നീന്തുന്ന ഒട്ടകം; ലോകത്ത് ഈ ഇന്ത്യന്‍ സംസ്ഥാനത്തില്‍ മാത്രമേ ഇവയുള്ളൂ

മരുഭൂമിയുടെ രാജാക്കന്മാരാണ് ഒട്ടകങ്ങള്‍. നീളന്‍ കാലുകളും മുതുകില്‍ കൂനും മെലിഞ്ഞുനീണ്ട കഴുത്തും വരണ്ട മണ്ണിന്റെ നിറവും... ദീര്‍ഘനാള്‍ വെള്ളമോ ഭക്ഷണമോ വേണ്ട എന്നതാണ് ഒട്ടകങ്ങളുടെ പ്രത്യേകത. ദിവസവും ഇവയ്ക്ക് 20 കിലോമീറ്റര്‍ വരെ നടക്കാനാകും. നൂറ് കിലോയിലധികം ഭാരം അനായാസമായി ചുമക്കുകയും ചെയ്യും.
തെളിനീരില്ലാത്ത മരുഭൂമിയില്‍ ജീവിക്കാന്‍ പ്രകൃതി പരുവപ്പെടുത്തിയ ഒട്ടകങ്ങള്‍ക്കിടയില്‍ നീന്താന്‍ കഴിവുള്ള ഒരു കൂട്ടരുണ്ട്. അവയെ ഖരായി ഒട്ടകങ്ങള്‍ എന്ന് വിളിക്കുന്നു. ഒന്‍പത് തരം ഒട്ടകങ്ങളാണ് ഇന്ത്യയിലുള്ളത്. അതില്‍ ഗുജറാത്ത് സംസ്ഥാനത്തില്‍ മാത്രം കാണപ്പെടുന്നവയാണ് ഖരായി ഒട്ടകങ്ങള്‍.
ഖര എന്നാല്‍ ഗുജറാത്തില്‍ ഉപ്പ് എന്നാണര്‍ത്ഥം. കച്ചിലെ ഉപ്പുള്ള ചതുപ്പുനിലങ്ങളിലാണ് ഇവയെ കാണാറുള്ളത്. നാലായിരത്തോളം ഖരായി ഒട്ടകങ്ങളാണ് കാച്ചിലുള്ളത്. കണ്ടലുകളാണ് ഇവയുടെ മുഖ്യ ആഹാര സ്രോതസ്സ്. കടല്‍ നീന്തിക്കടന്ന് ഇവ അടുത്തുള്ള കണ്ടല്‍ ദ്വീപുകളിലേക്ക് തീറ്റ തേടിപ്പോകും. 3 കിലോമീറ്റര്‍ വരെ സുഗമമായി നീന്താന്‍ ഇവയ്ക്ക് കഴിയും. കടലിനു കുറുകെ നീന്തുന്നതുകൊണ്ട് ദരിയതാരു എന്ന പേരും ഇവയ്ക്കുണ്ട്.
കച്ചിലെ ഗോത്രവര്‍ഗ്ഗക്കാരുമായി സഹജീവനത്തിലാണ് ഖരായി ഒട്ടകങ്ങള്‍. ഖരായി ഒട്ടകങ്ങളെ ഇണക്കി വളര്‍ത്തുന്ന പതിവില്ല. പക്ഷേ പരമ്പരാഗതമായി ഈ ഒട്ടകങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഇവിടുത്തെ റാബറി, ഫാക്കിനാരി ജാട്ട് സമുദായങ്ങള്‍.
കണ്ടല്‍ക്കാടുകള്‍ നശിക്കുന്നതും തീരത്ത് വ്യവസായവത്കരണം നടക്കുന്നതും ഖരായി ഒട്ടകങ്ങളുടെ അംഗസംഖ്യയെ ബാധിക്കുന്നുണ്ട്. ഈ ഒട്ടകങ്ങളുടെ സംരക്ഷണത്തിന് എത്രയും പെട്ടെന്ന് നടപടികള്‍ വേണമെന്ന് മുറവിളി കൂട്ടുകയാണ് പരിസ്ഥിതിവാദികള്‍.
Content Highlights: the rare kharai camel breed in gujarat that swims