കുറ്റക്കാരുടെ കുർബാനയും ക്രിസ്മസിന്റെ കള്ളപ്പവും

ഒരു ക്രിസ്ത്യാനിക്കുഞ്ഞായി ജനിച്ചതുകൊണ്ടാവണം എനിക്കേറ്റവും ഇഷ്ടമുള്ള മാസം ഡിസംബറാണ്. എന്റെ ഡിസംബറിന് ഇപ്പോഴും പ്ലംകേക്കിന്റെ വാസനയാണ്, കള്ളപ്പത്തിന്റെ രുചിയാണ്, നക്ഷത്രവിളക്കുകളുടെ പ്രകാശമാണ്, കരോളിന്റെ ശബ്ദമാണ്!
ചെറുതായിരിക്കുമ്പോൾ മുതൽ എഴുത്തും വായനയും ഒക്കെയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഞാനപ്പോ ചിരിക്കും. കാരണം എന്റെ ചെറുപ്പത്തിൽ വീട്ടിലുണ്ടായിരുന്ന ഒരേയൊരുപുസ്തകം വിശുദ്ധ വേദപുസ്തകമായിരുന്നു! പിന്നെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാക്രമം എന്നോ മറ്റോ പേരുള്ള ഒരു ചെറിയ പുസ്തകവും. ഇതിലേതുവായിച്ചാലും ഞാൻ ഉറക്കംവന്ന് വീണുപോവും.
രണ്ടുമാസാവധിക്ക് ആന്റിയുടെ വീട്ടിൽപോകുമ്പോൾ വായിക്കാൻകിട്ടിയിരുന്ന അമർചിത്രകഥകളായിരുന്നിരിക്കണം എന്നെ എഴുത്തുകാരിയാക്കിയത്. അട്ടിയിട്ടുവെച്ചിരിക്കുന്ന അമർചിത്രകഥകളും മിക്കദിവസവുമുണ്ടാകുന്ന കരിമീൻ കറിയും പിയേഴ്സ് സോപ്പുകൊണ്ടുള്ള കുളിയുമായിരുന്നു ആന്റിയുടെ വീട്ടിലെ പ്രധാന ആകർഷണങ്ങൾ. ഇന്നത്തെപ്പോലെയല്ല, അന്ന് പിയേഴ്സ് സോപ്പ് നാട്ടിൽ അപൂർവമായിരുന്നു.
ഞങ്ങളുടെത് ഒരു പരമ്പരാഗത ക്രിസ്ത്യാനി കുടുംബമായിരുന്നു. ജീവിതത്തിന്റെ നെടുംതൂണുകളായി കർത്താവും ഗീവർഗീസ് സഹദയും. മൂന്നാമതൊരു കുഞ്ഞുതൂണായി പരുമല തിരുമേനിയും. ഞായറാഴ്ചകളിൽ പള്ളി, ടി.വി.യിലെ രാമായണം, സൺഡേ സ്‌കൂൾ, പിന്നെ ഇറച്ചിക്കൂട്ടാൻ... കുട്ടിക്കാലത്തെ ഏറ്റവും വലിയ ടെൻഷനുകളിലൊന്ന് അച്ചന്റെ പ്രസംഗം നീണ്ടുപോയാൽ രാമായണത്തിന്റെ തുടക്കം മിസ്സാവും എന്നതായിരുന്നു. പല അച്ചന്മാരും പ്രസംഗത്തിനിടയ്ക്ക് അത് സൂചിപ്പിക്കുകയും ചെയ്യും. രാമായണം തുടങ്ങിക്കാണുമോ എന്ന ടെൻഷൻ പലരുടേയും മുഖത്ത് എനിക്ക് കാണാം എന്ന്. അത്രയൊക്കെ അറിയാമെങ്കിൽ അച്ചനൊന്ന് സഹകരിച്ചുകൂടേ എന്ന് നമ്മള് മനസ്സിൽ പറയും.
