ഗിസയിലെ പുരാതനശില്‍പം സ്ഫിങ്സുമായി രൂപസാദൃശ്യം തോന്നുന്ന പൂച്ച

സ്ഫിൻക്സ് ക്യാറ്റ് | ഫോട്ടോ: Getty Images
സ്ഫിൻക്സ് ക്യാറ്റ് | ഫോട്ടോ: Getty Images

രോമങ്ങളില്ലാതെ, ചുളിവുകളോടുകൂടിയ ശരീരം. വലിയ ചെവിയും ഉണ്ടക്കണ്ണുകളും. ഒറ്റനോട്ടത്തില്‍ ഭീതിപ്പെടുത്തുന്നതും തൊടാന്‍ മടിക്കുന്നതുമായ രൂപം. ഏറ്റവും വിലകൂടിയതും എന്നാല്‍ വളരെ അപൂര്‍വ ഇനത്തില്‍പെട്ടതുമായ ക്യാറ്റ് ബ്രീഡുകളില്‍ ഒന്ന്. ജനിതകമാറ്റങ്ങള്‍ കാരണം മറ്റു പൂച്ചകളില്‍നിന്നും വ്യത്യസ്തമായവ... പ്രത്യേകതകള്‍ ഏറെയുണ്ട് സ്ഫിങ്സ് ക്യാറ്റ് എന്നറിയപ്പെടുന്ന കനേഡിയന്‍ ഹെയര്‍ലെസ്സ് പൂച്ചകള്‍ക്ക്. 

സ്ഫിങ്സ് ‌പൂച്ചകൾ

മെലിഞ്ഞ, നീളമുള്ള വാലുകളുള്ള സ്ഫിങ്സ് പൂച്ചകളുടെ തലയിലും ഉദരത്തിലും കാലുകളിലുമായി ചുളിവുകളുണ്ട്. എന്നാല്‍ ഇവ ഒട്ടും രോമങ്ങളില്ലാത്തവയല്ല. ത്വക്കിന്റെ നിറത്തോട് ചേര്‍ന്ന നീളമില്ലാത്ത മൃദുലമായ രോമങ്ങളുണ്ടിവയ്ക്ക്. ഇവയ്ക്ക് മീശയും കണ്‍പീലിയും ഉണ്ടായിരിക്കില്ല.

വളര്‍ത്തുമൃഗങ്ങളുടെ രോമം വഴി അലര്‍ജിയുണ്ടാകുന്ന പലരുടെയും ഇഷ്ട ബ്രീഡാണ് ഇത്. ഈ പ്രത്യേകത കാരണം ഇവയെ വീടിനകത്ത് വളര്‍ത്താന്‍ സുരക്ഷിതമാണ്. എന്നാല്‍ വളരെയധികം കരുതലും ഗ്രൂമിങ്ങും ഈ സ്ഫിങ്സ് ക്യാറ്റുകള്‍ക്ക് അത്യാവശ്യമാണ്. ശരീരത്തിലെ എണ്ണമയം പോകാനായി ദിവസേന ശരീരം വൃത്തിയാക്കുകയും തണുപ്പ്, ചൂട് എന്നിവയില്‍നിന്നും സംരക്ഷിക്കുകയും വേണം. അമിതമായി ചൂടേല്‍ക്കുന്നത് ഇവയുടെ ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നതിന് കാരണമാകുന്നു. കൂടാതെ ഇവയുടെ നീളമുള്ള, വലിയ ചെവികളും വൃത്തിയായി സൂക്ഷിക്കണം.

രൂപത്തില്‍ ഭീകരനാണെങ്കിലും സ്വഭാവത്തില്‍ സൗമ്യനാണ് ഈ പൂച്ചകള്‍. ഇവ ഭാഗ്യവും സമ്പത്തും ആയുരാരോഗ്യവും നല്‍കുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം. ആളുകളുമായി നന്നായി ഇണങ്ങുന്ന, വളരെ ഉന്മേഷത്തോടെ ഓടിച്ചാടി നടക്കുന്ന, വിവേകമുള്ളവ. നായകളുടേതുപോലെ ഉടമയോട് അതിയായ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. ഉടമയുമായി അതിയായ വൈകാരിക ബന്ധത്തില്‍ അകപ്പെട്ട്, പിന്നീട് സ്‌നേഹം നഷ്ടപ്പെടുകയോ, സ്‌നേഹത്തില്‍ കുറവുവരുകയോ ചെയ്യുമ്പോള്‍ ഇവ മാനസിക സമ്മര്‍ദത്തില്‍ അകപ്പെടുകയും ചെയ്യാറുണ്ട്.

കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെയുള്ള വെറ്ററിനറി ഹെല്‍ത്ത് ചെക്കപ്പും ഇത്തരം ബ്രീഡുകള്‍ക്ക് ആവശ്യമാണെന്ന് വെറ്ററിനറി വിദഗ്ധന്മാര്‍ പറയുന്നു. പഠനങ്ങള്‍ പ്രകാരം ഇവയ്ക്ക് ആയുര്‍ദൈര്‍ഘ്യം വളരെ കുറവാണ്. മറ്റു ബ്രീഡുകള്‍ക്ക് ഏകദേശം 12 മുതല്‍ 15 വര്‍ഷംവരെയെങ്കില്‍ ശരാശരി 6.8 വര്‍ഷം മാത്രമെ ഇവ ജീവിക്കുന്നുള്ളൂ. ഹൃദയസംബന്ധമായ അസുഖങ്ങളും ഇവയ്ക്ക് പെട്ടെന്ന് പിടിപെടാം.

കാനഡയാണ് സ്ഫിങ്സ് ക്യാറ്റിന്റെ ജന്മനാട്. 1960 കളിലെ സെലക്ടീവ് ബ്രീഡിങ് പരീക്ഷണങ്ങളിലൂടെ, നീളംകുറഞ്ഞ രോമങ്ങളുള്ള പൂച്ചകളില്‍ സ്വയമേയുണ്ടായ ജനിതക മാറ്റങ്ങളുടെ (Mutation) ഫലമായാണ് ഈ ഇനം പൂച്ചകള്‍ ഉണ്ടാകുന്നത്. എന്നാല്‍ രോമങ്ങളില്ലാത്ത പീറ്റര്‍ബാള്‍ഡ്, ഡോണ്‍സ്‌കോയ് എന്നീ റഷ്യന്‍ ക്യാറ്റ് ബ്രീഡുകളില്‍ നിന്നും വ്യത്യസ്തമാണിവ.

സ്ഫിങ്സ് എന്ന അറബിക് പദത്തില്‍നിന്നാണ് പുതിയ ക്യാറ്റ് ബ്രീഡിന് ഈ പേര് നല്‍കുന്നത്. അതിപുരാതന ഈജിപ്തിലെ ഗിസയിലെ സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലമുമുള്ള, സ്ഫിങ്സ് എന്ന നിഗൂഢ നിര്‍മിതിയില്‍നിന്നുമാണ് ഈ പദത്തിന്റെ ഉല്‍പത്തിയെന്ന് കരുതപ്പെടുന്നു. ഈജിപ്തിലെ പൂച്ചകളുടെ ദേവതയായ ബാസ്റ്റെറ്റുമായും ഇവയ്ക്ക് രൂപസാദൃശ്യമുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Specialties of the unique Sphynx cat breed, including their care, personality, health, and origin