താനൊരിക്കലും പാൻമസാല പരസ്യങ്ങൾ ചെയ്യില്ലെന്ന് സണ്ണി ഡിയോൾ; കാരണമിതാണ്

സണ്ണി ഡിയോൾ | AFP
സണ്ണി ഡിയോൾ | AFP

താരങ്ങളിലേറെ പേരും പല പരസ്യങ്ങളിൽ അഭിനയിക്കുന്നവരാണ്. അതിൽനിന്ന് കോടികൾ സമ്പാദിക്കുന്നവരുമുണ്ട്. ചുരുക്കം ചില താരങ്ങളാണ് പരസ്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാറുള്ളത്. പാൻ മസാലയുടെ പരസ്യ കാമ്പയിനിൽനിന്ന് മുമ്പ് അമിതാഭ് ബച്ചൻ പിൻമാറിയിരുന്നു. സിഗരറ്റ് പരസ്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നയാളാണ് സച്ചിൻ ടെണ്ടുൽക്കർ.

പാൻ മസാല പരസ്യങ്ങളുമായി ഒരിക്കലും സഹകരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ സണ്ണി ഡിയോൾ ഇപ്പോൾ. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർ പാൻ മസാല പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ (FDA) നിന്ന് നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ശുഭങ്കർ മിശ്രയുമായുള്ള യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് ബ്രാൻഡ് എൻഡോഴ്സ്മെന്റുകളെക്കുറിച്ചും താൻ വിശ്വസിക്കാത്ത ഉത്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഓഫറുകൾ പലപ്പോഴും നിരസിച്ചതിന്റെ കാരണത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞത്. ''ഞാൻ പാൻ മസാല പരസ്യങ്ങൾ ഒരിക്കലും ചെയ്യില്ല. ഞാൻ അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല. എനിക്ക് ഓഫറുകൾ ഒരുപാട് ലഭിക്കുന്നുണ്ട്. പക്ഷേ ഞാനത് ചെയ്യില്ല. എനിക്ക് വിശ്വസിക്കാത്ത എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ കാര്യങ്ങളോട് ഞാൻ യോജിക്കുന്നില്ല. ഇത് പ്രൊമോട്ട് ചെയ്യുന്നത് നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നില്ല''.

മനസ്സാക്ഷി അനുവദിക്കാത്തതിനാൽ താൻ പൂർണ്ണമായും നിരസിച്ച ചില കാര്യങ്ങളുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ''എന്റെ മനസ്സാക്ഷി അനുവദിക്കാത്തതിനാൽ ഞാൻ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്, ചെയ്യേണ്ടവ ഞാൻ ചെയ്യുന്നു'', അദ്ദേഹം പറഞ്ഞു.

നിരോധിക്കപ്പെട്ട ഉത്പന്നമായ പാൻ മസാല പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവരെ ഫുഡ് ആന്റ് ഡ്രഗ് അസോസിയേഷൻ ചോദ്യം ചെയ്യുന്നതിനിടെയാണ് സണ്ണിയുടെ ഈ അഭിപ്രായം വന്നിരിക്കുന്നത്.

ഈ പ്രചാരണം നിരോധിക്കപ്പെട്ട പാൻ മസാലയുടെയോ പുകയില ഉത്പന്നങ്ങളുടെയോ പരോക്ഷമായ പ്രൊമോഷനായി കണക്കാക്കാമെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള വിശദീകരണം സമർപ്പിക്കാനും ഇതിൽ നിർദ്ദേശിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചില്ലെങ്കിലോ, ലഭിക്കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാലോ, നിലവിലുള്ള നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നൽകി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sunny Deol firmly stated he will never endorse pan masala advertisements. He rejected multiple lucrative offers because they clash with his personal values and conscience