പള്ളിയുമായി ബന്ധപ്പെട്ട ഒരു കഥകൂടി ഓർമ്മവരുന്നു. കുർബാനയ്ക്കിടയിൽ 'കുറ്റക്കാരോടുക്ഷമിക്കേണമേ' എന്നൊരുവരിയുണ്ട്. ഞങ്ങളുടെ ഗ്രാമത്തിന്റെ പേര് കുറ്റയെന്നായിരുന്നു. ഞാൻ പഠിച്ചത് കുറ്റ സ്‌കൂളിൽ, പോയിക്കൊണ്ടിരുന്നത് കുറ്റേപള്ളിയിൽ. അച്ചൻ കുറ്റക്കാരോടുക്ഷമിക്കേണമേ എന്ന് പ്രാർഥിക്കുമ്പോ, ഞങ്ങളുടെ നാട്ടുകാരോട് ക്ഷമിക്കേണമേ എന്നാണ് പ്രാർഥിക്കുന്നത് എന്നാണ് കുഞ്ഞായിരുന്നപ്പോ ഞാൻ കരുതിയിരുന്നത്. ഓരോരോ നാട്ടിലും പിറവംകാരോടുക്ഷമിക്കേണമേ, പുത്തൻകുരിശുകാരോടുക്ഷമിക്കേണമേ, മൂവാറ്റുപുഴക്കാരോടുക്ഷമിക്കേണമേ എന്നിങ്ങനെ ലോക്കൽ വേർഷനുകൾ ഉണ്ടാകുംമെന്നും ഞാൻ കരുതി.
മറ്റൊരു കൺഫ്യൂഷൻ കുമ്പസാരവുമായി ബന്ധപ്പെട്ടതായിരുന്നു. പപ്പേം മമ്മേം പറയുന്നത് അനുസരിക്കാറില്ല, സഹോദരങ്ങളോട് വഴക്കിടാറുണ്ട്, നുണ പറയാറുണ്ട്, ചില ദിവസങ്ങളിൽ ബൈബിൾ വായിക്കാറില്ല എന്നിവ എല്ലാ വർഷവും എന്തായാലും ലിസ്റ്റിലുണ്ടാവും. എല്ലാക്കൊല്ലവും ലിസ്റ്റ് ഒന്ന് നവീകരിക്കാൻ (കുറച്ച് കലാപരമായിത്തന്നെ) കാര്യമായ എഫർട്ട് ഞാനെടുക്കാറുണ്ട്. നമ്മൾ ജെനുവിൻ ആണെന്ന് അച്ചന് തോന്നണം, എന്നാൽ കുഴപ്പക്കാരിയാണെന്ന് തോന്നുകയും ചെയ്യരുത്.
എന്തൊക്കെയാണ് ഒരു ഏഴെട്ടുവയസ്സുകാരിക്ക് ചെയ്യബിൾ ആയിട്ടുള്ള കുറ്റങ്ങൾ? ലിസ്റ്റിൽ കയറ്റാൻവേണ്ടിമാത്രം ഞാൻ കുമ്പസാരത്തിനുമുൻപുള്ള ദിവസങ്ങളിൽ ഉറുമ്പുകളെയും ചെറുപ്രാണികളെയുമൊക്കെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും പിന്നെ എന്തോ ഒരു 'ദൈവിക'ഇടപെടലിൽ പാവംതോന്നി അവരെ വെള്ളത്തിൽനിന്ന് തിരിച്ചുകയറ്റുകയും ചെയ്തിരുന്നു.
എന്റെ അടുത്ത കൂട്ടുകാരിലൊരാളായ റിഷിയുടെ വീട്ടിൽവെച്ചുകേട്ട ഒരു കഥയുണ്ട് (പ്രശസ്ത എഴുത്തുകാരൻ കാക്കനാടന്റെ മകനായ റിഷി ഡൽഹിയിൽ പത്രപ്രവർത്തകനാണ്). അവിടത്തെ ബന്ധത്തിലുള്ള ഒരു അച്ചാച്ചൻ കൊച്ചുമകൻ കുഞ്ഞായിരിക്കുമ്പോ അവനേയുംകൊണ്ട് പള്ളിയിൽപ്പോയി. പള്ളിയിലെ ഭിത്തിയിൽ ആലേഖനം ചെയ്തിരുന്ന യേശുവിന്റെ കഷ്ടാനുഭവയാത്രയുടെ വിവിധ ചിത്രങ്ങൾ വല്യപ്പച്ചൻ കുഞ്ഞിന് പറഞ്ഞുകൊടുക്കുകയായിരുന്നു. രണ്ടാമതൊരുപടത്തിൽക്കൂടി കുരിശേന്തിയ കർത്താവ് വീഴാൻപോകുന്നതുകണ്ടപ്പോൾ കുഞ്ഞ് പകുതി വല്യപ്പച്ചനോടായും പകുതി കർത്താവിനോടായും പറഞ്ഞു, ''തൂച്ചിക്കണ്ടായോ?''
