'പുതിയ സ്‌കൂളില്‍ ചേരുന്നത് ജൂണിലൊന്നുമാവില്ല, രണ്ടും മൂന്നും മാസം കഴിഞ്ഞ് ക്രാഷ് ലാന്റിങ്!'

ജീവിതത്തിന്റെ അനിവാര്യതകളാല്‍ ചിതറിപ്പോയ സ്‌കൂള്‍ കാലവും അമ്മയുടെ അസുഖങ്ങളാല്‍ മുറിഞ്ഞു മുറിഞ്ഞേ പോയ കോളേജു കാലവുമാണ് എന്റേത്. പത്താം ക്ലാസു വരെ എത്ര സ്‌കൂളുകളില്‍ എവിടെയെല്ലാം പഠിച്ചെന്ന് എനിക്കു പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയാണ്! ഒന്നാം ക്ലാസില്‍ നടത്തറ, രണ്ടാം ക്ലാസില്‍ പാടൂക്കാട്, മൂന്നാം ക്ലാസില്‍ കൊരട്ടി, നാലാം ക്ലാസില്‍ ഒളരിക്കര, അഞ്ചാം ക്ലാസില്‍ പിണങ്ങോട്... അതു പുതിയ സ്‌കൂളില്‍ ചേരുന്നത് ജൂണിലൊന്നുമായിരിക്കില്ല. മിക്കതും രണ്ടും മൂന്നും മാസം കഴിഞ്ഞ് ക്രാഷ് ലാന്റിങ്! കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇതെവിടുന്നു വന്നെടാ ഫീല്‍! അവിടെ ഒന്നു പരിചയപ്പെട്ടു വരുമ്പോഴേക്കും അടുത്ത കൂടുമാറ്റം. മര്യാദയ്ക്ക് സ്‌കൂളില്‍ പോകാത്തതാണ് എന്റെ മേന്മയെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്! ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ അധ്യാപകരില്‍ മികച്ച ചിലരെയൊഴിച്ച് വലിയ ഓര്‍മ്മയൊന്നുമില്ല. അച്ഛനും അമ്മയും വീട്ടിലെ പുസ്തകങ്ങളും അനുഭവങ്ങളും തന്നെ ഗുരുനാഥന്‍.
വീട്ടില്‍ പുസ്തകങ്ങള്‍ക്കോ വായനക്കാര്‍ക്കോ ഒട്ടും കുറവില്ലാത്തതിനാല്‍ ഹൈസ്‌കൂളിലത്തുമ്പോഴേക്കും ഞാനൊരു പുസ്തകപ്പുഴുവായി മാറിയിരുന്നു. എട്ടു മുതല്‍ പത്തു വരെ തൃശ്ലൂരിലെ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം പഠിപ്പിച്ചത് ശാന്തട്ടീച്ചര്‍. എ ഡിവിഷനില്‍ എല്ലാവരും സംസ്‌കൃതം രണ്ടാം ഭാഷയായി എടുത്തവര്‍. വിരലിലെണ്ണാവുന്ന മലയാളം കുട്ടികള്‍ ആ പിരീയഡ് സ്‌കൂള്‍ ലൈബ്രറിയിലേക്ക്. (ചുറ്റിനും നിരന്നിരിക്കുന്ന പുസ്തകങ്ങള്‍ക്കുള്ളിലിരുന്നു പഠിക്കാന്‍ ബഹുരസം) ക്ലാസെടുക്കാനായി ശാന്തട്ടീച്ചര്‍ ഞങ്ങളെ കാത്തിരിക്കും. വട്ട മുഖം, ചുരുണ്ട മുടി, നെറ്റിയിലെ സമൃദ്ധമായ കുങ്കുമത്തരികള്‍ മൂക്കില്‍ വീണു കിടക്കും. കണ്ണുകളില്‍ നിറയെ സ്‌നേഹം. അന്നത്തെ ക്ലാസു കഴിഞ്ഞാല്‍ ഞാന്‍ മാത്രം ടീച്ചറെ ചുറ്റിപ്പറ്റി നില്‍ക്കും. അന്ന് പഠിപ്പിച്ച പാഠവുമായി ബന്ധപ്പെട്ട, എന്നാല്‍ സിലബസിനപ്പുറം പോകുന്ന പുസ്തകങ്ങള്‍ ടീച്ചര്‍ ഒരക്ഷരം മിണ്ടാതെ ചൂണ്ടിക്കാട്ടും. ഞാനതെല്ലാം ഒന്നും മിണ്ടാതെയെടുത്ത് ക്ലാസിലേക്കും. അംഭിയുടെ വൈരനിര്യാതനപ്പുഞ്ചിരി പഠിപ്പിച്ച ദിവസം ടീച്ചറെന്നെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിലേക്ക് പറഞ്ഞു വിട്ടു. (എഴുത്തുകാരന്‍ അശോകന്‍ എങ്ങണ്ടിയൂരിന്റെ ജീവിതപങ്കാളിയാണ് ടീച്ചറെന്നൊക്കെ അറിയുന്നത് ഏറെ കഴിഞ്ഞാണ്.) ടീച്ചറുടെ വിരല്‍, മൂക്കിലെ കുങ്കുമത്തരികള്‍...
പ്രീഡിഗ്രിക്ക് തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍. അന്ന് കേരളത്തിലെ ഏറ്റവും മിടുക്കരായ കുട്ടികള്‍ മാത്രം പഠിക്കുന്ന എലിറ്റ് കോളേജ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച എനിക്ക് മലയാളം അത്യാവശ്യം നന്നായി അറിയാമായിരുന്നെങ്കിലും അവിടത്തെ ഇംഗ്ലീഷ് അന്ത:രീക്ഷം ബാലികേറാ മലയായി തോന്നി. ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍ സ്ഥലജല വിഭ്രമവുമായി ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ മറ്റൊരു മികച്ച അധ്യാപികയുടെ വരവ്-സിസ്റ്റര്‍ ജെസ്മി. സിസ്റ്ററിന്റെ (സിസ്റ്റര്‍ പിന്നീട് സഭയ്ക്കു പുറത്തു വരികയും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയാകുകയും ചെയ്തു) ക്ലാസുകള്‍ ഒരു നല്ല സിനിമ കണ്ട അനുഭൂതി തരും. പഠിപ്പിക്കുന്ന കവിതയുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ നൂറുകൂട്ടം കാര്യങ്ങള്‍ കുട്ടികളോടു പറയും. ഇടയ്ക്കിടെ തലയിലെ വെയില്‍ ഒന്നമര്‍ത്തി ഒരു നില്‍പ്പും നോട്ടവുമുണ്ട്. കീറ്റ്‌സിന്റെ ലാ ബെല്ല ഡേം സാന്‍സ് മേഴ്‌സി (ദയയില്ലാത്ത സുന്ദരി) സിസ്റ്റര്‍ പഠിപ്പിച്ചത് ഇന്നും ഓര്‍മ്മയില്‍. കീറ്റ്‌സിനെ പോയറ്റ് ഓഫ് ദി സെന്‍സസ് എന്നു വിശേഷിപ്പിക്കുന്നതെന്തു കൊണ്ടാണെന്ന് മനസ്സിലുറപ്പിച്ചു തന്നേ അന്നു സിസ്റ്റര്‍ ക്ലാസില്‍ നിന്നിറങ്ങിയുള്ളൂ. പത്മരാജന്റെ ഇതാ ഇവിടെ വരെ എന്ന ചലച്ചിത്രത്തെ കുറിച്ച് സിസ്റ്റര്‍ ക്ലാസില്‍ പറഞ്ഞതുമോര്‍ക്കുന്നു. ആ വര്‍ഷം ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷിനു ഒന്നാം സ്ഥാനത്തെത്തിയത് ഈയ്യടുത്തും സിസ്റ്റര്‍ സ്‌നേഹത്തോടെ, അഭിമാനത്തോടെ ഓര്‍ത്തെഴുതി. എന്നെ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ആവാഹിച്ച ഈ അധ്യാപികയെ ഓര്‍ക്കാതിരിക്കാന്‍ വിവര്‍ത്തകയായ എനിക്കാകില്ലല്ലോ.
ബിരുദപഠനത്തിനാണ് കേരളവര്‍മ്മയിലെത്തുന്നത്. അവിടെ തമ്പിമാഷായിരുന്നു എന്റെ പ്രിയപ്പെട്ട അധ്യാപകന്‍. പല വിഷയങ്ങള്‍ പഠിക്കുന്നവര്‍ മാഷിന്റെ മലയാളം ക്ലാസില്‍ ഇടിച്ചു കേറുന്നതു കണ്ടിട്ടുണ്ട്. പരന്ന വായനയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും പുറമേ സ്‌നേഹത്തിന്റെ നനവും സൗമ്യമായ വാക്കുകളും തമ്പി മാഷിന്റെ ക്ലാസുകള്‍ ഏറെ പ്രിയപ്പെട്ടതാക്കി മാറ്റി. അന്നത്തെയും ഇന്നത്തെയും എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകരിലൊരാള്‍. മാഷിന്റെ ആദ്യ നോവലായ ഇദം പരാമിതം മാതൃഭൂമിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. അത് വായിക്കാന്‍ കയ്യിലെടുത്തപ്പോള്‍ ഞാന്‍ കുറിച്ചതിങ്ങനെ, ഇത് മാഷുടെ ഹൃദയമാണ്, വായിക്കും.
