എന്റെ റോളില്‍ ഇദ്രിസ് എല്‍ബ വരട്ടെ- ഉസൈന്‍ ബോള്‍ട്ട്

ഉസൈൻ ബോൾട്ട്- ഫോട്ടോ:എ.എഫ്.പി.
ഉസൈൻ ബോൾട്ട്- ഫോട്ടോ:എ.എഫ്.പി.

ഇന്ത്യന്‍ പര്യടനത്തിലാണ് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. 100 മീറ്റര്‍ ഓട്ടത്തില്‍ ലോകറെക്കോഡുകാരനായ ബോള്‍ട്ടിന്റെ ജീവിതകഥ സിനിമയാക്കിയാല്‍ ആരായിരിക്കണം നായകന്‍? ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം. 'ഇദ്രിസ് എല്‍ബ ചെയ്യണമെന്നാണ് ആഗ്രഹം, അദ്ദേഹമായിരിക്കും ഈ റോളിന് കൂടുതല്‍ യോജിക്കുക'- ബോള്‍ട്ട് പറഞ്ഞു. ഹോളിവുഡ് നടനായ ഇദ്രിസ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവ് കൂടിയാണ്. ഗായകനായും റാപ്പറായും തിളങ്ങുന്ന ഇദ്രിസ് ഹോളിവുഡിലെ തിരക്കുള്ള താരങ്ങളിലൊരാളാണ്.

മുംബൈയില്‍ വെച്ചായിരുന്നു ബോള്‍ട്ടിന്റെ പ്രതികരണം. ബോളിവുഡ് ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ' ഞാന്‍ ബോളുവുഡ് സിനിമകള്‍ കണ്ടിട്ടില്ല. പക്ഷെ, ലോകത്ത് എല്ലാവര്‍ക്കും ബോളിവുഡിനെക്കുറിച്ച് അറിയാം. കണ്ടുതുടങ്ങിയാല്‍ അതിന്റെ അടിമായാകുമെന്നും ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്'.

ബോളിവുഡ് താരം അനില്‍ കപൂറുമായുള്ള സൗഹൃദത്തെക്കുറിച്ചും ബോള്‍ട്ട് സംസാരിച്ചു. ' അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും ജര്‍മനിയില്‍വെച്ച് ഞങ്ങള്‍ പരസ്പരം ഒരുപാട് തവണ കണ്ടുമുട്ടിയിട്ടുണ്ട്. അദ്ദേഹം ഒരുപാട് തവണ ഇന്ത്യയിലേക്ക് വരണമെന്നും ഇന്ത്യ ഇഷ്ടപ്പെടുമെന്നും പറഞ്ഞു'- ബോള്‍ട്ട് പറഞ്ഞു.

ഒളിമ്പിക്‌സില്‍ എട്ടുതവണ സ്വര്‍ണ മെഡല്‍ നേടിയ അത്‌ലറ്റാണ് ഉസൈന്‍ ബോള്‍ട്ട്. 2008, 2012, 2016 ഒളിമ്പിക്‌സുകളിലാണ് ബോള്‍ട്ടിന്റെ നേട്ടം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Sprint king Usain Bolt, in India, reveals his dream casting for a biopic: Idris Elba. He also discussed Bollywood and his friendship with Anil Kapoor.