വിക്കിയുടെ കുഞ്ഞിന്റെ പേരും ദേശീയപുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രത്തിന്റെ പേരും തമ്മിലെന്ത് ബന്ധം?

ഫോട്ടോ: Instagram, ANI
ഫോട്ടോ: Instagram, ANI

ഇക്കഴിഞ്ഞ ദിവസമാണ് നടി കത്രീന കൈഫ് തങ്ങളുടെ കുഞ്ഞിന്റെ ആദ്യചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വിക്കിയുടെയും തന്റെയും കൈയോട് ചേർത്തുവെച്ച കുഞ്ഞുകൈയുടെ ചിത്രമാണ് കത്രീന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അതിനൊപ്പം കുഞ്ഞിന് പേരിട്ടതായും താരം കുറിച്ചു. വിഹാൻ കൗശൽ എന്നാണ് പേരിട്ടിരിക്കുന്നത്.

പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ആശംസകളുമായി താരങ്ങളും ആരാധകരും ഒരുമിച്ചെത്തി. അതിനിടെ പലരും ശ്രദ്ധിച്ചത് 'വിഹാൻ' എന്ന പേരാണ്. പലരും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും കമന്റിടുകയും ചെയ്തു. 2019-ൽ റിലീസായ 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന സിനിമയിൽ വിക്കി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വിഹാൻ. സിനിമയിലെ കഥാപാത്രത്തിന്റെ മുഴുവൻ പേര് മേജർ വിഹാൻ സിങ് ഷെർഗിൽ എന്നാണ്.

വിക്കിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്'. ജീവിതം തന്നെ മാറ്റിമറിച്ച ആ കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയുപുരസ്‌കാരം ലഭിച്ചു. മികച്ച താരങ്ങളുടെ പട്ടികയിലേക്ക് വിക്കി കടക്കുന്നതും ഈ സിനിമയോടെ തന്നെ. ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്ന കഥാപാത്രത്തിന്റെ പേര് തന്നെ തങ്ങളുടെ ഭാഗ്യമായ മകനിടുകയായിരുന്നു വിക്കിയെന്നാണ് ആരാധകരുടെ പക്ഷം. ഒടുവിൽ 'ഉറി' സിനിമയുടെ സംവിധായകൻ ആദിത്യ ധർ പോസ്റ്റിന് താഴെ കമന്റുമായെത്തി. ''വിക്കി, കത്രീന, അഭിനന്ദനങ്ങൾ. വിക്കൂ, മേജർ വിഹാൻ ഷെർഗിലിന് സ്‌ക്രീനിൽ ജീവൻ നൽകിയതുമുതൽ ഇപ്പോൾ കൊച്ചു വിഹാനെ കൈകളിൽ താങ്ങിയെടുക്കുന്നത് വരെ, നിങ്ങളുടെ ജീവിതം ശരിക്കും ഫുൾ സർക്കിൾ ആയിരിക്കുന്നു''.

2025 നവംബർ ഏഴിനാണ് വിക്കിയും കത്രീനയും കുഞ്ഞിനെ വരവേറ്റത്. 2021 ഡിസംബർ 9-നാണ് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Katrina Kaif & Vicky Kaushal name their son `Vihaan`, reminiscent of Vicky`s award-winning `Uri` character. Explore the connection and fan reactions