ഒരു തട്ടിക്കൊണ്ടുപോകലിലൂടെ വീരപ്പന്‍ രണ്ട് സംസ്ഥാനങ്ങളെ വിറപ്പിച്ച 108 നാളുകള്‍

ആയിരക്കണക്കിന് ആനകളെ കൊന്ന് കൊമ്പ് പിഴുതെടുത്ത്, സത്യമംഗലം കാട്ടിലെ സകല ചന്ദനമരങ്ങളും കടത്തി വീരപ്പന്‍ തമിഴ്നാട്ടിലേക്ക് കടന്ന കാലം. കര്‍ണാടകയും തമിഴ്നാടും വീരപ്പന്റെ നരവേട്ട ഒരുപോലെ അനുഭവിച്ചു. പോലീസുകാരുടെ ചോരയില്‍ ചവിട്ടിയുള്ള കൊള്ളസംഘത്തിന്റെ വളര്‍ച്ചയില്‍ സര്‍ക്കാരുകള്‍ പുകഞ്ഞു. 1990-ല്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ഒന്നിച്ച് വീരപ്പനെ പിടികൂടാനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വീരപ്പനെ കണ്ടെത്താന്‍ ഊര്‍ജിതശ്രമങ്ങള്‍ നടന്നു. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ വീരപ്പന്‍ കാടിന്റെ ഇരുളില്‍ സുരക്ഷിതനായി തുടര്‍ന്നു, പിന്നെയും നീണ്ട ഒരു പതിറ്റാണ്ട്.
തൊണ്ണൂറുകളുടെ അവസാനപാതിയില്‍ വീരപ്പന്റെ ആക്രമണങ്ങള്‍ ക്രമാതീതമായി കുറഞ്ഞു. സംഘത്തിലെ പലരും അറസ്റ്റ് ചെയ്യപ്പെടുകയോ സൈന്യത്തിന്റെ കയ്യാല്‍ മരണപ്പെടുകയോ ചെയ്തിരുന്നു. സംഘബലം കുറഞ്ഞതും ആയുധങ്ങള്‍ കുറഞ്ഞതും വീരപ്പന്റെ ശക്തി ചോര്‍ത്തിയെന്ന് ആളുകള്‍ ആശ്വസിച്ചു. വീരപ്പന്‍ കീഴടങ്ങല്‍ പരിഗണിക്കുകയാണ് എന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍, എല്ലാ ശുഭസൂചനകളെയും കാറ്റില്‍ പറത്തി, 2000 ജൂലൈ 30ന് വീരപ്പനും സംഘവും കന്നഡ നടന്‍ ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി.
പുതിയവീടിന്റെ ഗൃഹപ്രവേശചടങ്ങിനായി കുടുംബത്തോടൊപ്പം ഗജാനൂരിലെ ഗസ്റ്റ് ഹൗസില്‍ തങ്ങുകയായിരുന്നു രാജ്കുമാര്‍. രാത്രി ഒന്‍പതരയോടെ അത്താഴം കഴിഞ്ഞ് രാജ്കുമാറും കുടുംബവും ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പന്ത്രണ്ട് അനുയായികള്‍ക്കൊപ്പം വീരപ്പന്‍ ഗസ്റ്റ് ഹൗസിലേക്ക് കയറിവന്നു. എല്ലാവരുടെയും കയ്യില്‍ തോക്കുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. രാജ്കുമാറിനെയും മരുമകന്‍ ഗോവിന്ദരാജിനെയും ബന്ധു നാഗേഷിനെയും സംവിധായകന്‍ നാഗപ്പയെയും വീരപ്പനും സംഘവും പെരുമഴയത്ത് കാട്ടിലേക്ക് കൊണ്ടുപോയി.
തട്ടിക്കൊണ്ടുപോകലും വിലപേശലും വീരപ്പന് പുതുമയല്ലായിരുന്നു. എതിരാളികളെയും വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഇതിനു മുന്‍പും വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോയിട്ടുണ്ട്. അതും പലവട്ടം. പക്ഷേ, ഇത്രയും പ്രശസ്തനായ ഒരു വ്യക്തി വീരപ്പന്റെ പിടിയിലാകുന്നത് ആദ്യമായിട്ടായിരുന്നു. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത തീ പോലെ കര്‍ണാടകമാകെ കത്തിക്കയറി. സെല്ലുലാര്‍ ഫോണുകളും ലാന്‍ഡ്ലൈനുകളും മണിക്കൂറുകളോളം ജാമായി. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നാട് വിറങ്ങലിച്ചു. വീരപ്പന്റെ പിടിയില്‍ അകപ്പെട്ട പലര്‍ക്കും നേരിടേണ്ടിവന്ന ദുരന്തങ്ങളുടെ കഥകള്‍ വീണ്ടും ചര്‍ച്ചയായി. ഇടഞ്ഞു നിന്ന കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് ഒരുമിച്ചുനില്‍ക്കുകയല്ലാതെ മറ്റ് വഴിയില്ല എന്ന തിരിച്ചറിവ് വന്നു.
കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. വെറുമൊരു സിനിമാനടന്‍ മാത്രമല്ല കന്നഡ മക്കള്‍ക്ക് ഡോ. രാജ്കുമാര്‍. പതിറ്റാണ്ടുകള്‍ നീണ്ട വെള്ളിത്തിരയിലെ അവിസ്മരണീയ പ്രകടനങ്ങള്‍. രാജ്കുമാര്‍ സിനിമകള്‍ കര്‍ണാടകയുടെ ആഘോഷങ്ങളായിരുന്നു. സിനിമയിലും ജീവിതത്തിലും ആദര്‍ശശുദ്ധിയുടെ അച്ചടക്കത്തിന്റെ മര്യാദയുടെ ആള്‍രൂപം. കര്‍ണാടകയുടെ സാംസ്‌കാരിക ഔന്നത്യത്തിന്റെ മുഖമായിട്ടാണ് നാട് അദ്ദേഹത്തെ കണ്ടിരുന്നത്. സാമൂഹ്യസേവനത്തിന്റെ ഉദാത്ത മാതൃക കാട്ടി അനേകരെ സഹായിച്ചിട്ടുള്ള കരുണാമയനായ കലാകാരനെ സര്‍ക്കാര്‍ എന്ത് വില കൊടുത്തും ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചെത്തിക്കണമെന്ന് നാട്ടുകാര്‍ തെരുവില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കര്‍ണാടകയിലെ തെരുവുകള്‍ കത്തി. പ്രതിഷേധം സര്‍ക്കാരിനെ വിറപ്പിച്ചു.
സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ പിന്‍വലിച്ചു. എത്രയും പെട്ടെന്ന് ഒരു ദൂതനെ തന്റെ അടുത്തേക്ക് അയക്കണമെന്നായി വീരപ്പന്‍. എസ്.എം. കൃഷ്ണ തമിഴ്നാട്ടിലേക്ക് പലതവണ പറന്നു. കരുണാനിധിയുമായി ചര്‍ച്ചകള്‍ പൊടിപൊടിച്ചു. ഓരോ ചര്‍ച്ചയ്ക്കൊടുവിലും രാജ്കുമാര്‍ മടങ്ങിയെത്തുമെന്ന് കാത്തിരുന്ന കന്നഡ മക്കള്‍ നിരാശരായി. ഒടുവില്‍ മധ്യസ്ഥനായി നക്കീരന്‍ മാസികയുടെ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാലിനെ തെരഞ്ഞെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീരപ്പന്റെ പിടിയിലകപ്പെട്ട ഒന്‍പത് പേരെ മോചിപ്പിച്ചത് നക്കീരന്‍ ഗോപാലന്റെ ഇടപെടലുകളായിരുന്നു. കാടിനുള്ളിലെത്തി തന്നോട് ന്യായം പറഞ്ഞ ഗോപാലിന് മുന്നില്‍ വീരപ്പന്‍ വഴങ്ങിയില്ല. ആവശ്യങ്ങളുടെ നീണ്ട പട്ടിക കൊടുത്തുവിട്ടു.
വീരപ്പന്റെ ആവശ്യങ്ങള്‍ രണ്ട് സംസ്ഥാനഭരണകൂടങ്ങളുടെ മാത്രം കൈയില്‍ ഒതുങ്ങുന്നതായിരുന്നില്ല. ജനക്ഷേമകരമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ വീരപ്പന്‍ മുന്നോട്ടുവെച്ചിരുന്നു. 1991-ലെ കാവേരി കലാപത്തിലെ ഇരകളായ തമിഴര്‍ക്ക് നഷ്ടപരിഹാരം, തിരുവള്ളുവരുടെ പ്രതിമ ബെംഗളൂരുവില്‍ സ്ഥാപിക്കുക, കര്‍ണാടക സര്‍ക്കാര്‍ തമിഴിനെ അഡീഷണല്‍ ഭരണഭാഷയാക്കുക എന്നിങ്ങനെ ആവശ്യങ്ങളുടെ തമിഴ് സ്വഭാവം കന്നഡ മക്കളെ ചൊടിപ്പിച്ചു. തങ്ങളുടെ നായകനെ കവര്‍ന്നു കൊണ്ടുപോയി തമിഴര്‍ കാര്യം നേടിയെടുക്കുകയാണെന്ന പ്രാദേശികവാദമുയര്‍ന്നു. കാവേരി വിഷയമുള്‍പ്പെടെ നിരന്തര വൈരുധ്യങ്ങളും വിയോജിപ്പുകളും നിലനില്‍ക്കുന്ന ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ ഭിന്നിപ്പ് ഇതോടെ ഇരട്ടിയായി.
