'കഷായം' ഗ്രീഷ്മ! പ്രതിപ്പട്ടികയിലെ പുരുഷന്മാര്‍ക്കും വേണ്ടേ വട്ടപ്പേര്?

സോഷ്യല്‍മീഡിയയില്‍ കഷായം ഇന്ന് കാളകൂടമാണ്. വഞ്ചനയുടെ, കൊലച്ചതിയുടെ ലായനി. ഭാര്യയും കാമുകിയും വച്ചുണ്ടാക്കി നീട്ടുന്ന പാനീയത്തിലേക്ക് നോക്കി 'വല്ലതും കലക്കിച്ചേര്‍ത്തിട്ടുണ്ടോഡീ' എന്ന് അര്‍ഥഗര്‍ഭമായി നര്‍മമോതാന്‍ ശരാശരി മലയാളി പുരുഷനെ പ്രേരിപ്പിക്കുന്ന സംഭവഗതികള്‍. കൊന്ന മനസ്സിന്റെ ക്രൂരതയേയും കൊലചെയ്യപ്പെട്ട ജീവന്റെ നിസ്സഹായതയേയും കണക്കിലെടുക്കാതിരിക്കാനാവില്ല. കൊലയും പിടിച്ചുപറിയും അതിക്രമവും കൈയേറ്റങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ തെറ്റുകളും ലിംഗഭേദമന്യേ ശിക്ഷയര്‍ഹിക്കുന്നുവെന്നും നീതിയുക്തമായ സമൂഹമാണ് പുരോഗമനത്തിന്റെ അടിത്തറയെന്നുമുള്ള ബോധ്യത്തിന്റെ പുറത്താണ് ഈ കുറിപ്പ്.
പ്രതിസ്ഥാനത്ത് സ്ത്രീയെത്തുമ്പോള്‍ മാത്രമുയരുന്ന ധാര്‍മികതയെയും നീതിബോധത്തെയും പറ്റി ചിലത് പറയാനുണ്ട്. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന പാഠം സമൂഹം മനസിലാക്കേണ്ടത് പ്രതിസ്ഥാനത്ത് സ്ത്രീ എത്തുമ്പോള്‍ മാത്രമല്ല എന്നതാണ് അതില്‍ പ്രധാനം. അടിച്ചും ചവിട്ടിയും കുത്തിയും വെട്ടിയും വണ്ടിയിടിപ്പിച്ചും പട്ടിണിക്കിട്ടും മനോനിലതകര്‍ത്തും ചൂഷണത്തിനിരയാക്കിയും സദാചാരസമൂഹത്തിന് വലിച്ചെറിഞ്ഞുകൊടുത്തും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും ഇവിടെ പുരുഷന്മാര്‍ സ്ത്രീകളെ കൊല്ലുന്നുണ്ട്. കൊന്നു, പിടിക്കപ്പെട്ടു, ശിക്ഷിക്കപ്പെട്ടു എന്നതിനപ്പുറം എന്തുകൊണ്ടാണ് ആ കേസുകളിലൊന്നും സമൂഹം പ്രതികള്‍ക്കായി വിചാരണക്കൂടുകള്‍ പണിയാത്തത്. വിഷംകൊടുത്ത് പുരുഷനെ കൊന്ന സ്ത്രീയെ കൊടുത്ത വിഷത്തിന്റെ പേരിട്ട് വിളിക്കുന്ന സമൂഹം പുരുഷന് അക്കാര്യത്തിലും എന്തിനാണ് ഇളവ് ഏര്‍പ്പെടുത്തുന്നത്. സ്ത്രീയുടെ ജീവനെടുക്കാന്‍ സ്വന്തം അവയവം ഉള്‍പ്പെടെ പലവിധ ആയുധങ്ങള്‍ പുറത്തെടുത്തിട്ടുള്ള പുരുഷന്മാര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ സൈ്വര്യവിഹാരം നടത്തുന്നു. പക്ഷേ, സമൂഹം എന്തുകൊണ്ടവരെ അതുചേര്‍ത്ത് വട്ടപ്പേരിട്ട് വിളിക്കുന്നില്ല, അതു കേട്ടാരും കൈയടിക്കുന്നില്ല.