എനിക്കും കുഞ്ഞായിരുന്നപ്പോൾ ഇതുപോലത്തെ ഒരു കരുതലായിരുന്നു കർത്താവിനോടുണ്ടായിരുന്നത്. യേശുവിനെ ഓർക്കുമ്പോ വല്ലാത്ത ഒരു സങ്കടം ആയിരുന്നു. പ്രത്യേകിച്ചും ദുഃഖവെള്ളിയാഴ്ചയും ദുഃഖശനിയാഴ്ചയും. കുട്ടിക്കാലത്ത് യേശുവിന്റെ കഷ്ടാനുഭവത്തെപ്പറ്റിയും കുരിശുമരണത്തെപ്പറ്റിയുമുള്ള ഒരു റേഡിയോ നാടകം കേട്ടതോർക്കുന്നു. അന്ന് ഞാൻ കരഞ്ഞ കരച്ചിൽ. എങ്ങനെയെങ്കിലും ഗോൽഗഥായിൽ എത്തിയാൽമതിയായിരുന്നു എനിക്ക്. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ വേദനയുടെ ചെറിയൊരു ഭാഗമെങ്കിലും അനുഭവിക്കണമെന്ന തീവ്രമായ തോന്നൽ അക്കാലത്ത് എനിക്കുണ്ടാവാറുണ്ടായിരുന്നു. അങ്ങനെ ഒരു ദുഃഖവെള്ളിയാഴ്ചയുടെ തലേദിവസം, പെസഹാവ്യാഴാഴ്ച ഓട്ടത്തിനിടയിൽ വീണ് രണ്ടുകാൽമുട്ടും കാര്യമായിത്തന്നെ പൊട്ടി. കടുത്ത വേദനയിലും യേശുവിന്റെ വേദനയുടെ അല്പമെങ്കിലും അനുഭവിക്കാനായല്ലോ എന്ന വലിയ ആശ്വാസമായിരുന്നു കുഞ്ഞെനിക്ക്! എന്തായാലും ദുഃഖവെള്ളിയാഴ്ച പള്ളിയിൽപ്പോകാൻ കഴിയാതിരുന്ന ഞാൻ അന്നുമുഴുവൻ അതീവദുഃഖത്തോടെതന്നെ പെസഹായുടെ ബാക്കിയായ അപ്പവും പാലും കഴിച്ചു.
ഇത്രേം വലിയ ദുഃഖങ്ങളുടെയൊക്കെ ബാക്കിയായിവരുന്ന ആഘോഷമായതുകൊണ്ട് ഈസ്റ്റർ എന്നെ കാര്യമായി ബാധിച്ചിരുന്നില്ല. ഉയർത്തെങ്കിലും പാവം എന്തോരം അനുഭവിച്ചു. ഈസ്റ്ററിനും, യേശു ഇപ്പോ ഉയർത്തിട്ടുണ്ടാവുമോ, ഉയർത്തുകഴിഞ്ഞിട്ടും ആണിതറച്ചേന്റേം ചാട്ടയടീടേമൊക്കെ വേദന ബാക്കിയുണ്ടാവുമോ, ആരടെയടുത്തേക്കാ ആദ്യം പോയത് തുടങ്ങി ഒട്ടേറെ ആധികൾ എന്നിൽ ബാക്കിയായിരുന്നു. ആധിക്കിടയിലും പിടീം ഇറച്ചീം വട്ടയപ്പവുമൊക്കെ തിന്നുകൊണ്ടിരിക്കും എന്നത് വേറേ കാര്യം! ചെറുപ്പംമുതലേ ആധിയിലും ആനന്ദത്തിലും എനിക്കുകൂട്ട് ഭക്ഷണമാണ്.
