'തന്റെ സമ്മതമില്ലാതെ ഗർഭപാത്രം എടുത്തുമാറ്റി'; ഉദിത് നാരായണിനെതിരെ പരാതിയുമായി ആദ്യഭാര്യ

ഉദിത് നാരായൺ / ANI
ഉദിത് നാരായൺ / ANI

ഗായകൻ ഉദിത് നാരായണിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യഭാര്യ രഞ്ജന ഛാ. ബിഹാറിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് അവർ പരാതിയുമായെത്തിയത്. ചികിത്സയുടെ പേരും പറഞ്ഞ് തന്റെ അറിവില്ലാതെ, ഗർഭപാത്രം ശസ്ത്രക്രിയ ചെയ്ത് മാറ്റിയെന്നാണ് അവരുടെ പരാതി. ഈ ഗൂഢാലോചനയിൽ ഉദിത്തിന്റെ സഹോദരൻമാരായ സഞ്ജയ് കുമാർ, ലളിത് നാരായൺ, ഉദിത്തിന്റെ രണ്ടാം ഭാര്യ ദീപ നാരായൺ എന്നിവർ പങ്കാളികളാണെന്നും പരാതിയിൽ പറയുന്നു.

1984 ഡിസംബറിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു തങ്ങളുടെ വിവാഹമെന്നും അവർ ആ പരാതിയിൽ പറയുന്നു. 1985-ൽ ഗായകനാവുക എന്ന സ്വപ്‌നവുമായി അദ്ദേഹം മുംബൈയിലേക്ക് പോയി. അതിനുശേഷം മാധ്യമങ്ങളിലൂടെയാണ് ദീപയെ വിവാഹം കഴിച്ച കാര്യം താനറിഞ്ഞത്. ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഉദിത് അത് നിഷേധിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. താൻ ഭാര്യയായിരിക്കുന്ന സമയത്ത് തന്നെയാണ് ദീപയുമായി ഉദിത് ബന്ധം സ്ഥാപിച്ചത്.

1996-ൽ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അതിന്റെ ചികിത്സയ്‌ക്കെന്ന പേരിൽ ഉദിത്തും സഹോദരങ്ങളും ഡൽഹിയിലെ ഒരു പ്രമുഖ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം എടുത്തുമാറ്റി. അന്നവിടെ ദീപയുമുണ്ടായിരുന്നു. ഗർഭപാത്രം നീക്കി വർഷങ്ങൾക്കുശേഷമാണ് താനിത് അറിയുന്നത്-പരാതിയിൽ പറയുന്നു. 2006-ൽ ഉദിത്തിന്റെ മുംബൈയിലെ വീട്ടിൽ താൻ ചെന്നെങ്കിലും അവിടുന്ന് ഇറക്കിവിട്ടു. പിന്നീട് ഉദിത്തിന്റെ കുടുംബവീട്ടിൽ ചെന്നപ്പോൾ അവിടുന്ന് അപമാനിച്ച് പുറത്താക്കിയതായും അവർ ആരോപിക്കുന്നു.

2006-ലാണ് ഉദിത് നാരായണിന്റെ ആദ്യഭാര്യ താനാണെന്ന് പറഞ്ഞ് രഞ്ജന രംഗത്തെത്തിയത്. എന്നാൽ, ഉദിത് അത് നിഷേധിച്ചു. കുറച്ചുകാലത്തിനുശേഷം ആദ്യഭാര്യയായി അംഗീകരിക്കുകയും അവർക്ക് ജീവനാംശം നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഈ ഉറപ്പുകളൊന്നും ഉദിത് പാലിച്ചില്ലെന്നും നീതി കിട്ടാത്തതുകൊണ്ടാണ് വീണ്ടും പരാതിയുമായി എത്തിയതെന്നും രഞ്ജന പറയുന്നു. ''ഒരിക്കൽ പരാതിയുമായി വനിതാ കമ്മീഷനിലെത്തി. അതിനുശേഷവും ഉദിത് എന്നെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലാണ് ഞാൻ. അതുകൊണ്ട് സാമ്പത്തികസഹായം കൂടിയേ തീരൂ''. 1984-ലാണ് ഉദിത്, രഞ്ജനയെ വിവാഹം കഴിക്കുന്നത്. മാസങ്ങൾക്കുള്ളിലാണ് ദീപ നാരായണനെ വിവാഹം കഴിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Udit Narayan`s first wife, Ranjana, files a police complaint alleging her uterus was removed without consent during treatment, implicating family members