നക്കീരന്‍ ഗോപാലന് പുറമെ കൊളത്തൂര്‍ മണി എന്ന തമിഴ് രാഷ്ട്രീയനേതാവും വീരപ്പനുമായി സംസാരിച്ചു. വീരപ്പന്റെ ആവശ്യങ്ങളുടെ പട്ടികയില്‍ തന്റെ അനുയായികള്‍ എന്ന് ആരോപിക്കപ്പെട്ട് ജയിലില്‍ പോയ നിരവധി ഗ്രാമീണരുടെ മോചനം ഉള്‍പ്പെട്ടിരുന്നു. എന്ത് വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയിട്ടാണെങ്കിലും സര്‍ക്കാര്‍ രാജ്കുമാറിനെ മടക്കിയെത്തിക്കണം എന്ന പൊതുജനവാദം ജയിച്ചു. ജയിലിലായ അനവധിയാളുകളെ മോചിപ്പിക്കാന്‍ ധാരണയായി. അപ്പോഴേക്കും തട്ടിക്കൊണ്ടുപോകലിന്റെ അറുപത് നാളുകള്‍ പിന്നിട്ടിരുന്നു. കന്നഡ മക്കളും തമിഴരും അതിര്‍ത്തിയില്‍ സംഘര്‍ഷത്തിലേക്ക് പോകുന്നത്ര ഭീകരമായി കാര്യങ്ങള്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം വഷളായി. ഭരണകൂടങ്ങള്‍ അനിശ്ചിതാവസ്ഥയിലായി.
അതിനിടെ, മുമ്പ് വീരപ്പനാല്‍ കൊലചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ അഹമ്മദിന്റെ അച്ഛന്‍ അബ്ദുല്‍ കരീം സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. തന്റെ മകന്റെ കൊലയാളി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച് ജയില്‍ പുള്ളികളെ വിട്ടയക്കുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു അപ്പീല്‍. കോടതി ഉടനടി പ്രതികരിച്ചു. ജയില്‍മോചനം നടത്തരുതെന്നായി കോടതി. സര്‍ക്കാര്‍ വെട്ടിലായി. സംയുകത പത്രസമ്മേളനത്തില്‍ കൃഷ്ണയും കരുണാനിധിയും ഉത്തരം മുട്ടി ഇരുന്നുപോയി.
തന്റെ ഭീഷണികളെ സര്‍ക്കാര്‍ തള്ളിയതില്‍ വീരപ്പന്റെ നിയന്ത്രണം നഷ്ടമായി. കലി തുള്ളിയ വീരപ്പന്‍ തട്ടിക്കൊണ്ടു വന്ന നാലുപേരില്‍ ഒരാളെ കൊല്ലാന്‍ തീരുമാനിച്ചു സര്‍ക്കാരിനെ പേടിപ്പിക്കുകയായിരുന്നു ലക്ഷ്യം. കൂട്ടത്തില്‍ കൊല ചെയ്യപ്പെടാന്‍ ഏറ്റവും സാധ്യത തനിക്കാണ് എന്ന ഭയന്ന നാഗപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനുമുന്‍പ് അയാള്‍ വീരപ്പനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആദ്യമായാണ് വീരപ്പന്‍ ആക്രമണത്തിന് ഇരയാകുന്നത്. തന്റെ മഹാഭാഗ്യം കൊണ്ട് നാഗപ്പ രക്ഷപ്പെട്ടു വീടെത്തിയെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു. പരിക്കേറ്റ വീരപ്പന്‍ എന്തുചെയ്യുമെന്നായി ആശങ്കകള്‍.
നിത്യേന പല രോഗങ്ങള്‍ക്കും മരുന്ന് കഴിക്കുന്ന, 71-കാരനായ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതിയാലോചിച്ച് കന്നഡ മക്കളുടെ ഇടനെഞ്ച് പൊട്ടി. കാടിനുള്ളില്‍ ക്രൂരന്മാരായ കൊള്ളസംഘത്തിനൊപ്പം ആരാധ്യതാരം എങ്ങനെയാകും കഴിയുന്നത്! തമിഴ് വിഘടനവാദി നെടുമാരന്‍ ചര്‍ച്ചയ്ക്ക് വരണമെന്ന വീരപ്പന്റെ പുതിയ ആവശ്യം അംഗീകരിക്കപ്പെട്ടു. ഈ ചര്‍ച്ചയില്‍ 1000 കോടി രൂപ എന്ന അമ്പരപ്പിക്കുന്ന തുക വീരപ്പന്‍ ചോദിച്ചു എന്നാണു കഥകള്‍. ഒടുവില്‍ 108-ാം ദിനം രാജ്കുമാര്‍ മടങ്ങിയെത്തി.
വീരപ്പന് ഒരു മാല സമ്മാനമായി നല്‍കി, ആ നെറ്റിയില്‍ കുറിയും ചാര്‍ത്തി രാജ്കുമാര്‍ വിട പറഞ്ഞു. സുഹൃത്തുക്കളെപ്പോലെ പരസ്പരം പുണര്‍ന്നാണ് ഇരുവരും പിരിഞ്ഞതെന്ന് സാക്ഷികള്‍ പറയുന്നു. രണ്ടു സംസ്ഥാനങ്ങളെ യുദ്ധസമാന സംഘര്‍ഷത്തിലേക്ക് തള്ളിയിട്ട തട്ടിക്കൊണ്ടുപോകല്‍ കഥയ്ക്ക് ശുഭാന്ത്യം.
Content Highlights: veerappan's abduction of dr.rajkumar