'നേപ്പാൾ എന്റെ മാതൃഭൂമി, അമ്മയും മുത്തശ്ശിയും അവിടെ നിന്നുള്ളവർ'- സഹായമഭ്യർഥിച്ച് സുനിത

സുനിത അഹുജ | PTI
സുനിത അഹുജ | PTI

നേപ്പാളിലുണ്ടായ പ്രളയക്കെടുതിയിൽ (Nepal Floods) വേദന പങ്കുവെക്കുകയാണ് ബോളിവുഡ് നടൻ ഗോവിന്ദയുടെ ഭാര്യയും ടിവി താരവുമായ സുനിത അഹുജ. നേപ്പാളിൽ കുടുംബബന്ധങ്ങളുള്ളയാളാണ് സുനിത. രാജ്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനാഗ്രഹിക്കുന്നുവെന്നും

അത് ഏറ്റവും ആവശ്യമുള്ള ആളുകളിൽ എത്തുമെന്ന് ഉറപ്പാക്കാനുള്ള വഴി നോക്കുകയാണെന്നും സുനിത പറഞ്ഞു.

"എന്റെ സംഭാവന അർഹരായവരിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുന്ന ഒരാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. എന്നാലാവുന്നത്ര സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവരെനിക്ക് വളരെ അടുത്തവരാണ്, നേപ്പാൾ എന്റെ മാതൃഭൂമിയാണ്."- ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ സുനിത പറഞ്ഞു

"നേപ്പാളിലുണ്ടായ ഈ വലിയ പ്രളയം ഹൃദയഭേദകമാണ്. ഞാൻ അവിടെയല്ല ജനിച്ചത്, പക്ഷേ എന്റെ അമ്മയും മുത്തശ്ശിയും കാഠ്മണ്ഡുവിൽ നിന്നുള്ളവരാണ്. എല്ലാ പുതുവർഷത്തിലും മകളോടൊപ്പം നേപ്പാൾ സന്ദർശിക്കാറുണ്ട്. ജനുവരി ഒന്നിന് പശുപതിനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ഞങ്ങൾ വർഷം ആരംഭിക്കുന്നത്."-സുനിത പറഞ്ഞു.

ദുരന്തബാധിതരെ സഹായിക്കാൻ ചലച്ചിത്രമേഖലയിലെ അംഗങ്ങൾ മുന്നോട്ട് വരണമെന്നും സുനിത അഭ്യർഥിച്ചു.

നേപ്പാളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നേപ്പാളിലെയും ചൈനയിലെയും ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 1,000 കവിഞ്ഞതായി അധികൃതർ അറിയിച്ചു.

രാജ്യത്ത് 987 മരണം സ്ഥിരീകരിച്ചതായി നേപ്പാൾ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 583 വിദേശികൾ ഉൾപ്പെടെ 3,916 പേരെ ഇനിയും കണ്ടെത്താനുണ്ട്.

നാശനഷ്ടങ്ങളുടെ വ്യാപ്തി കാരണം ആയിരക്കണക്കിന് ആളുകളാണ് ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. നേപ്പാളി അധികൃതരുടെ കണക്കുകൾ പ്രകാരം ഇതുവരെ കുറഞ്ഞത് 11,814 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എത്താൻ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകളും മറ്റ് വിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sunita Ahuja appeals for donations and relief support for flood-hit Nepal., She highlights her personal connection, stating her mother and grandmother are from Kathmandu., Sunita urged the film industry to step up and contribute to the disaster relief., Nepal floods and landslides triggered by an August 26 glacial collapse resulted in massive casualties.