ശരിയായ പങ്കാളിയെ കണ്ടെത്തുന്നതുവരെ അവള്‍ കാത്തിരിക്കുന്നത് തെറ്റാണോ?

രാം ചരൺ ഭാര്യ ഉപാസനയോടൊപ്പം/ Instagram(upasanakaminenikonidela)
രാം ചരൺ ഭാര്യ ഉപാസനയോടൊപ്പം/ Instagram(upasanakaminenikonidela)

രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കോണിഡേല, ഐഐടി ഹൈദരാബാദിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ വിവാഹത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. വിവാഹത്തിന് തിടുക്കം കൂട്ടേണ്ടതില്ല, കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി പെണ്‍കുട്ടികള്‍ക്ക് എഗ് ഫ്രീസ് ചെയ്യാനുളള സാധ്യതകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി അവര്‍ രംഗത്തെത്തി. തന്റെ എക്‌സ് അക്കൗണ്ടിലും ഇന്‍സ്റ്റാഗ്രാമിലും ഒരു കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അവരുടെ മറുപടി.

ഉപാസന കുറിച്ചത് ഇങ്ങനെ: “ആരോഗ്യകരമായ ഒരു സംവാദത്തിന് തുടക്കമിട്ടതില്‍ താന്‍ സന്തുഷ്ടയാണ്. സാമൂഹിക സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിന് പകരം സ്‌നേഹത്തിനായി ഒരു സ്ത്രീ വിവാഹം കഴിക്കുന്നത് തെറ്റാണോ? ശരിയായ പങ്കാളിയെ കണ്ടെത്തുന്നതുവരെ അവള്‍ കാത്തിരിക്കുന്നത് തെറ്റാണോ? സ്വന്തം സാഹചര്യങ്ങള്‍ക്കനുസരിച്ച് എപ്പോള്‍ കുട്ടികളുണ്ടാകണമെന്ന് ഒരു സ്ത്രീ തിരഞ്ഞെടുക്കുന്നത് തെറ്റാണോ? നേരത്തെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചോ കുട്ടികളുണ്ടാക്കുന്നതിനെക്കുറിച്ചോ മാത്രം ചിന്തിക്കാതെ, സ്വന്തം ലക്ഷ്യങ്ങള്‍ വെച്ച് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തെറ്റാണോ?”

കരിയറിനെയും വിവാഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അറിയുന്നതിനായി താന്‍ നടത്തിയ പ്രസ്താവന പരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടു.

ഉപാസനയും രാം ചരണും 2011-ല്‍ വിവാഹനിശ്ചയം നടത്തുകയും 2012-ല്‍ വിവാഹിതരാകുകയും ചെയ്തവരാണ്. വിവാഹിതയാകുമ്പോള്‍ തനിക്ക് 23 വയസ്സായിരുന്നു എന്ന് പറഞ്ഞവരെ തിരുത്തിക്കൊണ്ട്, വിവാഹിതയാകുമ്പോള്‍ തനിക്ക് 27 വയസ്സായിരുന്നു എന്നും, 29-ാം വയസ്സിലാണ് എഗ് ഫ്രീസ് ചെയ്തതെന്നും അവര്‍ പറഞ്ഞു. 36-ാം വയസ്സിലാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതെന്നും, ഇപ്പോള്‍ 39-ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉപാസന വ്യക്തമാക്കി.

"27-ാം വയസ്സില്‍, എന്റെ സ്വന്തം താല്‍പ്പര്യത്തിനാണ് ഞാന്‍ വിവാഹം കഴിച്ചത്. 29-ാം വയസ്സില്‍, വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാ സ്ത്രീകള്‍ക്കും അവരുടെ താല്‍പ്പര്യങ്ങള്‍ക്കധിഷ്ടിതമായി പ്രവര്‍ത്തിക്കാന്‍ ഒരു പ്രോത്സാഹനം ആകട്ടെ എന്ന നിലയിലാണ് എഗ്ഗ് ഫ്രീസിങ്ങിനെക്കുറിച്ച് പരസ്യമായി സംസാരിച്ചത്” ഉപാസന പറയുന്നു.

“ഒരു കുടുംബത്തെ വളര്‍ത്തുമ്പോള്‍ സന്തോഷകരവും സുസ്ഥിരവുമായ ഒരന്തരീക്ഷം വളരെ പ്രധാനമാണ്. എന്റെ കരിയര്‍ കെട്ടിപ്പടുക്കുന്നതിനും വിവാഹബന്ധം പരിപോഷിപ്പിക്കുന്നതിനും ഞാന്‍ തുല്യ പ്രാധാന്യം നല്‍കി. എന്നെ സംബന്ധിച്ചിടത്തോളം, വിവാഹവും കരിയറും തമ്മില്‍ മത്സരമില്ല. സംതൃപ്തമായ ജീവിതത്തിന്റെ തുല്യ പ്രാധാന്യമുളള ഭാഗങ്ങളാണിവ. എന്നാല്‍ അതിന്റെ സമയക്രമം ഞാന്‍ തീരുമാനിക്കും. അത് എന്റെ അവകാശമാണ്”.

ഐഐടി ഹൈദരാബാദില്‍ നടന്ന ഒരു സെഷനില്‍ ഉപാസന ഇങ്ങനെ പറഞ്ഞു, ''സ്ത്രീകള്‍ക്കുള്ള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് അവരുടെ എഗ് ഫ്രീസ്  ചെയ്യാം എന്നതാണ്. കാരണം, എപ്പോള്‍ വിവാഹം കഴിക്കണം, എപ്പോള്‍ കുട്ടികളുണ്ടാകണം, എപ്പോള്‍ സാമ്പത്തികമായി സ്വതന്ത്രരാകണം എന്നൊക്കെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു, വരുമാനം നേടുന്നു.''

ഡോക്ടര്‍മാര്‍ മുതല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വരെ ഉപാസനയുടെ വാക്കുകളെ വിമര്‍ശിച്ച് രംഗത്തെത്തി. അവര്‍ ഇങ്ങനെ സംസാരിക്കുന്നത് പ്രിവിലേജുകള്‍ ഉളളതുകൊണ്ടാണെന്ന് പലരും കുറ്റപ്പെടുത്തി.

അതേസമയം, ഉപാസനയെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ജീവിതത്തില്‍ സ്വന്തം നേട്ടങ്ങള്‍ക്കും സാമ്പത്തിക സ്വാശ്രയത്വത്തിനും മുന്‍ഗണന നല്‍കണമെന്ന സന്ദേശമാണ് ഉപാസന നല്‍കുന്നതെന്നാണ് പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. അപ്പോളോ ആശുപത്രിയുടെ സ്ഥാപകനായ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. അപ്പോളോ ലൈഫ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുന്നു. ബി പോസിറ്റീവ് മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Upasana Konidela responds to criticism over her egg freezing advice to IIT Hyderabad students, emphasizing women`s reproductive choices and career focus. Read her full statement.