മരം വീണും മഴ പെയ്തും യാത്ര നീളുമ്പോള്‍ മടുപ്പകറ്റാനുള്ള വഴികള്‍

മഴ
മഴ

മഴ കടുക്കുകയാണ്. വീടിന്റെ സുരക്ഷിതത്വത്തില്‍ എന്തെങ്കിലും കൊറിച്ചും കുടിച്ചും കുറച്ചകന്നിരുന്ന് മഴ ആസ്വദിക്കാന്‍ രസമാണ്. പക്ഷേ, മഴയോടടുത്താല്‍ കഥ മാറും. ഇറങ്ങി നനഞ്ഞാല്‍ സംഗതി ബഹുരസമാണെന്നൊക്കെ കാല്പനികതയുള്ളവര്‍ പറയും. പക്ഷേ, ജീവിതം കൂട്ടിമുട്ടിക്കാന്‍ ഇറങ്ങിനടക്കേണ്ടി വരുന്നവരോട് ചോദിച്ചാല്‍ ഉത്തരത്തില്‍ കാല്പനികത ലവലേശം ഉണ്ടാകണമെന്നില്ല. ജോലി സ്ഥലത്തേക്ക്, ആശുപത്രിയിലേക്ക്, എന്തെങ്കിലും ആവശ്യങ്ങള്‍ സാധിച്ചെടുക്കാന്‍ സര്‍ക്കോരോഫീസിലേക്ക്, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക്, ഒക്കെയുമുള്ള യാത്രകളില്‍ മഴ രസംകൊല്ലിയായി മുന്നില്‍വന്നുചാടിയെന്നുവരും. യാത്രയുടെ നീളത്തിനൊത്ത് മഴ വച്ചുനീട്ടുന്ന പൊല്ലാപ്പുകളുടെ കാഠിന്യവുമേറും.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നനഞ്ഞ് മുഷിഞ്ഞിരിക്കുന്നവരുടെ മുഖത്തേക്കൊന്നുനോക്കൂ. റോഡിലെ പണിയും പാളത്തിലെ മരംവീഴലുമൊക്കെക്കാരണം ദൂരയാത്രകളുടെ സമയക്രമം പരിധിവിട്ട് നീളുകയാണ്. രണ്ടും മൂന്നും നാലും മണിക്കൂറുകളൊക്കെ വൈകിയോടുന്ന തീവണ്ടികള്‍, ഗതാഗതക്കുരുക്കില്‍ ഒരിഞ്ചനങ്ങാനാവാതെ പുകതുപ്പുന്ന ബസ്സുകള്‍. ഇത്തരം സാഹചര്യങ്ങളില്‍ ക്ഷമകെട്ടുപോവുക സ്വാഭാവികമാണ്. ഒഴിവാക്കാനാകാത്ത യാത്രകള്‍ ഇങ്ങനെ മഴയില്‍ കുതിരുമ്പോള്‍ മടുപ്പും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം...

  • യാത്രയ്ക്കിറങ്ങും മുമ്പ് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറക്കരുത്. ചാര്‍ജറും പവര്‍ബാങ്കുമൊക്കെ കൈയില്‍ കരുതുകയുംവേണം.
  • സിനിമകളോ സീരീസുകളോ ഡൗണ്‍ലോഡ് ചെയ്തുവച്ചാല്‍ യാത്രയുടെ മടുപ്പറിയാതെ അവ കണ്ടിരിക്കാം.
  • നനവ് തങ്ങിനില്‍ക്കുന്ന ചെരുപ്പുകള്‍ ഒഴിവാക്കാം. വെള്ളം ഇറങ്ങിപ്പോകുന്ന, ചര്‍മത്തില്‍ ഈര്‍പ്പം ഉണ്ടാക്കാത്ത തരം ചെരുപ്പുകളാണ് മഴക്കാലത്തിന് അനുയോജ്യം.
  • നനഞ്ഞാല്‍ വേഗം ഉണങ്ങുന്നതരം വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക.
  • നനഞ്ഞ കുട, റെയില്‍കോട്ട് തുടങ്ങിയവ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ കൈയില്‍ കരുതാം.
  • യാത്രയ്ക്കിടയില്‍ നെറ്റ് പാക്കേജ് തീര്‍ന്നുപോയാല്‍ സുരക്ഷിതമായ വൈഫൈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
  • പുസ്തകങ്ങളും വായനയുടെ വിരസതയകറ്റാന്‍ സഹായിക്കുന്ന നല്ല ചങ്ങാതിമാരാണ്.
  • ട്രെയിനിനും ബസ്സിനുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പ് പരിധിവിട്ട് നീളുമ്പോള്‍ പഴയ ചങ്ങാതിമാരെയും മറ്റും ഫോണില്‍ വിളിച്ച് സംസാരിക്കാം. 
  • യാത്രയില്‍ കുടിക്കാന്‍ ചൂടുവെള്ളം കൈയില്‍ കരുതുന്നത് നല്ലതാണ്. 
  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.

Content Highlights: travel trips for rainy days