ശൂന്യാകാശത്ത് നിന്ന് ആദ്യമായി ഭൂമിയിലേക്ക് സംപ്രേഷണം ചെയ്ത 'ജിംഗിള്‍ ബെല്‍സ്' ക്രിസ്മസ് ഗാനമല്ല

#റവ.ഡോ.ജി.എസ് ഫ്രാന്‍സിസ്
പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആലപിക്കപ്പെട്ട ഗാനം, ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം, ശൂന്യാകാശത്ത് ആദ്യമായി ബ്രോഡ്കാസ്റ്റ് ചെയ്ത ഗാനം...ഓരോ ക്രിസ്മസ് രാവിലും 'ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ഓണ്‍ ദി വേ' എന്ന് പാടുമ്പോള്‍ മനസ്സിലോടിയെത്തേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. ലോകത്തിനെല്ലാം പ്രിയപ്പെട്ട ക്രിസ്മസ് ഗാനമാണിത്. ജിംഗിള്‍ ബെല്‍സ് ഒരിക്കലെങ്കിലും പാടാ
ത്തവരുണ്ടാവില്ല. അതിനെല്ലാമൊപ്പം രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇതൊരു ക്രിസ്മസ് ഗാനമല്ല എന്നത്.  

1850-കളില്‍ ജെയിംസ് ലോര്‍ഡ് പീര്‍പോണ്ട് എന്ന അമേരിക്കന്‍ പിയാനോ ആര്‍ട്ടിസ്റ്റാണ് ഈ ഗാനം എഴുതി ഈണം നല്‍കിയത്. ഈ പാട്ടെഴുതുപ്പെട്ട സാഹചര്യമോ സ്ഥലമോ ഇന്നും അജ്ഞാതമാണ്. മസാച്യൂസെറ്റ്‌സിലെ മെഡ്‌ഫോര്‍ഡിലുള്ള ഫലകത്തില്‍ നിന്നാണ് ഈ പാട്ടിന്റെ പിതാവ് പീര്‍ഫോണ്ടാണെന്ന് ലോകം കണ്ടെത്തിയത്. ഈ സ്ഥലത്ത് 19-ാം നൂറ്റാണ്ടില്‍ പ്രസിദ്ധമായിരുന്ന സ്ലേ റേസുകള്‍ക്ക് ( മഞ്ഞുവണ്ടികളുടെ മത്സരയോട്ടം) വേണ്ടിയാണ് ഈ ഗാനം എഴുതപ്പെട്ടതെന്നും കരുതുന്നു. 

ഗ്രാമത്തിലെ സണ്‍ ഡേ സ്‌കൂളുകളില്‍ കൃതജ്ഞതാ ദിനത്തില്‍ പാടാനായി ഈ പാട്ടിനെ ഉപയോഗിച്ചിരുന്നതായും ചരിത്രമുണ്ട്. പിന്നീട് 1859-ല്‍ ഒലിവര്‍ ഡിറ്റ്‌സണ്‍ ആന്‍ഡ് കമ്പനി ഇതിനെ ഒരു ഉല്ലാസഗാനമായി പുറത്തിറക്കിയെങ്കിലും അത്ര സ്വീകാര്യത ലഭിച്ചില്ല. പിന്നീട് ഈ പാട്ടിന് പല വേര്‍ഷനുകള്‍ വരികയും വരികള്‍ മാറുകയുമെല്ലാം ചെയ്തിരുന്നു. 1902-ല്‍ ഹെയ്‌ഡെന്‍ ക്വാര്‍ട്ടെറ്റ് ജിംഗിള്‍ ബെല്‍സ് ഒരു ക്രിസ്മസ് ഗാനമായി പുറത്തിറക്കിയതോടെ പാട്ടിന് പതിയെ ലോകമെങ്ങും സ്വീകാര്യത ലഭിച്ചു. 