പക്ഷേ, ക്രിസ്തുമസിന് ഇത്തരം ആധികളൊന്നുമില്ല. ഓൺലി സന്തോഷം. കുഞ്ഞുവാവ ജനിക്കാൻപോകുന്നു. അതും കാലിത്തൊഴുത്തിൽ. രാജാക്കന്മാർ പൊന്ന്, മീറ, കുന്തിരിക്കവുമായി സന്ദർശിക്കാൻ വരുന്നു, നക്ഷത്രം വരുന്നു, കരോൾ വരുന്നു.
ദൈവം പിറക്കുന്നു മനുഷ്യനായ് ബേത്‌ലഹേമിൽ
മഞ്ഞുപെയ്യുന്ന മലമടക്കിൽ
ഹാലേലുയ്യാ...ഹാലേലുയേയാ...
യേശുവും ഞാനുമായുള്ള ബന്ധത്തിൽ ആദ്യമായി വിള്ളൽ വീഴുന്നത് ഞാനേതാണ്ട് പതിനഞ്ചുവയസ്സിലൊക്കെ എത്തിയപ്പോഴാണ്. പഴമുണ്ടാവാത്തതിന്റെ പേരിൽ യേശു അത്തിമരത്തെ ശപിച്ചതായിരുന്നു പ്രധാന പ്രശ്നം. 'എടോ, അത്തിയിൽ പഴമുണ്ടാക്കേണ്ടതും ദൈവമായ താൻതന്നെ അല്ലേ?' എന്നതായിരുന്നു അതിനോടകം ഏതാണ്ട് കൂട്ടുകാരനെപ്പോലെയായിമാറിയ കർത്താവിനോടുള്ള എന്റെ ചോദ്യം. അതുപോലെ ധനവാന് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം സൂചിക്കുഴയിലൂടെ കഴുത്തുകയറ്റുകയാണെന്ന പ്രയോഗം (നാട്ടിലെ എനിക്കറിയാവുന്ന പണക്കാരൊക്കെ ഇങ്ങനെ സൂചിക്കുഴയ്ക്കുമുന്നിൽ നിൽക്കുന്നത് ഞാനക്കാലത്ത് സങ്കല്പിക്കാറുണ്ടായിരുന്നു). നല്ലവരായ പണക്കാരും ഉണ്ടാവും എന്ന് എന്റെ നിഷ്‌കളങ്കതവെച്ച് അക്കാലത്ത് ഞാൻ ധരിച്ചുവശായിരുന്നു. കർത്താവ് ഉദ്ദേശിച്ചത് അദാനി, അംബാനിമാരെയാണെന്ന് വലുതായപ്പോഴാണ് എനിക്ക് മനസ്സിലായത്.
കർത്താവിനെപ്പോലെതന്നെ എന്റെ എഴുത്തിൽ വരുന്ന മറ്റൊരാളാണ് ഗീവർഗീസ് സഹദ. ഞങ്ങൾ പരമ്പരാഗതമായി കാര്യങ്ങൾ കർത്താവിനോടുചോദിക്കുന്നതിനെക്കാൾ കൂടുതലായി ഗീവർഗീസ് സഹദയോടാണ് ചോദിക്കാറ്. എന്റെ വല്യമ്മച്ചിയും എനിക്കറിയുന്ന സകലമാന വല്യമ്മമാരും രാത്രിയിൽ കോഴിക്കൂട്ടിൽ പാമ്പുവന്നൂന്ന് ഒരു സൂചന കിട്ടിയാൽ അപ്പോ നേർച്ച നേരും, 'ഗീവർഗീസ് സഹദാ എന്റെ കോഴികൾക്കൊന്നും വരുത്തല്ലേ...' വളരെ ആത്മീയമായി ഇരിക്കുന്ന സമയമാണെങ്കിൽ അവർ ഗീവർഗീസ് സഹദയുടെ അടുത്ത പെരുന്നാളിന് ഒരു പൂവൻകോഴിയെ നേരുകയും ചെയ്യും. എന്താണെന്നറിയില്ല, പിടകളെ ആരും അങ്ങനെ നേരാറില്ല. ഇങ്ങനെ നേരപ്പെട്ട പൂവന്മാർ ഒരു പ്രത്യേക ജാഡയോടെയാണ് പറമ്പിലൂടെ നടക്കുക.
