റെക്കോഡ് നേട്ടത്തിന് ശേഷം അനുഷ്‌കയെ വീഡിയോകോള്‍ വിളിച്ച് കോലി; രോഹിത്തിന്റെ പ്രോത്സാഹനം

ഞായറാഴ്ച ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്താനെതിരെ സെഞ്ച്വറി നേടി വിരാട് കോലി സച്ചിന്റെ റെക്കോഡ് തിരുത്തി. ലോകദിനത്തില്‍ ഏറ്റവും വേഗം പതിനാലായിരം റണ്‍സ് എന്ന നേട്ടം ഇനി വിരാടിന് സ്വന്തം. റെക്കോഡ് തകര്‍ക്കാന്‍ 15 റണ്‍സ് മാത്രമാണ് കോലിക്ക് വേണ്ടിയിരുന്നത്. കോലിയുടെ അന്‍പത്തിയൊന്നാം സെഞ്ച്വറി ആണിത്.
മത്സരത്തിന് ശേഷം കുടുംബവുമായി വീഡിയോ കോള്‍ ചെയ്യുന്ന കോലി ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. മത്സരം കാണാന്‍ ഭാര്യ അനുഷ്‌ക ശര്‍മ്മ എത്തിയിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍ എന്ന് അനാവശ്യവിവാദം സൃഷ്ടിക്കുന്നവര്‍ അനുഷ്‌കയുടെ അസാന്നിധ്യത്തിനു പിന്നില്‍ കാരണം ചികഞ്ഞിരുന്നു. അത്തരം കിംവദന്തികള്‍ കോലിയുടെ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ വന്നതോടെ അപ്രസക്തമായി. അനുഷ്‌ക, മക്കളായ വാമിക, അകായ് എന്നിവരോടാണ് കോലി സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിരാട് കോലി/Instagram
സെഞ്ച്വറി നേടിയ കോലി കഴുത്തിലെ മാലയില്‍ ബന്ധിച്ചിരുന്ന വിവാഹമോതിരം ചുംബിക്കുന്ന ദൃശ്യവും വൈറലായി. എല്ലാ നേട്ടങ്ങളും കോലി അനുഷ്‌കയ്ക്ക് സമര്‍പ്പിക്കാറുണ്ട്. ക്യാമറയെ അഭിമുഖീകരിച്ച കോലി തമ്പ്സ് അപ് ചിഹ്നവും കാണിച്ചിരുന്നു. ഇതും അനുഷ്‌കയ്ക്കുള്ള സമര്‍പ്പണമാണെന്ന് ആരാധകര്‍ക്ക് തോന്നിയിരുന്നു. പിന്നീട് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അനുഷ്‌ക ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പോസ്റ്റ് ചെയ്ത സ്റ്റോറി /Instagram
കോലി-രോഹിത് ശര്‍മ്മ സൗഹൃദത്തിന്റെ നിറക്കാഴ്ചയും ആരാധകര്‍ക്ക് കാണാനായി. ഗാലറിയിലിരുന്ന് വിരാടിനെ പ്രോത്സാഹിപ്പിക്കുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും വൈറലാണ്. കോലിയുടെ നേട്ടത്തില്‍ രോഹിത് സന്തോഷം പങ്കുവെക്കുന്നതും കാണാം. പരസ്പര ബഹുമാനത്തോടെ, അസൂയയോ വൈരമോ ഇല്ലാതെ ഒറ്റക്കെട്ടായി മുന്നേറുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരാണ് ഇരുവരും. അവര്‍ക്കിടയിലെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്.
Content Highlights: virat kohli celebrates fastest 14000 runs with wife anushka over video call