ജെയിംസ് ലോര്‍ഡ് പീര്‍പോണ്ട്

ജിംഗിള്‍ ബെല്‍സ് എന്നാല്‍ കിലുങ്ങുന്ന മണികള്‍ എന്നാണ് അര്‍ത്ഥം. പണ്ട് മഞ്ഞുവണ്ടികള്‍ വരുന്നതറിയാന്‍ അവയിലെ മണികിലുക്കമാണ് സഹായിച്ചിരുന്നത്. ക്രിസ്മസ് രാവില്‍ സാന്താക്ലോസ് സമ്മാനങ്ങളുമായി വരുന്നതും മണികള്‍ കിലുങ്ങുന്ന മഞ്ഞുവണ്ടിയിലാണെന്നാണല്ലോ സങ്കല്പം. 

ചെറുപ്പത്തിന്റെ സന്തോഷങ്ങള്‍ ആവാഹിച്ച ഗാനം കൂടിയാണിത്. ഇന്നത് ക്രിസ്മസ് ഗാനമാണെങ്കില്‍ അതിലെ വരികളില്‍ മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്. അകമ്പടിക്കാരില്ലാതെ പ്രണയിനികള്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന വാഹനമാണ് മഞ്ഞുവണ്ടി. പണ്ടത്തെക്കാലത്ത് അത്തരമൊരു അവസരം അത്രയെളുപ്പം കിട്ടുന്നതുമല്ലല്ലോ. മണികിലുക്കി ഒഴിഞ്ഞ വഴികളിലേക്കും പാടങ്ങളിലേക്കുമെല്ലാം യാത്രപോകുന്ന മഞ്ഞുവണ്ടിയും അതിലെ യാത്രക്കാരായ പുരുഷനെയും സ്ത്രീയെയും വഴിതെറ്റി മഞ്ഞില്‍ വീണുപോകുന്നതും അതിലെ തമാശയും എല്ലാം നിറഞ്ഞ ഗാനമാണ് ഇത്. 

എല്‍വിസ് പ്രെസ്ലി, ലൂയിസ് ആംസ്‌ട്രോങ്, ബീറ്റില്‍സ്... എന്നിങ്ങനെ മുന്‍നിര ഗായകരെല്ലാം ഈ ഗാനത്തെ തങ്ങളുടെ ആല്‍ബങ്ങളില്‍ പലരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ആര്‍ക്കും പാടാന്‍ കഴിയുമെന്നതാണ് ഇതിനെ ഇത്ര ജനപ്രിയമാക്കുന്നത്. 1890 മുതല്‍ 1954 വരെ തുടര്‍ച്ചയായി 64 വര്‍ഷം ആഗോള ഹിറ്റ് ചാര്‍ട്ടില്‍ ഈ ഗാനം ഇടംപിടിച്ചു. 

ജെമിനി 6 ലെ യാത്രികരായിരുന്ന ടോം സ്റ്റാബോര്‍ഡും വാലി സിറയും

ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് സംപ്രേഷണം ചെയ്ത ആദ്യഗാനവും ജിംഗിള്‍ ബെല്‍സാണ്. ജെമിനി 6-ലെ യാത്രികരായിരുന്ന ടോം സ്റ്റാബോര്‍ഡും വാലി സിറയുമായിരുന്നു അതിനുപിന്നില്‍. 1965 ഡിസംബര്‍ 16-ന് മിഷന്‍ കണ്ട്രോള്‍ സെന്ററിലേക്ക് ഒരു റിപ്പോര്‍ട്ട് വന്നു. എല്ലാവരും ആംകാംഷയോടെ അത് തുറന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് പാടുന്ന ജിംഗിള്‍ ബെല്‍സാണ് അവിടെ മുഴങ്ങിയത്. ആരുമറിയാതെ കൊണ്ടുപോയ ചെറിയൊരു ഹാര്‍മോണിയവും സ്ലേബെല്‍സിന്റെയും അകമ്പടിയോടെയായിരുന്നു ഗാനം. 

Content Highlights: the history of jingle bells