കുഴപ്പമില്ലാതെ പഠിക്കുമെങ്കിലും വീട്ടിലെ പ്രഷർ കാരണം നല്ല പരീക്ഷപ്പേടിയുള്ള കൂട്ടത്തിലായിരുന്നു ഞാൻ. എന്റെ മാർക്കിനെക്കാൾ ക്ലാസിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയുടെ മാർക്കായിരുന്നു എന്റെ ടെൻഷൻ. പരീക്ഷയുടെ തലേദിവസം പള്ളി ഭണ്ഡാരത്തിൽ ചില്ലറപ്പൈസ ഇട്ടിട്ട് ഞാൻ ഗീവർഗീസ് സഹദയോട് മുട്ടിപ്പായി പ്രാർഥിക്കും, ''ഗീവർഗീസ് സഹദാ, ബിന്ദൂന് മാർക്ക് കൊറച്ചുകൊടുക്കണേ...'' കണ്ടോ, അപ്പോഴും എനിക്ക് മാർക്കുതരണം എന്ന് ഞാൻ ദൈവത്തോട് ആവശ്യപ്പെടുന്നില്ല. എന്തുതന്നെയായാലും ഗീവർഗീസ് സഹദ ഒരിക്കൽപ്പോലും കുഞ്ഞെന്റെ പ്രാർഥന കേട്ടില്ല.
ക്രിസ്തുമസിന് ബ്രെയ്ക്ക്ഫാസ്റ്റ് കള്ളപ്പമോ പിടിയോ ആയിരിക്കും. വല്യമ്മച്ചിയായാലും മമ്മയായാലും ക്രിസ്തുമസിന്റെയന്ന് രാവിലെ അഞ്ചുമണിയോടെതന്നെ കള്ളപ്പം ഉണ്ടാക്കാൻ തുടങ്ങും. നല്ല നാടൻകള്ള് ചേർത്ത് തലേദിവസം തയ്യാറാക്കിവയ്ക്കുന്ന മാവ് അപ്പോഴേക്കും കൃത്യം പുളിപ്പായിരിക്കും. എത്ര വലിയ ഉറക്കത്തിലായാലും കുഞ്ഞുഞാൻ കള്ളപ്പത്തിന്റെ ആ ജീരകവും ഉള്ളിയുമൊക്കെ ചേർന്ന മണം പിന്തുടർന്ന് അടുക്കളയിലെത്തി വലിയ പനമ്പുകൊട്ടയിൽനിന്ന് ചൂടോടെ അപ്പം എടുത്തുതിന്നും. ഇന്നിപ്പോ നല്ല കള്ള് ലഭ്യമല്ലാതായതോടെ കള്ളിന്റെ സ്ഥാനം യീസ്റ്റ് കൈയടക്കുകയും കള്ളപ്പത്തിന്റെ പേരുപോലും പലപ്പോഴും മാറി കല്ലിലുണ്ടാക്കുന്ന അപ്പം എന്ന അർഥത്തിൽ കല്ലപ്പമാവുകയും ചെയ്തു. കഷ്ടം, കള്ളപ്പത്തോട് ഒരിക്കലും ചെയ്യരുതാത്ത ക്രൂരത!
എന്റെ ചെറുപ്പത്തിൽ ചിക്കൻ ഇത്ര കോമണായിരുന്നില്ല. ഈസ്റ്ററിനും ക്രിസ്തുമസിനുമൊക്കെ മാത്രമേ വീട്ടിൽ കോഴിക്കറി ഉണ്ടാവൂ. അക്കാലത്ത് വീട്ടിൽ വളർത്തിയിരുന്ന കോഴികൾതന്നെയായിരുന്നു കറിയായി മാറിയിരുന്നത്. നാടൻകോഴിയായതുകൊണ്ട് എല്ലുകടിച്ചുകടിച്ച് നമ്മൾ ശരിക്കും ക്ഷീണിക്കും. ബീഫെന്നുള്ള പേര് അന്ന് ആരും ഉപയോഗിച്ചിരുന്നില്ല. എറച്ചി അഥവാ ഇറച്ചി അത്രതന്നെ. ഞായറാഴ്ച വാങ്ങുന്ന ഇറച്ചി മിക്കവാറും ബുധനാഴ്ചവരെയും ഭാഗ്യമുണ്ടെങ്കിൽ വ്യാഴാഴ്ചവരെയും ഉണ്ടാവും.
