രണ്ടുവയസ്സുകാരി റാഹയ്ക്ക് ഷൂട്ടിങ് സെറ്റുകളിൽ വാനിറ്റി വാൻ; താനത് മലിനമാക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് മഹേഷ് ഭട്ട്

ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങൾക്കും ഇപ്പോൾ വാനിറ്റിവാനുണ്ട്. എന്നാൽ, ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും മകൾ റാഹയ്ക്കും ഒരു വാനിറ്റി വാനുണ്ടെന്ന് പറയുകയാണ് ഫിലിംമേക്കർ മഹേഷ് ഭട്ട്. ബോളിവുഡ് സെലിബ്രിറ്റികൾ അന്യായമായ ആവശ്യങ്ങൾ കൂടി ഉന്നയിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിൽ മഹേഷ് ഭട്ടിന്റെ ഈ വെളിപ്പെടുത്തൽ ശ്രദ്ധനേടുകയാണ്.
ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആലിയയ്‌ക്കൊപ്പം സെറ്റുകളിൽ ചെല്ലുമ്പോൾ റാഹയ്ക്ക് സ്വന്തമായൊരു വാനിറ്റി വാൻ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ''ഈയിടയ്ക്ക് അമിതാഭ് ബച്ചനൊരുമിച്ച് ആലിയയും ഞാനുമൊരു പരസ്യചിത്രം ഷൂട്ട് ചെയ്തിരുന്നു. ആലിയയ്‌ക്കൊപ്പം റാഹയുമുണ്ടായിരുന്നു. റാഹയ്ക്കായൊരു വാനിറ്റി വാനും.
കുറച്ചുകഴിഞ്ഞപ്പോൾ ആലിയ എന്നോട് ചോദിച്ചു, 'പപ്പയ്ക്കും റാഹയുടെ റൂമിൽ പോയി വിശ്രമിക്കാലോ'? പക്ഷേ റാഹയുടെ ആ വാനിറ്റി വാൻ ഒരു നഴ്‌സറി സ്‌കൂൾ പോലെയായിരുന്നു. കാണുമ്പോൾ ഒരു ക്ഷേത്രം പോലെയും. അവിടെ ചെന്നിരുന്ന് അത് മലിനമാക്കാൻ ഞാനിഷ്ടപ്പെട്ടില്ല''. ഒരു പ്രായമായ മനുഷ്യന് റാഹയുടെ ആ മനോഹരമായ സ്ഥലത്ത് യാതൊരു സ്ഥാനവുമില്ലെന്ന് പറഞ്ഞ് ആലിയയുടെ ആ ഓഫർ ഞാൻ നിരസിച്ചു.
''പക്ഷേ അങ്ങനെയാണ് പുതിയ കാലത്തെ നായികമാർ. അവർ ജോലി ചെയ്യും, അതിനൊപ്പം കുഞ്ഞിനെ നോക്കും, കുഞ്ഞിനെയും കൂട്ടി ഇന്റർനാഷണൽ ഇവന്റുകളിൽ പങ്കെടുക്കും'', മഹേഷ് പറയുന്നു.
''അമ്മയായശേഷവും ആലിയയ്ക്ക് അഭിനയത്തോടുള്ള പാഷൻ കൂടിയിട്ടേയുള്ളൂ. അവളെന്നെ ഓരോ നിമിഷവും അദ്ഭുതപ്പെടുത്തുന്നു. ആലിയയ്ക്ക് ഇത്ര നന്നായി ഓരോ സിനിമയും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല'', മഹേഷ് വെളിപ്പെടുത്തുന്നു.
അതിനിടെ ഫിലിംമേക്കറായ സഞ്ജയ് ഗുപ്ത താരങ്ങളുടെ വാനിറ്റി വാനിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. തനിക്ക് അറിയുന്ന ചില ബോളിവുഡ് താരങ്ങൾക്ക് മിനിമം ആറ് വാനിറ്റി വാനെങ്കിലും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ''ഒന്ന് പേഴ്‌സണൽ ആവശ്യത്തിനുള്ളത്, അടുത്തത് മേക്കപ്പ് ചെയ്യാൻ, മീറ്റിങ്ങുകൾക്കായി മറ്റൊന്ന്, അടുത്തത് ജിമ്മായിട്ട് ഉപയോഗിക്കുന്ന വാനാണ്. ആറാമത്തെ വാൻ ജീവനക്കാർക്കുവേണ്ടിയുള്ളതും''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Mahesh Bhatt reveals Alia Bhatt`s daughter Raha has a dedicated vanity van on sets. He prefers not to `pollute` the sacred nursery-like space