ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും വിനേഷ് ഫോഗട്ട് കഠിനപരിശ്രമം നടത്തി; പക്ഷേ പരാജയപ്പെട്ടു

റിയോയിലെയും ടോക്യോയിലെയും സങ്കടവും കാത്തിരിപ്പും പാരീസില്‍ തീരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, മെഡലിന് തൊട്ടടുത്തുവെച്ച് മടങ്ങാനാണ് ഇത്തവണ വിനേഷ് ഫോഗട്ടിന്റെ വിധി. 2016-ലെ റിയോ ഒളിമ്പിക്‌സിലും 2021-ലെ ടോക്യോ ഒളിമ്പിക്‌സിലും ക്വാര്‍ട്ടര്‍ വരെ എത്തിയശേഷമാണ് വിനേഷ് പുറത്താവുന്നത്. റിയോയില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കേറ്റ് പുളഞ്ഞ ഫോഗട്ട്, കൂടുതല്‍ കരുത്തോടെ തന്നെ ടോക്യോയില്‍ തിരിച്ചെത്തി. പക്ഷേ അവിടെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
പാരീസില്‍ ഫോഗട്ട് ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ തന്നെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. കാരണം ടോക്യോ ഒളിമ്പിക്‌സ് ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ യുയി സുസാകിയെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് ക്വാര്‍ട്ടറിലെത്തിയത്. പിന്നീട് ക്വാര്‍ട്ടറിലും സെമിയിലും വിജയിച്ച് ഫൈനലില്‍ കടന്നെന്ന വാര്‍ത്ത എല്ലാവരെയും ആവേശം കൊള്ളിച്ചു. ഗുസ്തി ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഒരു മെഡല്‍ ഉറപ്പായിരിക്കെയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുന്നത്. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിനരികില്‍നിന്നാണ് ഈ തിരിച്ചടി നേരിടേണ്ടിവന്നത്.
അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തില്‍, വീണ്ടും ഫോഗട്ടിന് പാരീസില്‍നിന്ന് മെഡലൊന്നുമില്ലാതെ മടങ്ങേണ്ടിവരുന്നു. ഫൈനലിന് തൊട്ടുമുമ്പ് നടത്തിയ ഭാരപരിശോധനയിലാണ്, 100 ഗ്രാം കൂടുതലുണ്ടെന്ന് കണ്ടെത്തിയത്.
ഭാരക്കൂടുതലിനെക്കുറിച്ച് തലേന്ന് തന്നെ അറിഞ്ഞ അധികൃതരും ഫോഗട്ടും ഭാരം കുറയ്ക്കാനായി കഠിനശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടര്‍ച്ചയായി ജോഗിങ് നടത്തിയും ഫോഗട്ട് ഭാരം കുറയ്ക്കാന്‍ ശ്രമിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കാരണം അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: vinesh phogat disqualifies in paris olympics