അഞ്ചുവയസ്സുവരെ ഞാൻ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെയായിരുന്നു. അതിനുശേഷമാണെങ്കിലും കുട്ടിക്കാലത്തെ എന്റെയൊരു ബെയ്സ് 'മറ്റേവീട്' എന്ന് ഞങ്ങൾ വിളിക്കുന്ന ആ വീടായിരുന്നു. അവിടെ കല്യാണമായിട്ടും ശ്രാദ്ധമായിട്ടുമൊക്കെ ഇടക്കിടയ്ക്ക് എന്തെങ്കിലും പരിപാടികളുണ്ടാവും. പരിപാടിയുടെ തലേദിവസം രാത്രി മുറ്റത്ത് പനമ്പുവിരിച്ച് പെട്രോമാക്സിന്റെ വെളിച്ചത്തിൽ ചട്ടയും മുണ്ടുമുടുത്ത വല്യമ്മമാർ പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ചിലർ പിടിക്കുവേണ്ട ഉരുള ഉരുട്ടുന്നു (ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പമാണ് പിടിക്ക് വേണ്ടത്)... ചിലർ കപ്ലങ്ങയുടെ (പപ്പായ) കോല് അച്ചായി ഉപയോഗിച്ച് കുഴലപ്പം ഉണ്ടാക്കുന്നു... ചിലർ അവലോസുണ്ട ഉരുട്ടുന്നു... മുറ്റത്തിന്റെ അരികിലൊരുക്കിയിരിക്കുന്ന അടുപ്പുകളിലൊന്നിൽ വല്യമ്മച്ചി അച്ചപ്പമുണ്ടാക്കുന്നു... മറ്റുകുട്ടികളൊക്കെ കളിക്കുമ്പോഴും ഞാൻ ഇവരുടെ ഇടയിൽ തത്തിക്കളിച്ചുകൊണ്ടിരിക്കും. പലഹാരോം തിന്നാം വർത്തമാനോം കേൾക്കാം.
വല്യമ്മച്ചി ഗംഭീര കുക്കായിരുന്നു. മുറ്റത്തെ മൂവാണ്ടൻ മാവിൽനിന്ന് പറിച്ചെടുക്കുന്ന മാങ്ങകൊണ്ട് അമ്മച്ചിയുണ്ടാക്കുന്ന ചമ്മന്തിക്കുപോലും ഭയങ്കര രുചിയായിരുന്നു. അതുകൊണ്ടുമാത്രം എത്രവേണേലും ചോറുണ്ണാമായിരുന്നു എന്നുപറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല. ഞാനും അത്യാവശ്യം നല്ലൊരു കുക്കാണ്. എന്നെ സംബന്ധിച്ച് പാചകം ഏറ്റവും ക്രിയേറ്റീവായ ഒരു സംഗതിയാണ്. പുതിയ പുതിയ വിഭവങ്ങൾ ഉണ്ടാക്കിനോക്കുക, പഴയ വിഭവങ്ങൾതന്നെ പുതിയരീതിയിൽ ഉണ്ടാക്കിനോക്കുക, ചേരുവകൾ മാറ്റി പരീക്ഷിച്ചുനോക്കുക... കുക്കിങ് ശരിക്കും അറിഞ്ഞ്, ആസ്വദിച്ച് ചെയ്യണം.
എന്റെ കുട്ടിക്കാലത്ത് ക്രിസ്തുമസിനുമാത്രമേ കേക്കുകൾ ധാരാളമായി ബേക്കറികളിൽ വരാറുള്ളൂ. വലുതാവുമ്പോൾ ഒരു ബേക്കറിക്കാരനെ കല്യാണം കഴിക്കണമെന്നുള്ളതായിരുന്നു കുഞ്ഞിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം. വലുതായപ്പോൾ ബേക്കറിക്കാരനെ കല്യാണം കഴിച്ചില്ലെങ്കിലും പ്ലംകേക്കും ചീസ്‌കേക്കുമൊക്കെ ബേക്ക് ചെയ്യാനറിയുന്ന, എന്റെ ക്രിസ്തുമസ്‌കേക്ക് സ്വയം ഉണ്ടാക്കുന്ന ഒരു ബേക്കറായി ഞാൻ.