കുറ്റം, വഞ്ചനയാകട്ടെ കൊലപാതകമാകട്ടെ, ആണ് ചെയ്താലും പെണ്ണ് ചെയ്താലും അതിന്റെ വീര്യം ഒന്നുതന്നെയാണ്. പ്രതിസ്ഥാനത്ത് പെണ്ണായതുകൊണ്ടു മാത്രം കുറ്റത്തിന് രൂക്ഷതയേറുന്നില്ല. പ്രതി പുരുഷനായതുകൊണ്ടുമാത്രം കുറ്റത്തിന് രൂക്ഷത കുറയുന്നുമില്ല. പെണ്ണ് ചെയ്യുന്ന കുറ്റത്തിന്റെ പ്രതലത്തില്‍ പൊളിഞ്ഞുവീഴുന്ന ചീട്ടുകൊട്ടാരങ്ങളാണ് സ്‌നേഹം, വിശുദ്ധി, വിശ്വസ്തത തുടങ്ങിയ മനുഷ്യസത്തയുടെ ലാവണ്യബിംബങ്ങളെല്ലാമെന്ന ആണ്‍ചിന്ത അപകടകരമാണ്. ഭാര്യയായ സ്ത്രീയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ആദ്യം പരാജയപ്പെടുകയും എന്നിട്ടും ആത്മവിശ്വാസക്കുറവില്ലാതെ നീതിവ്യവസ്ഥയെ തെല്ലും ഭയക്കാതെ വീണ്ടും അതേ കുറ്റം ആവര്‍ത്തിച്ച് അതില്‍ വിജയിച്ച കൊടുംക്രിമിനലിനെ മലയാളികള്‍ക്ക് പരിചയമുണ്ട്. ആ കുറ്റകൃത്യം പകര്‍ന്ന പാഠം എന്താണെന്ന് ആരെങ്കിലും പറയുകയുണ്ടായോ. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്നും വിവാഹം അപകടമേഖലയാണെന്നുമുള്ള പാഠം അതില്‍നിന്ന് പൊതുബോധം ഉള്‍ക്കൊള്ളുമെന്നും ആരെങ്കിലും പ്രസ്താവിക്കുകയുണ്ടായോ.
പ്രണയിച്ച പുരുഷനാല്‍ ചുട്ടുകൊല്ലപ്പെട്ട ഒരുപാട് പെണ്‍കുട്ടികളുടെ പേരുകള്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ കണ്ടെടുക്കാനാകും. പുരുഷന്‍ പ്രതിയായ ആ കേസുകളില്‍ പ്രണയത്തിലുള്ള വിശ്വാസം ആ ചെയ്തിയിലൂടെ സമൂഹത്തിന് നഷ്ടമായി എന്ന് ആരെങ്കിലും നിരീക്ഷിക്കുകയുണ്ടായോ? പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊല്ലുന്നവരുടെ നാടുകൂടിയാണിത്. പ്രതിസ്ഥാനത്ത് അടുത്ത ബന്ധുക്കളോ പ്രിയപ്പെട്ടവരോ ആണേറെയും. ആ കുറ്റകൃത്യങ്ങളില്‍ നിന്ന് പൊതുബോധം എന്ത് പാഠമാണ് ഉള്‍ക്കൊള്ളുന്നതെന്ന് ആരെങ്കിലും പറയുകയുണ്ടായോ. കുറ്റമറ്റ സമൂഹം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും കുറ്റം ചെയ്ത സ്ത്രീയില്‍ നിന്ന് വ്യത്യസ്തനല്ല കുറ്റം ചെയ്യുന്ന പുരുഷനെന്നും ബോധവല്‍ക്കരിക്കേണ്ട വ്യവസ്ഥിതി, മറിച്ച് നിലപാടെടുക്കുന്നതിലുണ്ട് തിരുത്താനാവാത്ത ശരികേട്.
