ലയണൽ മെസ്സിയെ ഷാരൂഖ് ഖാൻ കാണും, ആരാധകർക്ക് ആവേശം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യയിൽ സന്ദർശനം നടത്തുകയാണ്. ഗോട്ട് ഇന്ത്യ ടൂർ എന്നു പേരുനൽകിയിരിക്കുന്ന യാത്രയിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിങ്ങനെ നാല് പ്രധാന നഗരങ്ങളിലാണ് മെസ്സിയെത്തുക. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ഈ വരവിൽ മെസ്സിയെ കാണുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഡിസംബർ 13-ന് കൊൽക്കത്തയിൽ വെച്ചാണദ്ദേഹം മെസ്സിയെ കാണുക.
ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സഹ ഉടമയായ ഷാരൂഖ് വ്യാഴാഴ്ച X ലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കാണാം എന്നാണദ്ദേഹം എക്സിൽ കുറിച്ചത്.
മയാമിയിൽ നിന്ന് യാത്ര തിരിച്ച മെസ്സി ഏകദേശം ശനിയാഴ്ച പുലർച്ചെ 1.30-ന് കൊൽക്കത്തയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പതരയോടെ കൂടിക്കാഴ്ചകളാരംഭിക്കും. നഗരത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും മെസ്സി കാണും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈദരാബാദിലേക്ക് തിരിക്കും. അവിടെ, രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 7v7 പ്രദർശന ഫുട്ബോൾ മത്സരത്തിന്റെ ഭാഗമാകും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പരിപാടിയിൽ അദ്ദേഹത്തോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിൽ യുവ കളിക്കാർക്കായുള്ള പ്രത്യേക ഫുട്ബോൾ ക്ലിനിക്കിലും മെസ്സി പങ്കെടുക്കും. മെസ്സിയുടെ കരിയർ ആഘോഷിക്കുന്ന സംഗീത പരിപാടിയോടെയായിരിക്കും ഈ സായാഹ്നം സമാപിക്കുക. ഹൈദരാബാദിലെ പരിപാടികൾക്ക് ശേഷം, മെസ്സി മുംബൈയിലേക്കും പിന്നീട് ഡൽഹിയിലേക്കും യാത്ര ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lionel Messi`s GOAT Tour 2025 arrives in India, with Shah Rukh Khan confirmed to meet the football legend in Kolkata. Don`t miss this epic crossover!