ഒരു കൈയും കാലുമില്ല, കിളിമാഞ്ചാരോ കീഴടക്കാന്‍ തയ്യാറെടുത്ത് വനിത

ലോകത്താകമാനമുള്ള പര്‍വതാരോഹകരുടെ ഇഷ്ടയിടങ്ങളിലൊന്നാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള പര്‍വതമായ കിളിമാഞ്ചാരോ. കൃത്രിമകൈയും കൃത്രിമകാലുമായി ഒരു വനിത കിളിമാഞ്ചാരോ കീഴടക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നോര്‍ത്ത് ലണ്ടനിലെ കാംഡനില്‍ നിന്നുള്ള സാറാ ഡി ലഗാര്‍ഡെയാണ് ദൗത്യത്തിനൊരുങ്ങുന്നത്.
ട്യൂബ് ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ട അവരുടെ ലക്ഷ്യം ഈ ശാരീരികാവസ്ഥയില്‍ കിളിമഞ്ചാരോ പര്‍വതം കയറുന്ന ആദ്യത്തെ വനിതയാവുകയെന്നതാണ്. ഭര്‍ത്താവിനും പെണ്‍മക്കള്‍ക്കുമൊപ്പമായിരിക്കും സാറയുടെ മലകയറ്റം. മഹത്തായ ഒരു സാഹസികതയായി തന്റെ ദൗത്യം ഓര്‍മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സാറ പറയുന്നു.
2022 സെപ്റ്റംബറില്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുംവഴിയാണ് അവര്‍ അബദ്ധത്തില്‍ ട്രാക്കിലേക്ക് വീഴുന്നത്. തുടര്‍ന്ന് കൈയിലൂടെ ട്രെയിന്‍ കയറിയിറങ്ങി. അപകടം നടന്ന് 15 മിനിറ്റിനുശേഷം മാത്രമാണ് അവരുടെ കരച്ചില്‍ ആരെങ്കിലും കേട്ടത്. അതിനുമുമ്പേ രണ്ടാമത്തെ ട്രെയിന്‍ അവരുടെ കാലിലൂടെ കയറിയിറങ്ങിയിരുന്നു. വലതുകൈയും വലതുകാലും പരിക്കിനെത്തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടിവന്നു. കുട്ടികളുടെ മുന്നില്‍ തനിക്കൊരു ഇരയായി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും തളരാതെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കാണിക്കണമെന്നും അവര്‍ പറയുന്നു.
അപകടം പറ്റുന്നതിന് ഒരുമാസം മുമ്പ് ഭര്‍ത്താവിനൊപ്പം സാറ കിളിമാഞ്ചാരോയില്‍ പര്‍വതാരോഹണം നടത്തിയിരുന്നു. ദമ്പതികളുടെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു 5895 മീറ്ററുള്ള പര്‍വതം കീഴടക്കുകയെന്നത്. ഇത്തവണ ആഗസ്റ്റ് 8-നാണ് കുടുംബം മലകയറുന്നത്. കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗംകൂടിയാണ് ഈ യാത്ര.
Content Highlights: woman who lost an arm and leg to climb Mount Kilimanjaro