'നീയുള്‍പ്പെടെയുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും...' എന്ന വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഉദ്‌ഘോഷണത്തിന് കയ്യടിക്കുന്ന സമൂഹത്തിന് ഇന്നും മാറ്റമൊന്നുമില്ല. പ്രതി സ്ത്രീയെങ്കില്‍ സമൂഹത്തിന് ഊറ്റമേറും. പ്രണയവും ദാമ്പത്യവും ഉള്‍പ്പെടെ ജീവിതത്തിലേക്ക് വെളിച്ചം കടത്തിവിടാന്‍ സൃഷ്ടിക്കപ്പെട്ട ബന്ധങ്ങളിലെല്ലാം അസഹനീയമാംവിധം ടോക്‌സിക്കാവുന്ന, നിയന്ത്രണങ്ങളുടെ കോട്ട പണിയുന്ന പുരുഷ സൈക്കോകള്‍, തെറ്റുകാരിയായ സ്ത്രീയുടെ ചെയ്തികളില്‍ മനംനൊന്ത് മുതലക്കണ്ണീരൊഴുക്കി സൃഷ്ടിച്ച മഹാസമുദ്രമാണ് സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സുകള്‍. തെറ്റുകാരിയില്‍ അവര്‍ കാണേണ്ടത് അവരുടെതന്നെ പ്രതിബിംബങ്ങളെയാണ്.
കൂടത്തായിയില്‍ ജോളി എന്ന സ്ത്രീ കുടുംബാംഗങ്ങളെ വിഷംകൊടുത്തു കൊന്നപ്പോള്‍, 'ഇനിയങ്ങോട്ട് വീട്ടില്‍ നിന്ന് ഭാര്യ വച്ചുവിളമ്പിത്തരുന്ന ഭക്ഷണം എങ്ങനെ വിശ്വസിച്ച് കഴിക്കും' എന്ന് മുനവെച്ച് തമാശപറഞ്ഞ പുരുഷോത്തമന്മാരുടെ നാടാണിത്. 'അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ തന്നെ വെച്ചുവിളമ്പി തിന്നെടോ' എന്ന് മറുപടി കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. സ്ത്രീ കുറ്റം ചെയ്യുമ്പോള്‍ അത് മുഴുവന്‍ സ്ത്രീസമൂഹത്തിന്റെയും കൂട്ടായ കുറ്റമായും പുരുഷന്റെ തെറ്റിനെ ഒറ്റപ്പെട്ട സംഭവമായും വരുത്തിത്തീര്‍ക്കുന്ന ആണ്‍ബോധം ശിക്ഷയര്‍ഹിക്കുന്നു.
സമൂഹത്തിന്റെ വിശുദ്ധി തകര്‍ക്കുന്ന സ്ത്രീകുലത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്ന പുരുഷ കുലോത്തമന്മാര്‍ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ ഒന്നെടുത്തു നോക്കുന്നത് നന്നായിരിക്കും. അതില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളും ഉണ്ട്. 2016 മുതല്‍ 2024 വരെയുള്ള ഗ്രാഫ് ഒരൊറ്റ ക്ലിക്കില്‍ കയ്യില്‍ത്തടയും. ട്രംപ് സ്ഥാനമേറ്റാലും അദാനിക്കെതിരെ ആരോപണം വന്നാലും നിലംപൊത്തുന്ന ഓഹരിവിപണി അതുകണ്ടാല്‍ നാണിച്ച് നിലംതൊടും. അത്രയ്ക്കാണ് ഉയര്‍ച്ച. വച്ചടി വച്ചടി കയറ്റം.
