മഴയത്ത് റോഡില്‍ ഒളിച്ചിരിപ്പുണ്ട് മരണം; വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ കനത്തമഴയ്ക്കിടെ കേട്ട ആ കൂട്ടിയിടി ശബ്ദത്തിന്റെ വേദനയിലാണ് ഇന്ന് കേരളം. ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിന് സമീപം കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാര്‍ നിയന്ത്രണംതെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഴയത്ത് ഓവര്‍ടേക്ക് ചെയ്ത് കയറിവന്ന കാര്‍ സ്‌കിഡ് ആയി എതിര്‍ദിശയിലെ ട്രാക്കില്‍ വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഓരോ മഴക്കാലത്തും ഇത്തരം നിരവധി റോഡപകടങ്ങളുടെ വാര്‍ത്തകളാണ് നമ്മള്‍ കേള്‍ക്കുന്നത്. ചെറിയ അശ്രദ്ധമൂലം പ്രിയപ്പെട്ടവരുടെ ജീവന്‍ റോഡില്‍ പൊലിയുമ്പോള്‍ വിങ്ങലോടെ അത് കണ്ടുനില്‍ക്കുകയല്ലാത മറ്റൊന്നും നമുക്ക് ചെയ്യാനാകാറില്ല. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ നാം പുലര്‍ത്തുന്ന അശ്രദ്ധയാണ് മിക്കപ്പോഴും ഇത്തരം ദുരന്തങ്ങളിലേക്ക് വഴിവയ്ക്കുന്നത്. വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് വാഹനാപകട സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇവ കൃത്യമായി ശ്രദ്ധിച്ചാല്‍ ഭൂരിഭാഗം അപകടങ്ങളും നമുക്ക് ഒഴിവാക്കാനാകും.
കുഴിയുണ്ട് സൂക്ഷിക്കുക
മഴ എത്തുന്നതോടെ നാട്ടിലെ ഭൂരിഭാഗം റോഡുകളിലും കുഴികള്‍ രൂപപ്പെടും. ഈ കുഴികളില്‍ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്. പലപ്പോഴും മഴവെള്ളം നിറഞ്ഞുനില്‍ക്കുന്ന കുഴികള്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടില്ല. അതിനാല്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി പരമാവധി മെല്ലെ വാഹനം ഓടിക്കുന്നതാണ് ഉചിതം. ഇത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ടയറിന് വേണം കരുതല്‍
മഴക്കാലം തുടങ്ങുന്നതിന് മുമ്പേയായി തേഞ്ഞുതീരാറായ ടയറുകള്‍ മാറ്റുക. ചെറിയ കാശ് ലാഭത്തിനായി തേഞ്ഞ ടയറുകള്‍ പരമാവധി ഉപയോഗിക്കാം എന്ന് കരുതിയാല്‍ അത് ഒരുപക്ഷേ ജീവന്‍ തന്നെ കവര്‍ന്നേക്കാം. ടയറിന്റെ തേയ്മാനം കൂടുംതോറും ഗ്രിപ്പ് കുറയുമെന്ന് മനസ്സിലാക്കുക. വീല്‍ അലൈന്‍മെന്റ് കൃത്യമായി ചെയ്യുക. നല്ല ടയറുകള്‍ അപകടസാധ്യത കുറയ്ക്കും.
മരണത്തിലേക്ക് അമിതവേഗം വേണ്ട
മഴക്കാലത്ത് റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. വേഗത്തില്‍ വാഹനമോടിച്ച് ഇത്തരം സ്ഥലങ്ങളില്‍ ബ്രേക്ക് ചെയ്യുകയോ മറ്റോ ചെയ്യുമ്പോള്‍ വാഹനം ട്രാക്കില്‍ നിന്ന് തെന്നിമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. കനത്തമഴയുള്ള സമയത്ത് സഡന്‍ ബ്രേക്കിങ്ങും, അനാവശ്യമായ ഓവര്‍ടേക്കിങ്ങുമെല്ലാം അപകടം ക്ഷണിച്ചുവരുത്തും. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ച് വേണം മഴസമയങ്ങളില്‍ സഞ്ചരിക്കാന്‍. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.
ചെക്കപ്പ് മറക്കേണ്ട
മഴക്കാലത്തിന് മുന്നോടിയായി വാഹനം ഒരു റെഗുലര്‍ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ബ്രേക്കുകള്‍, വൈപ്പര്‍, ബള്‍ബുകള്‍, റിഫ്‌ളക്ടറുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, ഇലക്ട്രിക് ഭാഗങ്ങള്‍ എന്നിവ കൃത്യമായി പരിശോധിക്കണം. ഏതെങ്കിലും ഭാഗത്തിന് തകരാര്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കുക. എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക. ഗ്ലാസിലെ ഈര്‍പ്പം എ.സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍ മറക്കരുത്.
മഴയത്ത് വെളിച്ചം തെളിക്കാം
ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റ് ഓണാക്കി വാഹനമോടിക്കുന്നതാണ് എപ്പോഴും നല്ലത്. റോഡ് കൃത്യമായി കാണാനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നമ്മുടെ വാഹനം പെടാനും ഇത് ഉപകാരപ്പെടും.
ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കാം
റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണം. പെയിന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് കുറവായതിനാല്‍ അപകടം പറ്റിയേക്കാം. സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒരുമിച്ചു പിടിച്ചാല്‍ ടയര്‍ ലോക്ക് ആയി നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും സാധ്യതയുണ്ട്.
മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം
ഓരോ ദിവസമുണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍, ഗതാഗത നിയന്ത്രണ മുന്നറിയിപ്പുകള്‍ എന്നിവ കൃത്യമായി ശ്രദ്ധിക്കുക. കനത്ത മഴയാണെങ്കില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
Content Highlights: things to remember while driving in rainy season