ക്ലിയോപാട്രയുടെ ഏക മകള്‍, പ്രതിശ്രുതവരന്‍ സ്വന്തം സഹോദരന്‍, മായ്ഞ്ഞുപോയ ഇരട്ട സഹോദരങ്ങള്‍

ക്ലിയോപാട്ര സെലിന്‍/ Wikipedia
ക്ലിയോപാട്ര സെലിന്‍/ Wikipedia

ഈജിപ്ഷ്യന്‍ റാണിയായി വാണ ക്ലിയോപാട്ര തന്റെ അസാമാന്യമായ ബുദ്ധിസാമര്‍ഥ്യത്തിനും നേതൃത്വഗുണത്തിനും ഒരുപോലെ പ്രശസ്തയാണ്. സൗന്ദര്യത്തിന്റെ അവസാന വാക്കായും ക്ലിയോപാട്ര വിലയിരുത്തപ്പെടുന്നു. എന്നാല്‍, കഥകളിലൂടെ പ്രശസ്തയായ ക്ലിയോപാട്ര VII-യെക്കാള്‍ ശക്തയായിരുന്നു ക്ലിയോപാട്രയുടെ മകള്‍. 

നാല് മക്കളായിരുന്നു ക്ലിയോപാട്രയ്ക്ക്. ആദ്യത്തേത് മകന്‍. സീസറുമായുള്ള ബന്ധത്തില്‍ ജനിച്ച മകന്റെ പേര് സിസേറിയന്‍. സീസറുടെ മരണശേഷമാണ് മാര്‍ക്ക് ആന്റണി, ക്ലിയോപാട്രയെ കാണുന്നതും അടുക്കുന്നതും. ആന്റണിക്കും ക്ലിയോപാട്രയ്ക്കും മൂന്നു കുട്ടികള്‍. ഒരു മകളും ഇരട്ട ആണ്‍കുട്ടികളും. സഹോദരങ്ങള്‍ വിവാഹം കഴിക്കുന്ന രീതിയാണ് ഈജിപ്റ്റിലെ ടോളമി രാജവംശം പിന്തുടര്‍ന്നിരുന്നത്. സിസേറിയനെയും മകളെയും വിവാഹം കഴിപ്പിക്കാമെന്നായിരുന്നു ക്ലിയോപാട്രയുടെ പദ്ധതി. സീസറുടെ മകനും ഈജിപ്ഷ്യന്‍ രാജകുമാരിയും തമ്മിലുള്ള രാഷ്ട്രീയബന്ധം തനിക്ക് ഗുണം ചെയ്യുമെന്ന് അവര്‍ കണക്കുകൂട്ടി.

മാര്‍ക്ക് ആന്റണി (wikipedia)

പക്ഷേ, ആന്റണിയുടെയും ക്ലിയോപാട്രയുടെയും പ്രണയത്തെ റോമിന്റെ ഭരണാധികാരിയും ആന്റണിയുടെ ഭാര്യാസഹോദരനുമായ ഒക്ടേവിയന്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ജയിച്ചത് ഒക്ടേവിയനാണ്. അതോടെ, ആന്റണിയും ക്ലിയോപാട്രയും ആത്മഹത്യ ചെയ്തു. 

അനാഥരായിപ്പോയ മക്കളില്‍ സിസേറിയന് അന്ന് പതിനേഴു വയസ്സ്. ജൂലിയസ് സീസറുടെ ദത്തുപുത്രനായ ഒക്ടേവിയന് സീസറുടെ യഥാര്‍ത്ഥ മകന്‍ ജീവിച്ചിരിക്കന്നത് വലിയ ഭീഷണിയായി. ഒക്ടേവിയന്‍ ആ പതിനേഴുകാരന്റെ തല വെട്ടി. മറ്റ് മൂന്ന് കുട്ടികളെയും ആന്റണിയുടെ ഭാര്യയും ഒക്ടേവിയന്റെ അനിയത്തിയുമായ ഒക്ടേവിയ ഏറ്റെടുത്തു. ഇരട്ടകളായ ആണ്‍കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. പക്ഷേ, ആ പെണ്‍കുട്ടി അതിജീവിച്ചു.

ഒക്ടേവിയന്‍ (wikipedia)

ചരിത്രത്തില്‍ അവളും അറിയപ്പെടുന്നത് ക്ലിയോപാട്ര എന്നുതന്നെ. ക്ലിയോപാട്ര സെലിന്‍ എന്ന് പൂര്‍ണ്ണനാമം. നുമീഡിയയുടെയും മൗറിറ്റാനിയയുടെയും രാജാവായിരുന്ന ജൂബ രണ്ടാമനെയാണ് അവള്‍ വിവാഹം കഴിച്ചത്.  

അലെക്സാന്‍ഡ്രിയയില്‍ നിന്ന് അമ്മയുടെ രാജ്യസഭയില്‍ ഉണ്ടായിരുന്ന വിശ്വസ്തരെ സെലിന്‍ തനിക്കൊപ്പം കൂട്ടി. അവരുടെ സഹായത്തോടെ അവളും ഭര്‍ത്താവും രാജ്യത്തെ ശക്തിപ്പെടുത്തി. ക്ലിയോപ്ട്ര സെലിന്റെ ഭരണകാലത്ത് പുറത്തിറക്കിയ നിരവധി നാണയങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണത്തോടെ സെലിന്‍ ഭരണം പൂര്‍ണമായും ഏറ്റെടുത്തു. അവളുടെ ഭരണകാലത്ത് രാജ്യം സമ്പദ്‌സമൃദ്ധമായിരുന്നു എന്ന് ചരിത്രം പറയുന്നു.  


 

Content Highlights: the children of cleopatra VII