സിന്ദൂരമണിയല്‍ ഹിന്ദു സ്ത്രീയുടെ മതപരമായ കടമയെന്ന് ഇന്ദോറിലെ കുടുംബകോടതി

പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

സ്ത്രീ വിവാഹിതയെന്ന് സൂചിപ്പിക്കാന്‍ സിന്ദൂരമണിയണമെന്ന് മധ്യപ്രദേശിലെ കുടുംബകോടതി ജഡ്ജി. സിന്ദൂരമണിയുന്നത് ഹിന്ദു സ്ത്രീയുടെ കടമയാണെന്നും അല്ലാത്ത പക്ഷം അത് ക്രൂരതയാണെന്നുമാണ് ജഡ്ജി എന്‍.പി. സിങ് നിരീക്ഷിച്ചിരിക്കുന്നത്. 

അഞ്ചു വര്‍ഷമായി മാറിത്താമസിക്കുന്ന ഭാര്യയുമായുള്ള ബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഇന്ദോറിലെ കുടുംബകോടതി. ഭര്‍ത്താവിന്റെ വീട്ടിലേക്ക് സ്ത്രീ ഉടനെ തിരിച്ചുപോകണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് ഒന്നിനാണ് കുടുംബകോടതിയുടെ വിധി പുറത്തുവരുന്നത്. 

താന്‍ സിന്ദൂരമണിഞ്ഞിരുന്നില്ലെന്ന് സ്ത്രീ കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ സമ്മതിക്കുന്നുണ്ടെന്ന് ജഡ്ജി പറഞ്ഞു. ഭര്‍ത്താവ് സ്ത്രീധനം ചോദിച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ഭാര്യ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സ്ത്രീ ആരോപിക്കുന്നതുപോലെ ഉപദ്രവം നടന്നെന്നുകാട്ടി പോലീസില്‍ പരാതി നല്‍കിയതായി കാണുന്നില്ലെന്നും മറ്റു തെളിവുകളില്ലെന്നും ജഡ്ജി പറയുന്നു. സ്ത്രീയെ ഭര്‍ത്താവ് ഉപേക്ഷിച്ചതല്ലെന്നും സ്ത്രീയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്, പിന്നീട് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും കൂടി കോടതി പറഞ്ഞു.  

അതേസമയം, കോടതിവിധിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്. 2007-ല്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് അഞ്ചു വയസ്സുള്ള മകനുണ്ട്.  


 

Content Highlights: wearing sindoor religious duty of woman as it shows she is married family court