ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ തിളങ്ങുന്ന, ഫിലിപ്പൈന്‍സിലെ കൂറ്റന്‍ വിളക്കുകള്‍

എല്ലാ വര്‍ഷവും ഡിസംബര്‍ മധ്യത്തോടെ ഫിലിപ്പൈന്‍സിലെ സാന്‍ ഫെര്‍ണാണ്ടോ നഗരത്തില്‍ നടക്കുന്ന വര്‍ണാഭമായ ആഘോഷമാണ് ജയന്റ് ലാന്റേണ്‍ ഫെസ്റ്റിവല്‍. ഉത്സവത്തിന്റെ അരങ്ങാകുന്നതിനാല്‍ ഈ നഗരത്തിന് 'ഫിലിപ്പൈന്‍സിന്റെ ക്രിസ്മസ് തലസ്ഥാനം' എന്നാണ് പേര്. പരോള്‍ എന്ന് വിളിക്കപ്പെടുന്ന അതിമനോഹരമായ കൂറ്റന്‍ വിളക്കുകളുടെ വിസ്മയപ്രദര്‍ശനമാണ് ഉത്സവം. 30 അടി വരെ വ്യാസമുള്ള ഈ വിളക്കുകള്‍ പ്രാദേശികസമൂഹങ്ങളുടെ അസാധാരണമായ കരകൗശലത്തിനും കലാചാതുര്യത്തിനും തെളിവാണ്.
ലളിതമായ ഒരു വിളക്ക് പണ്ടെങ്ങോ ബാക്കലര്‍ നഗരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.അവിടെ നിന്നാണ് ഉത്സവത്തിന്റെ തുടക്കം. 1904-ല്‍ പ്രവിശ്യാതലസ്ഥാനം സാന്‍ ഫെര്‍ണാണ്ടോയിലേക്ക് മാറിയപ്പോള്‍, ഈ ഉത്സവം 'ലിഗ്ലിഗന്‍ പാരുള്‍' എന്ന പേരില്‍ കൂടുതല്‍ വിപുലമായ ഉത്സവമായി പരിണമിച്ചു. ആദ്യമൊക്കെ ക്രിസ്മസിന് മുമ്പുള്ള ഒമ്പത് ദിവസത്തെ നൊവേനയില്‍ മതപരമായ ആവശ്യങ്ങള്‍ക്കായി ചെറിയ വിളക്കുകള്‍ തൂക്കുന്നതായിരുന്നു രീതി. കാലക്രമേണ, വിളക്കുകള്‍ വളര്‍ന്നു. പ്രാദേശികജനത ഒന്നടങ്കം വിളക്കുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും അത് ശക്തമായ ഐക്യബോധം വളര്‍ത്തുകയും ചെയ്തു.
1931-ല്‍ വൈദ്യുതി വന്നതോടെ ഉത്സവത്തിന്റെ സ്വഭാവം മാറി. വിളക്കും വെളിച്ചവും സംഗീതവുമായി സമന്വയിപ്പിച്ചതോടെ കാഴ്ചയുടെ ഭംഗിയേറി. കളര്‍ എല്‍ഇഡി ലൈറ്റുകളുടെയും ഉപയോഗം പോലുള്ള പുതുമകള്‍ ഉത്സവത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് ഉത്സവം കലാവൈദഗ്ധ്യത്തിന്റെ പ്രദര്‍ശനം മാത്രമല്ല, പ്രാദേശിക ഐക്യത്തിന്റെയും ഫിലിപ്പിനോ സംസ്‌കാരത്തിന്റെയും പ്രതീകം കൂടിയാണ്. വിളക്കുകളൊരുക്കാന്‍ മത്സരിക്കുന്ന അയല്‍പക്കങ്ങള്‍ ക്രിസ്മസിന്റെ ചൈതന്യത്തെ ഇരട്ടിയാക്കുന്നു. എല്ലാ ഡിസംബറിലും സാന്‍ ഫെര്‍ണാണ്ടോയിലേക്ക് ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ ഒഴുക്കാണ്. തിരുപ്പിറവി മുതല്‍ പുതുവര്‍ഷപ്പിറവി വരെ ഫിലിപ്പൈന്‍സിന്റെ ആകാശം നിറങ്ങളാല്‍ നിറയ്ക്കുകയാണ് ഈ ലാന്റേണ്‍ ഉത്സവം.
Content Highlights: the giant lantern festival in philippines