കോവിഡിന്റെ പിടിയില്‍ മനുഷ്യര്‍ അടച്ചുപൂട്ടി വീട്ടിലിരുന്ന 2020-ല്‍ മാത്രം അതിക്രമങ്ങള്‍ ഒരല്പം കുറവാണ്. എന്നു കരുതി വീടകങ്ങള്‍ സുരക്ഷിതമാണെന്ന് ഊഹിക്കേണ്ട. ശരാശരി സ്ത്രീയെ സംബന്ധിച്ച് ഹിറ്റ്‌ലറെക്കാളും വലിയ ഏകാധിപതി സംഹാരമൂര്‍ത്തിയായി വാഴുന്ന ഗ്യാസ്‌ചേംബറുകളോടുകൂടിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാണ് വീടുകള്‍. അതിനുള്ളില്‍ ഏല്‍ക്കേണ്ടിവരുന്ന ക്രൂരതകള്‍ നിശ്ശബ്ദം സഹിക്കപ്പെടുന്നു. ഭര്‍തൃബലാത്സംഗമാകട്ടെ, മര്‍ദ്ദനമാകട്ടെ, മാനസികപീഡനമാകട്ടെ... അതൊന്നും കണക്കിലെടുക്കപ്പെടുന്ന തെറ്റുകളല്ലെന്ന് കരുതുന്നവര്‍ ഇതുകൂടിയൊന്നറിയുക. 2024 നവംബറില്‍ ഐക്യരാഷ്ട്ര സഭ ഒരു കണക്ക് പുറത്തുവിട്ടിരുന്നു. അതുപ്രകാരം ലോകത്ത് പ്രതിദിനം ശരാശരി 140 സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ കൊലചെയ്യപ്പെടുന്നു. കോടാനുകോടി ജനസംഖ്യയില്‍ 140-ന് എന്ത് കാര്യം എന്നായിരിക്കും മറുചോദ്യം. പക്ഷേ, പ്രതിസ്ഥാനത്താണ് സ്ത്രീയെങ്കില്‍ ഈ ചോദ്യം ഉണ്ടാകില്ല എന്നതിലാണ് അസ്വാഭാവികത.
പ്രതി സ്ത്രീയായ കേസിലെ വിധി ആഘോഷിക്കുന്ന തിരക്കിനിടയില്‍ പുതിയ വാര്‍ത്തകള്‍ ആഘോഷ കമ്മിറ്റിക്കാര്‍ കണ്ടുവോ ആവോ. പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് ഒട്ടും മനസ്താപമില്ലാതെ ഒരു മലയാളി പുരുഷന്‍ ഒരു മലയാളി സ്ത്രീയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീ വിവാഹിതയായതുകൊണ്ട് പ്രതി ചെയ്ത തെറ്റ് തെറ്റല്ലാതാക്കുന്ന നിരീക്ഷണങ്ങളുടെ ഘോഷയാത്ര പിന്നാലെ പുറപ്പെട്ടിട്ടുണ്ട്. മറ്റൊരു വാര്‍ത്ത കേരളത്തിന് പുറത്തുനിന്നാണ്. ഒരു സ്ത്രീയെ ഉലക്കകൊണ്ടടിച്ച് കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി കറിവെച്ച് നദിയിലൊഴുക്കിയ വീരനാണ് അതിലെ നായകന്‍. കൊല്ലപ്പെട്ടത് അപരന്റെ ഭാര്യയല്ല. അയാളുടെ സ്വന്തം ഭാര്യയാണ്. വിചാരണക്കമ്മിറ്റിക്കാര്‍ക്ക് സ്ത്രീയുടെ വ്യക്തിത്വം എന്നത് പുരുഷനുമായുള്ള ബന്ധവുമായി ബന്ധപ്പെടുത്തിയുള്ളതാണല്ലോ. കൊല്ലപ്പെടുന്ന പുരുഷനെക്കാള്‍ എത്രയോ മൂല്യം കുറവാണ് കൊല്ലപ്പെടുന്ന സ്ത്രീയ്‌ക്കെന്നും തെറ്റിനെ ശരിയാക്കി മാറ്റാന്‍ സദാചാരത്തിന് കെല്പുണ്ടെന്നും സദാചാര ലംഘകയായ സ്ത്രീ കൊല അര്‍ഹിക്കുന്നുവെന്നും കരുതുന്ന ശരാശരി പുരുഷബോധത്തിന് കുതിരപ്പവനെന്നോതുന്ന വ്യവസ്ഥിതിയോട് എന്തു പറയാന്‍.
Content Highlights: court verdict on greeshma and its social impact