പക്ഷേ, പാചകം എത്ര ഇഷ്ടമാണെങ്കിലും സ്ഥിരം ചെയ്യുമ്പോൾ ആർക്കായാലും അത് മടുക്കും. എല്ലാ ആണുങ്ങളും അറിയണ്ട കാര്യമാണത്. അതുപറയുമ്പോ ആണുങ്ങൾ ഇരുപത്തിനാലുമണിക്കൂറും അടുക്കളയിൽ കിടന്നുകഷ്ടപ്പെട്ടിരുന്ന അവരുടെ അമ്മമാരെപ്പറ്റി പറയും. സഹോദരന്മാരേ, ആ കാലമല്ലിത്. ഇന്ന് മിക്ക സ്ത്രീകളും നിങ്ങളെപ്പോലെതന്നെ ജോലി ചെയ്യുന്നുണ്ട്. സമ്പാദിക്കുന്നുണ്ട്. പലരും ചെയ്യുന്നത് നല്ല പ്രഷറുള്ള ജോലിയാണ്. പല ആൺപരിചയക്കാരും പറഞ്ഞുകേട്ടിട്ടുള്ള ഒരു പരാതിയാണ്, ''ആദ്യമൊക്കെ അവള് നന്നായിട്ട് പാചകം ചെയ്യുമായിരുന്നു... പിന്നപ്പിന്നെ താത്പര്യമില്ലാതായി. ഇപ്പോ മിക്കദിവസോം ഹോട്ടലീന്നാ...'' എന്തുകൊണ്ടാണ് അവര് പാചകം നിർത്തിയതെന്ന് ഈ നിഷ്‌കളങ്കർക്ക് മനസ്സിലാവുന്നതേയില്ല! പെണ്ണുങ്ങളും ആണുങ്ങളും ഒരുപോലെ അടുക്കളയിൽകയറുന്ന ഒരു കിനാശ്ശേരിയാണ് എന്റെ സ്വപ്നം.
വല്യപ്പച്ചനൊപ്പം പാതിരാകുർബാനയ്ക്കുപോകുന്നതാണ് എന്റെ ആദ്യത്തെ ക്രിസ്തുമസ് ഓർമ്മ. പെട്രോ
മാക്സിന്റെ വെളിച്ചത്തിൽ വരുന്ന കരോളും. ബേക്കറിയിൽനിന്ന് ആദ്യമായി ക്രിസ്മസ്‌കേക്ക് വാങ്ങിത്തന്നത് വല്യപ്പച്ചനാണ്. രുചികളുടെ അദ്ഭുതലോകത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നതും അപ്പച്ചനാണ്. അപ്പച്ചന്റെ തോളത്തിരുന്ന് കുറച്ചകലേയുള്ള രാഘവൻചേട്ടന്റെ ചായക്കടയിലേക്കുള്ള പോക്കിലാണ് ഞങ്ങളുടെ ദിവസം തുടങ്ങുന്നതുതന്നെ. അതുകൊണ്ട് രണ്ടുകാര്യങ്ങളുണ്ടായിരുന്നു, ചേട്ടന്റെ കടയിലെ ഉണ്ടൻപൊരിയും ബോണ്ടയും നെയ്യപ്പവുമൊക്കെ തിന്നാം, പിന്നെ അപ്പച്ചന്റെ തോളിലിരുന്ന് ഹൈ ആംഗിളിൽ ലോകം മുഴുവൻ കാണാം. പിന്നത്തെ ഒരു രസകരമായ പോക്ക് ജീപ്പുവിളിച്ച് ഞാനും അപ്പച്ചനും കൂടി എന്റെ മമ്മ ഉൾപ്പെടെയുള്ള അപ്പച്ചന്റെ കെട്ടിച്ചുവിട്ട പെൺമക്കളുടെ വീട്ടിലേക്കുള്ള യാത്രയാണ്. ജീപ്പിന്റെ പിറകിൽ എല്ലാ പെൺമക്കൾക്കുമായി ചക്കയോ മാങ്ങയോ മുരിങ്ങക്കായോ ഒക്കെ കാണും. ഇവരുടെയൊക്കെ വീടുകളിൽ ഇഷ്ടംപോലെ പ്ലാവും മാവും മുരിങ്ങയുമൊക്കെ ഉണ്ടായിരുന്നിട്ടും എന്തിനാണ് ഞങ്ങൾ ജീപ്പുംവിളിച്ച് ഇതുമായി അങ്ങോട്ടുപോകുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. യാത്രയ്ക്ക് ഓരോരോ കാരണങ്ങൾ! അങ്ങനത്തെ യാത്രകളിൽ അപ്പച്ചൻ ബേക്കറികളിൽനിന്ന് കഴിക്കാൻ നിറയെ പലഹാരവും കുടിക്കാൻ മഞ്ഞക്കളറുള്ള തണുത്ത വെള്ളവും വാങ്ങിത്തരും. അതുപോലെ മധുരമില്ലാത്ത ഗോലിസോഡയും. ഗോലിസോഡ നേരേ വായിലേക്കൊഴിച്ച് വലിയവരെപ്പോലെതന്നെ കുപ്പി കാലിയാക്കുന്ന അപൂർവം അഞ്ചുവയസ്സുകാരിയായിരുന്നു ഞാൻ. മറ്റുകുട്ടികളൊക്കെ അദ്ഭുതത്തോടെ നോക്കിനിൽക്കുമ്പോ ഞാൻ കാലിയാക്കിയ കുപ്പി വലിയവരെപ്പോലെതന്നെ നല്ല ശബ്ദത്തിൽ കടയിലെ മേശയിൽ ഇടിച്ചങ്ങുവയ്ക്കും. വയറ്റിലും നെഞ്ചത്തും ഗ്യാസുകേറി പിമ്പിരികൊണ്ട് പണ്ടാരടങ്ങുവാണെങ്കിലും 'ഷോ' ആണല്ലോ പ്രധാനം.
അപ്പച്ചനെപ്പറ്റിയുള്ള ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാം. കുറച്ചുവർഷങ്ങൾക്കുമുൻപ് അപ്പച്ചന് തൊണ്ണൂറുകഴിഞ്ഞിരിക്കുന്ന സമയത്ത് പെട്ടെന്നൊരു മേലായ്കവന്ന് മരണാസന്നനായി. മരിക്കുന്നവർക്കുള്ള കൂദാശയും സ്വീകരിച്ചു. വിവരമറിഞ്ഞ് ഞാനും പങ്കാളി മണിലാലും ഓടിക്കിതച്ചെത്തി. ഞാനും അപ്പച്ചനും തമ്മിൽ നല്ല ആത്മബന്ധമുണ്ട്. അത്യന്തം തളർന്ന ശബ്ദത്തിൽ അപ്പച്ചൻ പറഞ്ഞു, ''പോവാറായി.'' എവിടെപ്പോവാനെന്നായി ഞാൻ. അങ്ങനെ പതുക്കപ്പതുക്കെ അപ്പച്ചൻ സംസാരിച്ചുതുടങ്ങി. എന്തായാലും രണ്ടുമണിക്കൂറിനുള്ളിൽ അപ്പച്ചൻ ഏതാണ്ട് ഭേദപ്പെട്ട അവസ്ഥയിലെത്തി. അപ്പോൾ ആന്റി വന്ന് ''അപ്പച്ചാ, ഇപ്പോ കുറച്ച് ഭേദമുണ്ടല്ലോ, കുറച്ച് ഓട്സ് മിക്സിയിൽ അടിച്ച് കൊണ്ടുവരട്ടെ?'' എന്ന് ചോദിച്ചു. പരിക്ഷീണമായ ശബ്ദത്തിൽ അപ്പച്ചന്റെ മറുപടി: ''അതില് ഒരു മീൻ വറത്തതുകൂടി പൊടിച്ചിട്ടോ.'' കുറച്ചുകഴിഞ്ഞ് മുറിക്കുപുറത്തിറങ്ങിയപ്പോൾ മണിലാൽ എന്റെ ചെവിയിൽ പറഞ്ഞു, ''നിന്റെ ആർത്തി എവിടെനിന്നാ കിട്ടിയതെന്ന് ഇപ്പോ എനിക്ക് മനസ്സിലായി!'' ഭക്ഷണത്തോടുള്ള കൊതികൊണ്ടാണോ എന്നറിയില്ല, അപ്പച്ചൻ പയറുപോലെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നേയും കുറച്ചുവർഷങ്ങൾ കഴിഞ്ഞാണ് മരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A nostalgic journey through childhood Christmas traditions, faith, and the comforting flavors of Kerala Christian celebrations