എന്നെ പഠിപ്പിക്കാതെ എന്റെ ടീച്ചറായ മറ്റൊരാളുണ്ട്. രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകയും പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമതയുടെ അമരക്കാരിയുമായ ടി എ ഉഷാകുമാരിട്ടീച്ചര്‍. എന്റെ ഏറ്റവും മികച്ച വിവര്‍ത്തനങ്ങള്‍ സമതയില്‍ നിന്നുള്ളവയാണ്. ജീവിതത്തില്‍ കാലിടറുന്ന സമയങ്ങളില്‍ ചേര്‍ത്തു പിടിക്കുന്ന, എന്നെ ചൊല്ലി സന്തോഷിക്കുന്ന, കാലിടറാതെ നോക്കുന്ന ടീച്ചറെ പരിചയപ്പെടുന്നതും കേരളവര്‍മ്മ കോളേജില്‍ നിന്നു തന്നെ.
അധ്യാപന മികവു കൊണ്ടോ മിടുക്കു കൊണ്ടോ നമ്മളിലുണ്ടാക്കിയ സ്വാധീനം കൊണ്ടോ ഒന്നുമല്ലെങ്കിലും സ്‌നേഹം കൊണ്ടു മാത്രം ഓര്‍മ്മയുടെ അറകളില്‍ നിറയുന്ന ചിലരുമുണ്ട്. എന്റെ മൂന്നാം ക്ലാസു കാലം. അധ്യയന വര്‍ഷത്തിന്റെ പാതിയില്‍ തൃശ്ശൂരിലെ തന്നെയുള്ള മേലൂരില്‍ നിന്ന് കൊരട്ടിയിലേക്ക് വേരു പറിച്ചു നടല്‍. കൊരട്ടി മുത്തിയുടെ പള്ളിയുടെ തൊട്ടടുത്തുള്ള അറയും നിരയുമുള്ള പുരാതനമായ വാടകവീട്ടിലാണു താമസം. പഞ്ചാരമണലു വിരിച്ച പള്ളിമുറ്റം കടന്നാല്‍ അപ്പുറത്ത് പള്ളിവക സ്‌കൂള്‍. ഞാന്‍ പഠിച്ച സ്‌കൂളുകളില്‍ വീട്ടിന് ഏറ്റവുമടുത്തുള്ളത്. എന്നത്തെയും പോലെ ക്രാഷ് ലാന്റിങ് ചെയ്ത ഞാന്‍ കൂട്ടത്തില്‍ ചേരാത്തവള്‍. വില കുറഞ്ഞ വസ്ത്രങ്ങള്‍, ക്ഷീണിച്ച ശരീരം, അതൊന്നും പോരാതെ കബനി എന്ന ആരും കേള്‍ക്കാത്ത പേരും. കമ്പനി എന്നു വിളിച്ചും ഉന്തി മാറ്റിയും കുട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ചപ്പോള്‍ കണ്ണും നിറച്ച് ഞാന്‍ പുറത്തിറങ്ങി നിന്നു. ചുമരും ചാരി നില്‍ക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ് ടീച്ചറായ കന്യാസ്ത്രീ വന്നു. ഒന്നും ചോദിക്കാതെ എന്നെ ചേര്‍ത്തു പിടിച്ചു. ക്ലാസിലേക്കു കൊണ്ടു പോയി-ഇത് കബനി. മിടുക്കിക്കുട്ടിയാണ്. ഇനി നിങ്ങളുടെ കൂടെ കാണും. അത്രയും വാക്കുകള്‍ കൊണ്ട് ആ ടീച്ചര്‍ എനിക്കു തന്ന സാന്ത്വനം ഇന്നും എന്റെ കണ്ണു നനയിക്കുന്നു.(ആ സ്‌കൂള്‍ കൊരട്ടി പള്ളിയുടെ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയെന്ന് പിന്നീടറിഞ്ഞു) വെറുപ്പിന്റെ വിത്തുകള്‍ അധ്യാപനത്തിലും കലരുന്നതു കണ്ടു ഞെട്ടിയ ഈ കാലത്ത് പേരു പോലുമോര്‍മ്മയില്ലാത്ത ആ അധ്യാപികയെയും ഞാന്‍ വണങ്ങുന്നു.
(തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരിയുമാണ് ലേഖിക)
Content Highlights: kabani civic writes about her teachers and school age