ഉറുമ്പുവളര്‍ത്തല്‍, വണ്ട് യുദ്ധം, പശുക്കരച്ചിൽ... അസാധാരണമായ ചില ഹോബികള്‍

ഉറുമ്പ് വളര്‍ത്തല്‍
ഉറുമ്പ് വളര്‍ത്തല്‍

കുപ്പിവളത്തുണ്ടുകളും തീപ്പെട്ടിക്കവറുകളും മുതല്‍ സോഡാക്കുപ്പിയുടെ അടപ്പുകള്‍ വരെ സ്വകാര്യ ശേഖരത്തിലെത്തിച്ച വിചിത്ര ഹോബികള്‍ക്ക് ഉടമകളാണ് മലയാളികള്‍. രസകരമായി പിന്തുടരാന്‍ ഒരു ഹോബിയുള്ളത് മാനസികാരോഗ്യത്തിന് ഗുണംചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. അത് സമ്മര്‍ദത്തെയും വിരസതയെയും അകറ്റാന്‍ സഹായിക്കും. അധികമാരും പിന്തുടരാത്തതും അപൂര്‍വവുമായ ചില ഹോബികള്‍ ഇതാ...

വോള്‍ക്കാനോ സര്‍ഫിങ്

അഗ്നിപര്‍വതങ്ങളുടെ ചരിവുകളില്‍ ഏര്‍പ്പെടാവുന്ന, സ്‌നോബോര്‍ഡിങ് പോലൊരു വിനോദമാണിത്. കത്തിത്തീര്‍ന്ന അഗ്നിപര്‍വതങ്ങളിലും പുകഞ്ഞുരുകുന്ന അഗ്നിപര്‍വതങ്ങള്‍ക്കുമരികില്‍ സാഹസികര്‍ ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നു. വന്‍ അപകട സാധ്യതയുള്ള വിനോദമാണിത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് പൊട്ടിച്ചിതറുന്ന കൂര്‍ത്ത കല്ലുകള്‍ കൊണ്ട് പരിക്കേല്‍ക്കുന്നതുമുതല്‍ വിഷവാതകങ്ങള്‍ ശ്വസിച്ചുള്ള അപകടങ്ങള്‍ക്കുവരെ ഇത് കാരണമായേക്കാം. ഹെല്‍മറ്റും ജംപ്‌സ്യൂട്ടും കണ്ണടകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ ഈ വിനോദത്തില്‍ ഏര്‍പ്പെടാവൂ. നിക്കരാഗ്വയിലെ സെറോ നെഗ്രോ അഗ്നിപര്‍വതത്തില്‍ ഡാറിന്‍ വെബ് എന്നയാള്‍ 2004-ലാണ് ഈ വിനോദത്തിന് തുടക്കമിട്ടത്. ഒരു മെത്തയുടെ പുറത്തേറിയായിരുന്നു ഡാറിന്റെ കസര്‍ത്ത്.

വോള്‍ക്കാനോ സ്ലെഡ്ജിങ്

ക്ലിഫ് കാമ്പിങ്

ചെങ്കുത്തായ മലഞ്ചെരുവുകളിലും നെഞ്ചിടിപ്പുണ്ടാക്കുന്ന അഗാധ ഗര്‍ത്തത്തിന് മുകളിലും വീഴ്ചയെ ഭയമില്ലാതെ പാര്‍ക്കുന്നതാണ് ഈ വിനോദം. ഈ വിനോദത്തിനിറങ്ങുന്ന സാഹസികര്‍ അത്യുന്നതങ്ങളില്‍ ടെന്റ് കെട്ടി അവിടെ രാപ്പാർക്കുന്നു.

നക്ഷത്രമെണ്ണല്‍

രാവെളുക്കുവോളം നക്ഷത്രങ്ങളിലേക്ക് കണ്ണുംനട്ട് വെറുതേ കിടക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ ഹോബി തിരഞ്ഞെടുക്കാം. ടെലിസ്‌കോപ്പ് ഉപയോഗിച്ച് എവിടെവച്ചും നടത്താവുന്ന പതിവ് വാനനിരീക്ഷണമല്ലിത്. ചെറുതല്ലാത്ത ചില്ലറ അധ്വാനം ഇതിനാവശ്യമാണ്. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നകന്ന് വിദൂരതിയെലെവിടെയെങ്കിലും നക്ഷത്രമെണ്ണാന്‍ സ്ഥലം കണ്ടെത്തണം. വൈദ്യുത വിളക്കുകളുടെ അതിപ്രസരമില്ലാത്ത പ്രശാന്ത ദേശങ്ങളാണുത്തമം. നക്ഷത്രമെണ്ണലിന് ഇണങ്ങിയ പ്രദേശം കണ്ടെത്തിയാല്‍ പിന്നെ പണി തുടങ്ങാം.

