്ന പട്ടം സ്ത്രീയ്ക്കുമേല്‍ മുന്‍പെങ്ങുമില്ലാത്തത്രയും ഭാരത്തോടെ വന്നുവീഴും. അതിക്രമം, അതാര് ചെയ്താലും വര്‍ണവര്‍ഗപദവികള്‍ക്കതീതമായി അത് തെറ്റുതന്നെയാണെന്നും അക്കാര്യത്തില്‍ സമൂഹം നില്‍ക്കേണ്ടത് അതിനിരയായ, അതിജീവിച്ച സ്ത്രീയ്‌ക്കൊപ്പമാണെന്നും നാവു മാത്രമുള്ള കാതുകളില്ലാത്ത ഈ ജീവിവര്‍ഗത്തോട് ആരുപറയാന്‍. ചിലതിനെ തന്ത്രപരമായി മായ്‌ച്ചെഴുതുന്ന സമകാലിക നവോത്ഥാനത്തെ കൈയടികളോടെ സ്വീകരിക്കുന്നവരറിയണം, റദ്ദാക്കപ്പെടുന്നത് ദീര്‍ഘനാളത്തെ പോരാട്ടമാണെന്ന്, അഗാധ ഗര്‍ത്തമായി മാറുന്നത് തുല്യതയിലേക്കുള്ള പാതയാണെന്ന്.
Content Highlights: society and violence against women