നീന മരിച്ചുകിടക്കുന്ന സീനിൽ മമ്മൂട്ടിയുടെ കരച്ചിൽ കേട്ട്, താൻപോലും കരഞ്ഞെന്ന് സുഹാസിനി പിന്നീട് പറഞ്ഞു

'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന സിനിമയിൽനിന്ന്
'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന സിനിമയിൽനിന്ന്

മമ്മൂട്ടിക്ക് പ്രണയം അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്നവരുണ്ട്. അക്കാര്യത്തിൽ ഒരു വാദപ്രതിവാദത്തിന് ഞാനില്ല. കാരണം ഓരോ മനുഷ്യരും വ്യത്യസ്തരല്ലേ. അപ്പോൾ പ്രണയവും വ്യത്യസ്തമായിരിക്കുമല്ലോ. എങ്കിലും മമ്മൂട്ടി അടിമുടി പ്രണയമായി വന്ന് കരയിപ്പിച്ചുപോയ ഒരു ചിത്രമുണ്ട്. ഫാസിൽ സംവിധാനം ചെയ്ത 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ'. അതിലെ ഡോക്ടർ വിനയനും (മമ്മൂട്ടി) നീനയും (സുഹാസിനി) എക്കാലവും ഓർമിക്കപ്പെടുന്ന ജോഡികളാണ്.
ഊട്ടിയിലെ ഹോസ്പിറ്റലിൽ പുതുതായി ചാർജെടുത്ത മലയാളി ഡോക്ടർ. ഹാൻസം, പാവം, നല്ലവൻ. അങ്ങനെയാണ് നീനയുടെ ചേട്ടൻ വിനയനെക്കുറിച്ച് പറയുന്നത്. ആ ഹോസ്പിറ്റലിലെ തന്നെ ഡോക്ടറാണ് നീനയുടെ ചേട്ടൻ ജോസ് (ദേവൻ). കറുത്ത സ്‌കാർഫ് ചുറ്റി നീനയെ പള്ളിയിൽ വച്ച് കണ്ടപ്പോൾത്തന്നെ വിനയന് ഇഷ്മാകുന്നു. അതറിയാതെ വിനയന് വേണ്ടി യോജിച്ച വധുവിനെ തേടുന്ന നീന.
ഡോക്ടർക്ക് എങ്ങനത്തെ പെണ്ണാണ് വേണ്ടതെന്ന് നീന ചോദിക്കുമ്പോൾ വിനയൻ പറയുന്നു: നീനയ്ക്ക് ഇഷ്ടമുള്ള ഏത് പെൺകുട്ടിയേയും എനിക്ക് വേണ്ടി തിരഞ്ഞെടുക്കാം. പക്ഷേ, നീന എനിക്കുവേണ്ടി തിരഞ്ഞെടുക്കുന്ന പെൺകുട്ടി നീന തന്നെ ആവണമെന്നാണ് എന്റെ ആഗ്രഹം. എത്ര റൊമാന്റിക്കായ പ്രൊപ്പോസൽ. അതിന് നോ പറഞ്ഞ് പോയ നീന പിന്നീട് ഡാഡിയേയും (സോമൻ) ചേട്ടനേയും പറഞ്ഞ് സമ്മതിപ്പിക്കുന്നു. അവരുടെ കല്യാണം നടക്കുന്നു. വിനയന്റെ നാടായ മണിവത്തൂരിലേക്ക് അവർ അമ്മയെ കാണാൻ പോകുന്നു. നാണിച്ചുനിൽക്കുന്ന അമ്മയേും നീനയേയും എത്ര മനോഹരമായാണ് വിനയൻ ചേർത്തുവയ്ക്കുന്നത്.
നീനയ്ക്ക് വിനയനൊപ്പം മണിവത്തൂരിൽ ആയിരം ശിവരാത്രികൾ കാണണമെന്ന് ആവശ്യപ്പെടുന്നു. മരിച്ചാൽ തന്നെ അവിടെ അടക്കണമെന്നും പറഞ്ഞ് സമ്മതിപ്പിക്കുന്നു. പിന്നീട് മാറോടടുക്കിപ്പിടിച്ച് വളർത്താൻ ഒരു പെൺകുഞ്ഞിനെ വിനയന് കൊടുത്തിട്ട്, ഒരപകടത്തിൽ നീന മരിക്കുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വിനയന് കാൽ നഷ്ടപ്പെടുന്നു. ശേഷം കാലം വിനയൻ നീനയെ അടക്കിയ മണിവത്തൂരിൽ ചെലവഴിക്കുന്നു. ഒപ്പം വിനീത എന്ന് പേരിട്ട മകളും.
ഊട്ടിയിൽ നീനയുടെ പേരിൽ ഹോസ്പിറ്റൽ പണിയാനും, നീനയുടെ വീട്ടിൽ വിനീതയ്ക്കൊപ്പം താമസിക്കാനും ജോസും ഡാഡിയും ആവശ്യപ്പെട്ടപ്പോൾ വിനയൻ സമ്മതിക്കുന്നില്ല. അതവന്റെ സ്വാർത്ഥതയും തന്നിഷ്ടവുമായാണ് അവർ കാണുന്നത്. എന്നാൽ തന്നെ മണിവത്തൂരിൽ അടക്കണമെന്നതും വിനീതയെ മറ്റാർക്കും കൈമാറാതെ വളർത്തണമെന്നതും നീനയുടെ ആഗ്രഹമായിരുന്നു. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് വിനയൻ ചെയ്തത്.

Content Highlights: manivathoorile aayiram sivarathrikal movie is a timeless tale of love and loss

Continue reading