താറാവ് നോട്ടം
താറാക്കൂട്ടത്തെ മെരുക്കുന്ന പണിയാണിത്. കേരളത്തിലെ കൊയ്ത്തുപാടങ്ങളില്‍ പണ്ടത്തെ പതിവ് കാഴ്ചകളിലൊന്നിനോട് സാമ്യമുള്ള ഹോബി. ഇങ്ങോട്ടുവിളിച്ചാല്‍ അങ്ങോട്ടോടുന്ന താറാക്കൂട്ടത്തെ കൂട്ടംതെറ്റാതെ അവരുടെ താവളത്തിലേക്ക് നയിക്കലാണ് ഹോബിയിലെ ടാസ്‌ക്. ഒറ്റയ്‌ക്കോ കൂട്ടമായോ ഈ ഹോബി പിന്തുടരാം.

താറാവുകള്‍ക്കൊപ്പം

സാഹസിക തേപ്പ്

പേര് സൂചിപ്പിക്കും പോലെ വളരെ വിചിത്രമായൊരു ഹോബിയാണിത്. തുണി ഇസ്തിരിയിടലാണ് ഈ ഹോബിയുടെ സത്ത. അതിലെന്താ ഇത്ര കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. ഈ ഹോബിയില്‍ സാഹസികതയുടെ അംശമുണ്ട്. ഇസ്തിരിയിടാനായി ഇസ്തിരിപ്പെട്ടിയും തുണിയും മാത്രം പോരാ. അല്പമല്ലാത്ത ധൈര്യവും വേണമെന്നര്‍ഥം. അയണിങ് ബോര്‍ഡുമായി ഇക്കൂട്ടര്‍ മല കയറും ആഴക്കടലില്‍ മുങ്ങും ആകാശച്ചരിവിലേക്ക് പാരച്യൂട്ടില്‍ പറന്നു കയറും. എന്നിട്ട് ബോര്‍ഡ് എവിടെയെങ്കിലും ഉറപ്പിച്ച് ഇസ്തിരിപ്പണി തുടങ്ങും.

പശുക്കരച്ചില്‍

അല്പം സമയം വീണുകിട്ടുമ്പോള്‍ പശുക്കളുടെ ശബ്ദം അനുകരിക്കുന്ന വിചിത്ര ഹോബിയാണിത്. അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ഈ ഹോബി ഒരു മത്സരമായി അരങ്ങേറിയിരുന്നു. പശുവിന്റെ ശബ്ദം ഏറ്റവും തന്മയത്തത്തോടെ അനുകരിക്കുന്ന ആള്‍ക്ക് സമ്മാനം നേടാം.

കാല്‍ ഗുസ്തി
കൈകള്‍ കൊണ്ട് പഞ്ച് പിടിക്കാറില്ലേ. അുപോലെ പാദങ്ങള്‍ കൊരുത്തുള്ള മത്സരമാണ് ടോ റെസ്ലിങ്. കാല്‍ക്കരുത്ത് തെിളിയിക്കാനായുള്ള ഈ ഹോബിയുടെ ജന്മദേശം ബ്രിട്ടനാണ്.

മണ്ണ് ശേഖരണം
പല ദേശങ്ങളിലെ മണ്ണ് ശേഖരിക്കുന്ന ഹോബി. ബീച്ചുകളിലെയും മണലാരണ്യങ്ങളിലെയും വ്യത്യസ്ത ദേശങ്ങളിലെയും മണ്ണ് ഈ ഹോബിയുടെ ഭാഗമായി ശേഖരിച്ച് സൂക്ഷിക്കുന്നു. പല ജാറുകളില്‍ അതാത് ദേശത്തിന്റെ പേരെഴുതി മണ്ണ് സൂക്ഷിക്കും.

ഉറുമ്പ് വളര്‍ത്തല്‍
മനുഷ്യരുടെ നേരമ്പോക്കുകളില്‍ ഉറുമ്പുകള്‍ക്കും സ്ഥാനമുണ്ട്. ഉറുമ്പുകള്‍ക്കായി പ്രത്യേക ആവാസ വ്യവസ്ഥ ഉണ്ടാക്കുകയാണ് ഈ ഹോബിയിലൂടെ. ഉറുമ്പുകളെ ഓമന മൃഗങ്ങളെപ്പോലെ വളര്‍ത്തി അവരുടെ പെരുമാറ്റം നിരീക്ഷിക്കുക എന്ന കൗതുകവും ഈ ഹോബിക്ക് പിന്നിലുണ്ട്.

വണ്ട് യുദ്ധം

വണ്ടുകള്‍ക്ക് യുദ്ധ പരിശീലനം നല്‍കുക എന്നൊരു ഹോബിയും ലോകത്തുണ്ട്. ഇങ്ങനെ നേരമ്പോക്കിന് വണ്ടുകളെ പതിനെട്ടവും പഠിപ്പിച്ചശേഷം വലിയ മത്സരങ്ങള്‍ക്ക് ഇവയെ കളത്തിലിറക്കും. കോഴിപ്പോരുപോലെ വണ്ടുകളും പരസ്പരം പോര് തുടങ്ങും. എതിരാളിയെ മലര്‍ത്തിയടിക്കുന്ന വണ്ടാണ് മത്സരത്തിലെ വിജയി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore unique hobbies like volcano surfing, cliff camping, stargazing, duck herding, extreme ironing, and more. Discover the thrill and adventure of these unusual pastimes.