സ്വിമ്മിങ് പൂള്‍, ഹെലിപാഡ്, ബാത്ത് ടബ്ബ്; 100 അടി നീളമുള്ള വമ്പന്‍ കാര്‍

കടപ്പാട്: X
കടപ്പാട്: X

ഒരു കാറിന്റെ നീളമെത്രയായിരിക്കും? ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാവും. എന്നാല്‍, അമേരിക്കയിലുള്ള ഈ കാറിന്റെ നീളം 100 അടിയാണ്. ഗിന്നസ് റെക്കോഡുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും നീളംകൂടിയ കാറും ഇതുതന്നെ. 10 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരത്തിന് സമമാണെന്നും ഗിന്നസ് റെക്കോഡ്‌സില്‍ പറയുന്നു. 

'ദ അമേരിക്കന്‍ ഡ്രീം' എന്ന് പേരുള്ള ഈ കാര്‍, 1986-ല്‍ കാലിഫോര്‍ണിയയിലെ ജെ ഒഹര്‍ബര്‍ഗ് എന്നയാളാണ് നിര്‍മിച്ചത്. 60 അടിയായിരുന്നു അന്ന് നീളം. പ്രതാപകാലത്ത് ഒട്ടേറെ സിനിമകളിലും ഈ കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമകളിലെയും പരസ്യങ്ങളിലെയും താരമായിരുന്നു. എന്നാല്‍, പതുക്കെ അതിന്റെ താരമൂല്യം നഷ്ടപ്പെട്ടു. വര്‍ഷങ്ങളോളം പൊടിപിടിച്ച് കിടന്നു. 

അതിനുശേഷമാണ് അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നത്. മൂന്ന് വര്‍ഷമെടുത്താണ് അത് പൂര്‍ത്തിയാക്കിയത്. 2022-ലാണ് പിന്നീടത് പുറത്തുവരുന്നത്. പുതിയ നീളം 100 അടിയായി.  

75 പേര്‍ക്ക് ഇരിക്കാന്‍ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാത്ത് ടബ്ബ്, സ്വിമ്മിങ് പൂള്‍, മിനി ഗോള്‍ഫ് കോഴ്‌സ്, ഹെലിപാഡ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ കാറിലുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. അതിനൊപ്പം ടി.വി, ഫ്രിഡ്ജ്, ടെലിഫോണ്‍ തുടങ്ങിയവയുമുണ്ട്. അമേരിക്കയിലെ കാര്‍മ്യൂസിയത്തിന്റെ ഭാഗമായിരിക്കും ഇനി മുതല്‍ ഈ നീളന്‍ കാര്‍.

Content Highlights: worlds longest car