സ്വര്‍ണമെഡലിനുപിന്നാലെ വിവാഹാഭ്യര്‍ഥന; വ്യത്യസ്തമായി ഈ പ്രണയകഥ

ഹുവാങ് യാക്വിയോങ്ങും ലിയു യുചെനും / instagram
ഹുവാങ് യാക്വിയോങ്ങും ലിയു യുചെനും / instagram

'പാരിസ് ഒളിമ്പിക്‌സ് ഇതില്‍ക്കൂടുതല്‍ എങ്ങനെയാണ് റൊമാന്റിക്കാവുന്നത്?', സാമൂഹ്യമാധ്യമമായ എക്‌സില്‍ ഒരാള്‍ കുറിച്ചതിങ്ങനെ. ഒളിമ്പിക്‌സ് മത്സരവേദിയില്‍നിന്നുള്ള ഒരു വിവാഹാഭ്യര്‍ഥന കണ്ടപ്പോഴായിരുന്നു ഈ പ്രതികരണം. ലാ ചാപ്പെല്‍ അരീനയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ വിജയിച്ച ചൈനീസ് താരങ്ങളായ ഹുവാങ് യാക്വിയോങ്-ഷെങ് സി വെ സഖ്യമായിരുന്നു. 

സമ്മാനദാനത്തിനുപിന്നാലെ കഴുത്തില്‍ മെഡലണിഞ്ഞ്, കാണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു യാക്വിയോങ്. അതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായത്. ചൈനയുടെ ഒളിമ്പിക് ടീമിലെ അംഗവും യാക്വിയോങ്ങിന്റെ ബോയ്ഫ്രണ്ടുമായ ലിയു യുചെന്‍ മുന്നോട്ടുവന്നു. കൈയിലുള്ള ബൊക്കെ നീട്ടിയശേഷം യാക്വിയോങ്ങിന്റെ മുന്നില്‍ മുട്ടുകുത്തിനിന്നു. പോക്കറ്റില്‍നിന്ന് ഒരു ഡയമണ്ട് മോതിരമെടുത്ത്, യാക്വിയോങ്ങിനുനേരെ നീട്ടി. ഇതോടെ കാണികള്‍ ഒന്നടങ്കം കൈയടിക്കാന്‍ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാതിരുന്ന യാക്വിയോങ് വിതുമ്പിക്കൊണ്ട് കൈനീട്ടി. ചുറ്റുമുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ ലിയു ആ മോതിരം പ്രണയിനിയുടെ വിരലിലണിഞ്ഞു. ചുറ്റുമുള്ള ക്യാമറക്കണ്ണുകള്‍ മിന്നിത്തെളിഞ്ഞു. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് താരവും ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവുമാണ് ലിയു.

പാബ്ലോ സിമോനറ്റ്, മരിയ കാംപോയ്‌

ഇതിനുമുമ്പും ഒളിമ്പിക് വില്ലേജില്‍ ഇതുപോലൊരു വിവാഹാഭ്യര്‍ഥന നടന്നിരുന്നു. ജൂലായ് 26-ന് ഒളിമ്പിക് ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ചായിരുന്നുവത്. അര്‍ജന്റീനയില്‍നിന്നുള്ള താരമാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. പുരുഷ ഹാന്‍ഡ്‌ബോള്‍ ടീമംഗമായ പാബ്ലോ സിമോനറ്റാണ്, വനിത ഹോക്കി ടീമംഗമായ മരിയ കാംപോയിയെ പ്രൊപോസ് ചെയ്തത്. രണ്ടുപേരും 2015 മുതല്‍ പ്രണയത്തിലായിരുന്നു. 2016-ലെ റിയോ സമ്മര്‍ ഒളിമ്പിക്‌സിലും ഇരുവരും പങ്കെടുത്തിരുന്നു. എട്ടുവര്‍ഷത്തിനുശേഷമുള്ള ആദ്യത്തെ ഒളിമ്പിക്‌സ് ഗെയിംസ്, മറക്കാനാവാത്ത അനുഭവമാക്കുകയായിരുന്നു സിമോനറ്റ്. ടീമംഗങ്ങളുമായുള്ള ഫോട്ടോയെടുത്തശേഷമാണ് സിമോനറ്റ് മരിയയ്ക്ക് മുന്നില്‍ മുട്ടുകുത്തി  വിവാഹാഭ്യര്‍ഥന നടത്തിയത്. സിയന്‍ നദിയുടെ പശ്ചാത്തലത്തിലായിരുന്നു ആ പ്രൊപോസല്‍.

Content Highlights: viral marriage proposal in paris olympics